Connect with us

Uae

പൈലറ്റ് പരിശീലന സംവിധാനങ്ങള്‍ക്ക് 176.1 ദശലക്ഷം ചെലവിട്ട് എമിറേറ്റ്സ്

എയര്‍ബസ് എ350 വിമാനത്തിന്റെ ഫുള്‍ ഫ്‌ളൈറ്റ് സിമുലേറ്ററുകളില്‍ 30 പൈലറ്റുമാരുടെയും 820 സര്‍വീസ് ക്രൂ അംഗങ്ങളുടെയും പരിശീലനം ഇതിനകം പൂര്‍ത്തിയാക്കി.

Published

|

Last Updated

ദുബൈ | പുതിയ എയര്‍ബസ് എ350 വിമാനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പൈലറ്റുമാരുടെയും സര്‍വീസ് ക്രൂവിന്റെയും പരിശീലനത്തിനായി ഏറ്റവും പുതിയ ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും എമിറേറ്റ്സ് എയര്‍ലൈന്‍സ് ഏകദേശം 48 ദശലക്ഷം ഡോളര്‍ (176.1 ദശലക്ഷം ദിര്‍ഹം) നിക്ഷേപിച്ചു. നൂതന പൈലറ്റ് സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍, ഫിക്സഡ് ബേസ് ട്രെയിനിംഗ് ഉപകരണം, എമര്‍ജന്‍സി ക്യാബിന്‍ ഇവാക്വേഷന്‍ ട്രെയിനിംഗ് മെഷീന്‍, ഡോര്‍ ട്രെയിനിംഗ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഈ സംവിധാനങ്ങള്‍.

എ350 വിമാനത്തിനായുള്ള ആദ്യത്തെ ഫുള്‍-ഫ്‌ളൈറ്റ് സിമുലേറ്ററിന് യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫിക്കറ്റായ ലെവല്‍ ഡി സര്‍ട്ടിഫിക്കറ്റ് എമിറേറ്റ്സിന് ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫുള്‍ ഫ്‌ളൈറ്റ് സിമുലേറ്റര്‍ നിലവില്‍ സ്വീകാര്യതാ ഘട്ടത്തിലാണ്. എയര്‍ബസ് എ350 വിമാനത്തിന്റെ ഫുള്‍ ഫ്‌ളൈറ്റ് സിമുലേറ്ററുകളില്‍ 30 പൈലറ്റുമാരുടെയും 820 സര്‍വീസ് ക്രൂ അംഗങ്ങളുടെയും പരിശീലനം ഇതിനകം പൂര്‍ത്തിയാക്കി. അടുത്ത നവംബര്‍ അവസാനത്തോടെ 50-ലധികം പൈലറ്റുമാര്‍ കൂടി പരിശീലനം പൂര്‍ത്തിയാക്കും.

65 എയര്‍ബസ് എ350 വിമാനങ്ങള്‍ക്കും 250 ബോയിംഗ് 777എക്‌സ് വിമാനങ്ങള്‍ക്കുമാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഓര്‍ഡറുകള്‍ നല്‍കിയിരിക്കുന്നത്. അതിനിടെ, എമിറേറ്റ്സ് എയര്‍ലൈന്‍സ് തങ്ങളുടെ പുതിയ ട്രാവല്‍ സ്റ്റോര്‍ ലണ്ടനില്‍ തുറന്നു. യൂറോപ്പിലെ ആദ്യത്തേതാണ് ഇത്. ലോകമെമ്പാടും 40 സ്റ്റോറുകള്‍ തുറക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് സൗത്ത് കെന്‍സിംഗ്ടണിലെ ക്രോംവെല്‍ സ്ട്രീറ്റിലെ പുതിയ സ്റ്റോര്‍.