Connect with us

Uae

ഇമറാത്തി തൊഴിൽ ശാക്തീകരണം; നാഫിസ് അവാർഡില്‍ തിളങ്ങി ബുർജീൽ ഹോൾഡിങ്‌സ്

നാഫിസ് അവാര്‍ഡിന്റെ രണ്ടാം ഘട്ടത്തില്‍ മൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കി.

Published

|

Last Updated

നാഫിസ് പുരസ്‌കാരങ്ങളുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലും സഹപ്രവര്‍ത്തകരും.

അബൂദബി | നാഫിസ് അവാര്‍ഡിന്റെ രണ്ടാം ഘട്ടത്തില്‍ മൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കി ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. ആരോഗ്യ മേഖലയില്‍ ഇമറാത്തി പ്രതിഭകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ പരിശ്രമങ്ങള്‍ക്കാണ് ഈ അംഗീകാരം. അബൂദബിയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

എമിറാത്തി പൗരന്മാരെ സ്വകാര്യ മഖലയില്‍ ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പ്രോജക്ട്‌സ് ഓഫ് ദി 50′ അജണ്ടയുടെ ഭാഗമായി ആരംഭിച്ച നാഫിസ് അവാര്‍ഡിന്റെ പ്രധാന ലക്ഷ്യം. വൈസ് പ്രസിഡന്റും, ഉപപ്രധാനമന്ത്രിയും, പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയും, ഇമറാത്തി ടാലന്റ് കോംപറ്റീറ്റീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ ആരംഭിച്ച നാഫിസ് അവാര്‍ഡ് സ്വകാര്യ, ബേങ്കിംഗ് മേഖലകളില്‍ നിന്നുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് 2023-2024 വര്‍ഷത്തെ രണ്ടാം ഘട്ടത്തില്‍ അംഗീകരിച്ചത്.

രണ്ടു വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് മൂന്ന് അവാര്‍ഡുകളാണ് നേടിയത്. വലിയ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ബുര്‍ജീലിന് ലഭിച്ച അവാര്‍ഡ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ ഏറ്റുവാങ്ങി. ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിലെ ഓങ്കോളജി സര്‍വീസസ് ഡയറക്ടര്‍ പ്രൊഫ. ഹുമൈദ് അല്‍ ഷംസി, ബുര്‍ജീല്‍ ഡേ സര്‍ജറി സെന്റര്‍ അല്‍റീം ഐലന്‍ഡിലെ കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് ഡോ. മറിയം അല്‍ സുവൈദി എന്നിവര്‍ക്കാണ് വ്യക്തികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരം. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി ഡെപ്യൂട്ടി സി ഇ ഒ. ആയിഷ അല്‍ മഹ്രി, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് പ്രോജക്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നാസര്‍ അല്‍ റിയാമി, ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി ന്യൂട്രീഷനിസ്റ്റ് സാറ അല്‍ കത്തീരി എന്നിവരെയും ആദരിച്ചു.

പ്രാദേശിക പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനും ആരോഗ്യ സംരക്ഷണ മേഖലയില്‍ അവരുടെ കരിയര്‍ മുന്നേറ്റത്തിനുള്ള വഴികള്‍ സുഗമമാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാണ് ഈ പുരസ്‌കാരമെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു.

ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സില്‍ നിലവില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അനുബന്ധ ആരോഗ്യപ്രവര്‍ത്തകര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് എന്നിവരുള്‍പ്പെടെ നിരവധി യു എ ഇ പൗരന്മാരാണ് ജോലി ചെയ്യുന്നത്. എമിറാത്തി പൗരന്മാരെ ആരോഗ്യമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സജീവമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നിരവധി ശില്‍പശാലകളും പരിശീലന സംരംഭങ്ങളും നഫീസ് പ്രോഗ്രാമുമായി സഹകരിച്ച് എമിറാത്തി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നടത്തി. വിദ്യാര്‍ഥികള്‍ക്കായി ഇന്റേണ്‍ഷിപ്പുകളും വികസന പദ്ധതികളും ഉള്‍ക്കൊള്ളുന്ന പ്രോഗ്രാമുകള്‍ ഗ്രൂപ്പ് വിഭാവനം ചെയ്തിട്ടുണ്ട്.