Kerala
കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച മുതൽ പുതിയ ബ്ലോക്കിൽ
മെഡി. കോളജ്- കാരന്തൂർ റോഡിലാണ് പുതിയ കാഷ്യാലിറ്റിയിലേക്കുള്ള പ്രധാന വഴി
![](https://assets.sirajlive.com/2023/03/kozhikkod-medical-college-new-casuality-897x538.jpg)
കോഴിക്കോട് | മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച മുതൽ പൂർണമായി പുതിയ ബ്ലോക്കിലേക്ക്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കാഷ്വാലിറ്റിയിലെ രോഗികളെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപം പുതുതായി സ്ഥാപിച്ച സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കാണ് മാറ്റുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൂപ്രണ്ട് ഡോ. ശ്രീജയൻ അറിയിച്ചു.
മെഡി. കോളജ്- കാരന്തൂർ റോഡിലാണ് പുതിയ കാഷ്യാലിറ്റിയിലേക്കുള്ള പ്രധാന വഴി. അത്യാഹിത വിഭാഗത്തിലേക്കുള്ള ആംബുലൻസുകളും മറ്റ് വാഹനങ്ങളും ശനിയാഴ്ച മുതൽ പഴയ കാഷ്വാലിറ്റി ഗേറ്റ് വഴി പ്രവേശിക്കരുത്.
പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനം ഈ മാസം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടി നിർമിച്ച പുതിയ ബ്ലോക്കിൽ ആറ് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര വിഹിതമായ 120 കോടിയും സംസ്ഥാന വിഹിതമായ 75.93 കോടിയും ഉൾപ്പെടെ 195.93 കോടി രൂപ ചെലവഴിച്ചതാണ് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചത്. ഏഴ് നിലകളിലായി രോഗീ സൗഹൃദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.