Connect with us

Uae

എമിറേറ്റ്സ് ഹെല്‍ത്ത് കാര്‍ഡ് യു എ ഇ താമസക്കാര്‍ക്കും

ഈ ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ചാല്‍ മിക്ക സേവനങ്ങളിലും 20 ശതമാനം കിഴിവ് ലഭിക്കും. ഭിന്ന ശേഷിക്കാരനാണെങ്കില്‍ ചികിത്സ സൗജന്യമായിരിക്കും.

Published

|

Last Updated

ദുബൈ | എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ്, യു എ ഇയില്‍ താമസിക്കുന്ന വിദേശികള്‍ക്കും കുറഞ്ഞ നിരക്കില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഇതിലൂടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വൈദ്യസഹായം ലഭ്യമാകും. ദുബൈ പബ്ലിക് ഹെല്‍ത്ത് സെന്റര്‍, ഷാര്‍ജ അല്‍ റിഫ ഹെല്‍ത്ത് സെന്റര്‍, ഫുജൈറയിലെ മസാഫി ഹോസ്പിറ്റല്‍, ഉമ്മുല്‍ ഖുവൈനിലെ ഫലജ് അല്‍ മുഅല്ല ഫിസിയോതെറാപ്പി സെന്റര്‍, റാസ് അല്‍ ഖൈമ ഫിസിയോതെറാപ്പി ആന്‍ഡ് സ്പോര്‍ട്സ് മെഡിസിന്‍ സെന്റര്‍, അജ്മാന്‍ അല്‍ നുഐമിയ മെഡിക്കല്‍ എക്സാമിനേഷന്‍ സെന്റര്‍, അബൂദബി നിയോനാറ്റല്‍ സ്‌ക്രീനിംഗ് ഡയഗ്നോസ്റ്റിക് സെന്റര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ചികിത്സ ലഭിക്കുക.

ഈ ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ചാല്‍ മിക്ക സേവനങ്ങളിലും 20 ശതമാനം കിഴിവ് ലഭിക്കും. ഭിന്ന ശേഷിക്കാരനാണെങ്കില്‍ ചികിത്സ സൗജന്യമായിരിക്കും. യു എ ഇ പൗരനോ, ജി സി സി പൗരനോ, യു എ ഇ നിവാസിയോ ആണെങ്കില്‍ ഈ സേവനത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് മൂന്ന് മാസത്തിനുള്ളിലെ മെഡിക്കല്‍ റിപോര്‍ട്ട്, പാസ്പോര്‍ട്ട് കോപ്പി, എമിറേറ്റ്സ് ഐ ഡി എന്നിവയിലൂടെ കാര്‍ഡ് ലഭിക്കും.

ജി സി സി പൗരനാണെങ്കില്‍ ഹെല്‍ത്ത് കാര്‍ഡ് അഞ്ച് വര്‍ഷത്തേക്ക് സാധുവായിരിക്കും. യു എ ഇ നിവാസിയാണെങ്കില്‍ കാര്‍ഡിന് ഒരു വര്‍ഷത്തേക്ക് മാത്രമേ സാധുതയുള്ളൂ. അപേക്ഷിക്കാനുള്ള ഫീസ് 50 ദിര്‍ഹമാണ്. പ്രവാസികള്‍ ഹെല്‍ത്ത് കാര്‍ഡിന് 100 ദിര്‍ഹവും ഇ എച്ച് എസ് അപേക്ഷാ ഫോമിന് 15 ദിര്‍ഹവും അധികമായി നല്‍കണം.

ഇ എച്ച് എസ് വെബ്‌സൈറ്റിലാണ് (ehs.gov.ae) അപേക്ഷിക്കേണ്ടത്. യു എ ഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാല്‍, ഹെല്‍ത്ത് കാര്‍ഡ് എമിറേറ്റ്സ് ഐ ഡിയുമായി സ്വയമേവ ലിങ്ക് ചെയ്യപ്പെടും.

 

Latest