Uae
അടിയന്തര ലോജിസ്റ്റിക് സേവനങ്ങള്‍; യു എ ഇയില്‍ ആഗോള കേന്ദ്രം സ്ഥാപിക്കും
ആഗോള ആരോഗ്യ അത്യാഹിതങ്ങള്‍ക്കുള്ള ലോജിസ്റ്റിക്സ് മേഖലയിലെ ഓര്‍ഗനൈസേഷന്റെ ആസ്ഥാനമായി യു എ ഇ മാറിയിരിക്കുന്നു.
അബൂദബി|അടിയന്തര ലോജിസ്റ്റിക് സേവനങ്ങള്‍ക്കായി ഒരു ആഗോള കേന്ദ്രം സ്ഥാപിക്കാന്‍ യു എ ഇയും ലോകാരോഗ്യ സംഘടനയും കരാര്‍ ഒപ്പിട്ടു. കൂടാതെ, ഛാഡിലെ സുഡാന്‍ അഭയാര്‍ഥികളെ പിന്തുണക്കുന്നതിന് ലോകാരോഗ്യ സംഘടന യു എ ഇയുമായി മൂന്ന് ദശലക്ഷം യു എസ് ഡോളറിന്റെ ധനസഹായ കരാറിലും ഒപ്പുവെച്ചു. അബൂദബിയിലെ ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. മൈക്കല്‍ റയാനും അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാശിമിയുമാണ് രണ്ട് കരാറുകളിലും ഒപ്പുവച്ചത്.
ആഗോള ആരോഗ്യ അത്യാഹിതങ്ങള്‍ക്കുള്ള ലോജിസ്റ്റിക്സ് മേഖലയിലെ ഓര്‍ഗനൈസേഷന്റെ ആസ്ഥാനമായി യു എ ഇ മാറിയിരിക്കുന്നു. നിലവിലുള്ള ശക്തമായ ലോജിസ്റ്റിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, യു എ ഇയുടെ തന്ത്രപ്രധാനമായ സ്ഥാനം, ലോകമെമ്പാടുമുള്ള ആരോഗ്യ അടിയന്തരാവസ്ഥകളോട് പ്രതികരിക്കാനുള്ള ആവശ്യത്തിലെ വര്‍ധനവ് എന്നിവ കണക്കിലെടുത്താണ് നടപടി. സമീപ വര്‍ഷങ്ങളില്‍, ലോകമെമ്പാടുമുള്ള ആരോഗ്യ അത്യാഹിതങ്ങളോടുള്ള പ്രതികരണമായി കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ആരോഗ്യ വിതരണങ്ങളുടെ മൂല്യം 400 ശതമാനമാണ് വര്‍ധിച്ചത്.
ഛാഡിലെ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനത്തെ പിന്തുണക്കുന്നതിനുള്ള മൂന്ന് മില്യണ്‍ യു എസ് ഡോളറിന്റെ സംഭാവന സുഡാനീസ് അഭയാര്‍ഥികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. വാക്‌സിനേഷനും പോഷകാഹാരവും ഉള്‍പ്പെടെയുള്ള ഉയര്‍ന്ന നിലവാരമുള്ള മാതൃ-ശിശു ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമാവും. ആഗോള മാനുഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള യു എ ഇയുടെ തുടര്‍ച്ചയായ പ്രതിബദ്ധതയാണ് ഈ കരാര്‍ പ്രതിഫലിപ്പിക്കുന്നത് എന്ന് റീം അല്‍ ഹാശിമി പറഞ്ഞു.