Uae
എമിറേറ്റൈസേഷന്‍: ഡിസംബര്‍ 31-ന് മുമ്പ് ലക്ഷ്യം നേടണം
ആവശ്യകതകള്‍ നിറവേറ്റാത്ത കമ്പനികള്‍ക്ക് 2025 ജനുവരിയില്‍ 96,000 ദിര്‍ഹം സാമ്പത്തിക പിഴ ചുമത്തുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
ദുബൈ|സ്വകാര്യ മേഖലയില്‍ 20 മുതല്‍ 49 വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികളോടും സ്ഥാപനങ്ങളോടും ദേശസാത്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയപരിധി ഓര്‍മിപ്പിച്ച് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം. ഈ സ്ഥാപനങ്ങള്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ചുരുങ്ങിയത് ഒരു പൗരനെയെങ്കിലും നിയമിക്കണം. ഈ വര്‍ഷം ഡിസംബര്‍ 31-നാണ് ഇതിനായി നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നത്.
14 പ്രധാന സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുള്ള 12,000-ലധികം പ്രത്യേക കമ്പനികളെയാണ് ഈ ഘട്ടത്തില്‍ ലക്ഷ്യമാക്കുന്നത്. ആവശ്യകതകള്‍ നിറവേറ്റാത്ത കമ്പനികള്‍ക്ക് 2025 ജനുവരിയില്‍ 96,000 ദിര്‍ഹം സാമ്പത്തിക പിഴ ചുമത്തുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ടാര്‍ഗെറ്റ് ചെയ്ത കമ്പനികള്‍ക്ക് ആവശ്യമായ പിന്തുണയും മന്ത്രാലയം നല്‍കും. സാങ്കല്‍പ്പിക പ്രാദേശികവത്കരണം നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെതിരെ മന്ത്രാലയം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത് സാമ്പത്തിക പിഴകള്‍ക്കും കര്‍ശനമായ തീരുമാനങ്ങള്‍ക്കും ഇടയാക്കും.