Connect with us

Uae

എമിറേറ്റ്‌സ് ഐ ഡി കാർഡിന് പകരം ഡിജിറ്റൽ ഐ ഡി വരുന്നു

ഒരു വർഷത്തിനുള്ളിൽ ഇത് നടപ്പിലായേക്കും.

Published

|

Last Updated

അബൂദബി|യു എ ഇ ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനം ആരംഭിക്കാൻ ഒരുങ്ങുന്നു. ഇത് ഫിസിക്കൽ എമിറേറ്റ്‌സ് ഐഡി കാർഡുകളുടെ ആവശ്യകത ഇല്ലാതാക്കുമെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ (എഫ് എൻ സി) സെഷനിൽ നടന്ന ചർച്ചകൾ വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ ഇത് നടപ്പിലായേക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) നേതൃത്വം നൽകുന്ന ഇത്, ബേങ്കിംഗ്, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ സേവനങ്ങൾ ലളിതമാക്കാൻ ലക്ഷ്യമിടുന്നു.

എഫ് എൻ സി സെഷനിൽ, സംസാരിച്ച അംഗം അദ്‌നാൻ അൽ ഹമ്മാദി, ഫിസിക്കൽ എമിറേറ്റ്‌സ് ഐഡി കാർഡുകളുടെ നിർബന്ധിത ഉപയോഗം മൂലമുള്ള തുടർച്ചയായ വെല്ലുവിളികൾ എടുത്തുകാട്ടി. ഇത് അവശ്യ സേവനങ്ങൾ നേടുന്നതിൽ അസൗകര്യങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണ സേവനങ്ങൾ, ബേങ്കിംഗ് ഇടപാടുകൾ, ഹോട്ടൽ ചെക്ക്-ഇന്നുകൾ എന്നിവക്ക് താമസക്കാർ ഫിസിക്കൽ ഐഡികൾ ഹാജരാക്കണം. ഈ മേഖലകളിൽ തിരിച്ചറിയൽ പ്രക്രിയകൾ ലളിതമാക്കാൻ രാജ്യത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യ പുരോഗതി ഉപയോഗിച്ച് അടിയന്തിര പരിഹാരങ്ങൾ ആവശ്യമാണെന്ന് അൽ ഹമ്മാദി ആവശ്യപ്പെട്ടു.

ഫെഡറൽ നാഷണൽ കൗൺസിൽ അഫയേഴ്‌സ് സ്റ്റേറ്റ് മന്ത്രി അബ്ദുർറഹ്‌മാൻ അൽ ഉവൈസ് ഇതിനോട് പ്രതികരിക്കുകയും ഐ സി പി ഇതിനകം നിരവധി സേവനങ്ങൾക്കായി ഇ – എമിറേറ്റ്‌സ് ഐ ഡി നടപ്പിലാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. അതിന്റെ വ്യാപനത്തിന് മുൻഗണന നൽകുമെന്നും വരാനിരിക്കുന്ന ഡിജിറ്റൽ ഐഡി സംവിധാനം ഫിസിക്കൽ കാർഡുകൾക്ക് പകരം തടസ്സമില്ലാത്തതും സുരക്ഷിതവും കാര്യക്ഷമവുമായ ഒരു ബദൽ വാഗ്ദാനം ചെയ്തു ആശങ്കകൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.