Uae
എമിറേറ്റ്സിന്റെ ആദ്യ എ350 വിമാനം എത്തി
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എയര്‍ ബസ് സവിശേഷതകള്‍ പരിശോധിച്ചു.
ദുബൈ| എമിറേറ്റ്സിന്റെ ആദ്യ എ350 വിമാനം ദുബൈയില്‍ എത്തി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എയര്‍ ബസ് സവിശേഷതകള്‍ പരിശോധിച്ചു. ജനുവരി മുതല്‍ യാത്രക്കാര്‍ക്ക് ഉപയുക്തമാക്കും. ശൈഖ് മുഹമ്മദ് ഒരു യാത്രക്കാരനെപ്പോലെ ക്യാബിനില്‍ സമയം ചെലവഴിച്ചു. തിങ്കളാഴ്ച ടൗളൂസില്‍ നിന്നാണ് ദുബൈയിലെത്തിയത്. ജനുവരി മൂന്നിന് ആദ്യമായി എഡിന്‍ബര്‍ഗിലേക്ക് പറക്കും. തുടര്‍ന്ന് ഇത് മിഡ് ഈസ്റ്റിലെയും പശ്ചിമേഷ്യയിലെയും മറ്റ് എട്ട് നഗരങ്ങളിലേക്ക് സര്‍വീസ് നടത്തും.
അടുത്ത ഏതാനും വര്‍ഷങ്ങളില്‍ മൊത്തം 65 എ350 വിമാനങ്ങള്‍ എമിറേറ്റ്സിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിമാനത്തില്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകളും ചില അടുത്ത തലമുറ ഓണ്‍ ബോര്‍ഡ് സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഇത് പരിസ്ഥിതി സൗഹൃദവുമാണ്. കുറച്ച് മാത്രം ഇന്ധനം ഉപയോഗിക്കുന്നു. എയര്‍ഫ്രെയിമിന്റെ 70 ശതമാനവും കോമ്പോസിറ്റുകള്‍ ഉള്‍പ്പെടെയുള്ള നൂതന വസ്തുക്കളാല്‍ നിര്‍മിച്ചതാണ്. അവ മുന്‍ വിമാനങ്ങളെക്കാള്‍ ഭാരം കുറഞ്ഞതും കൂടുതല്‍ കരുത്തുറ്റതുമാണ്. 114,000 ആളുകള്‍ക്കു തൊഴിലൊരുക്കുന്നതാണ് എമിറേറ്റ്‌സ് ഗ്രൂപ്പ്. 7,500 കോടി ദിര്‍ഹം അല്ലെങ്കില്‍ ദുബൈയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 15 ശതമാനം സമ്പദ്ഘടനക്ക് സംഭാവന ചെയ്യുന്നു.