Uae
എമിറേറ്റ്സ് വിമാനത്തിനുള്ളില്‍ ടെലിമെഡിസിന്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും
വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് വൈദ്യചികിത്സ ലഭ്യമാക്കുന്നതിന് ഫ്രഞ്ച് ടെലിമെഡിസിന്‍ കമ്പനിയായ പാര്‍സിസുമായി സഹകരിച്ച് ആണ് പദ്ധതി നടപ്പാക്കുന്നത്.

ദുബൈ | വിമാനങ്ങളില്‍ ഹൈടെക് ഇന്‍-ഫ്‌ളൈറ്റ് ടെലിമെഡിസിന്‍ സ്റ്റേഷനുകള്‍ സജ്ജമാക്കാനുള്ള പദ്ധതി എമിറേറ്റ്സ് പ്രഖ്യാപിച്ചു. 300 വിമാനങ്ങളിലാണ് ആദ്യഘട്ട പദ്ധതി. വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് വൈദ്യചികിത്സ ലഭ്യമാക്കുന്നതിന് ഫ്രഞ്ച് ടെലിമെഡിസിന്‍ കമ്പനിയായ പാര്‍സിസുമായി സഹകരിച്ച് ആണ് പദ്ധതി നടപ്പാക്കുന്നത്. ഹൈ-ഡെഫനിഷന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ്, റിമോട്ട് പാസഞ്ചര്‍ അസസ്മെന്റുകള്‍, 12-ലീഡ് ടെലികാര്‍ഡിയ ഇ സി ജി തുടങ്ങിയ നൂതന സവിശേഷതകളിലൂടെ ക്യാബിന്‍ ക്രൂവിന് തത്സമയ വൈദ്യസഹായം നല്‍കാന്‍ സാധിക്കും. ഇതിനായുള്ള സിസ്റ്റം രൂപകല്‍പനയില്‍ എയര്‍ലൈന്‍ 2.4 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.
പാര്‍സിസ് ടെലിമെഡിസിന്‍ കിറ്റും ക്ലൗഡും പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരുടെ സുപ്രധാന ലക്ഷണങ്ങള്‍ നിരീക്ഷിക്കാനും ദുബൈയിലെ എമിറേറ്റ്സിന്റെ ഗ്രൗണ്ട് മെഡിക്കല്‍ സപ്പോര്‍ട്ടിലേക്ക് നേരിട്ട് ഡാറ്റ കൈമാറാനും ഇത് ക്യാബിന്‍ ക്രൂവിനെ പ്രാപ്തമാക്കുന്നു. പള്‍സ് ഓക്സിമീറ്റര്‍, തെര്‍മോമീറ്റര്‍, രക്തസമ്മര്‍ദ്ദ മോണിറ്റര്‍, ഇ സി ജി ഉപകരണം തുടങ്ങിയ അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുന്നു. പറക്കലിനിടെ ഹൃദയ സംബന്ധമായ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യാന്‍ പാര്‍സിസ് സിസ്റ്റത്തിന് സാധിക്കും. സമീപകാലത്ത് അത്തരമൊരു കേസ് ഉണ്ടായിരുന്നു.
അതോടൊപ്പം ക്യാബിന്‍ ക്രൂവിന് പ്രഥമശുശ്രൂഷ, സി പി ആര്‍, അടിയന്തര പ്രതികരണ പരിശീലനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള തീവ്രമായ മെഡിക്കല്‍ പരിശീലനം നല്‍കുന്നുമുണ്ട്. ഇതിലൂടെ പുതിയ സാങ്കേതികവിദ്യ അവര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കും.