Uae
ഇമാറാത്തി ശിശുദിനം; കുട്ടികളുടെ വികസനം ദേശീയ മുൻഗണനയാക്കി യു എ ഇ
സന്ദേശം പങ്കുവെച്ച് നേതാക്കൾ

അബൂദബി | യു എ ഇ ഇന്നലെ ഇമാറാത്തി ശിശുദിനം ആഘോഷിച്ചു. അടുത്ത തലമുറക്ക് ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സമർപ്പണം വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് രാജ്യം ഈ ദിനം ആചരിക്കുന്നത്. കുട്ടികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം നൽകുന്നതിനും അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളെ എടുത്തുകാണിക്കുന്ന നിരവധി സംരംഭങ്ങൾ രാജ്യത്തിനുണ്ട്.
2025 യു എ ഇ “സമൂഹത്തിന്റെ വർഷം’ ആയി ആചരിക്കുന്നതിനാൽ കുട്ടികളെ ശാക്തീകരിക്കുന്നതിലും സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിൽ അവരുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.യുവ പൗരന്മാർക്കിടയിൽ ഉത്തരവാദിത്തബോധം, സഹാനുഭൂതി, ഐക്യം എന്നിവ വളർത്തുന്നതിനായി നിരവധി സംരംഭങ്ങളും സന്നദ്ധ പരിപാടികളും ആരംഭിക്കും.
യു എ ഇ കുട്ടികളുടെ സംരക്ഷണ നടപടികൾ ശക്തിപ്പെടുത്തുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും കുട്ടികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സംരക്ഷണം, അവബോധം, ക്ഷേമം എന്നിവക്കായി സമഗ്രമായ നിയമങ്ങളും നയങ്ങളും രാജ്യം സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ, കുട്ടികളുടെ സംരക്ഷണം, ക്ഷേമം, അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി കുടുംബ മന്ത്രാലയം യു എ ഇയിൽ നിലവിൽ വന്നു. കുട്ടികളുടെ ആരോഗ്യകരമായ വികസനത്തെ പിന്തുണയ്ക്കുന്നതിനും അവരുടെ സാമൂഹിക, മാനസിക, വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മന്ത്രാലയം വിവിധ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു.
കുട്ടികളുടെ വികസനം പരിപോഷിപ്പിക്കുകയും അവരുടെ കഴിവുകൾ പ്രാപ്തമാക്കുകയും ചെയ്യുക എന്നത് മുൻഗണനയെന്ന് പ്രസിഡന്റ് ശെെഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ശിശുദിന സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദുവായി അവർ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ കുട്ടികൾ ഭാവിയുടെ നിർമാതാക്കളും സംരക്ഷകരുമാണ് എന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. ഓരോ കുട്ടിയിലും സ്വപ്നങ്ങളുടെയും നേട്ടങ്ങളുടെയും അതിശയകരമായ കഴിവുകളുടെയും ഒരു വിത്ത് ഉണ്ട്. ഒന്നുകിൽ ഈ വിത്ത് സമൃദ്ധവും ഫലപ്രദവും ഉദാരവുമായ ഒരു വൃക്ഷമായി വളരുന്നു. അല്ലെങ്കിൽ അവഗണനയുടെയും മോശം പരിചരണത്തിന്റെയും ഫലമായി അതിന്റെ ശൈശവാവസ്ഥയിൽ വാടിപ്പോകുന്നു. ഓരോ കുട്ടിയും വഹിക്കുന്ന വലിയ സാധ്യതകളുടെ ഭാവി, വിത്തിനായുള്ള നമ്മുടെ കരുതലിനെ ആശ്രയിച്ചിരിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു.