nrega
തൊഴിലുറപ്പിനും ക്ഷേമനിധി; രാജ്യത്ത് ആദ്യം
ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. 40 ലക്ഷം കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകും.അംശാദായം 50 രൂപ. 60 വയസ്സ് പൂർത്തിയാകുമ്പോൾ പെൻഷൻ
തിരുവനന്തപുരം | തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമ പദ്ധതിക്കായി ക്ഷേമനിധി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. 2021ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമ നിധി ബിൽ തദ്ദേശ മന്ത്രി എം വി ഗോവിന്ദനാണ് അവതരിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമപദ്ധതി നടപ്പാകുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെയും പരിധിയിൽ വരുന്ന തൊഴിലാളികളാണ് പദ്ധതി അംഗങ്ങൾ. കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ഓർഡിനൻസിലൂടെ ക്ഷേമനിധിക്ക് രൂപം നൽകിയിരുന്നു. അത് നടപ്പാക്കുന്നതിനാവശ്യമായ നടപടികളാണ് നിയമ നിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്.
രണ്ട് തൊഴിലുറപ്പ് പദ്ധതികളിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ള 40 ലക്ഷം കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകും. 18 നും 55നുമിടയിൽ പ്രായമുള്ള തൊഴിലുറപ്പ് കാർഡ് ലഭിച്ചിട്ടുള്ളവർക്കാണ് അംഗത്വം.
60 വയസ്സ് പൂർത്തിയാകുമ്പോൾ പെൻഷൻ ലഭിക്കും. അംഗം മരണപ്പെട്ടാൻ അവകാശികൾക്ക് സാമ്പത്തിക സഹായം ലഭിക്കും.ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് ചികിത്സാ സഹായം ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. തൊഴിലാളികളിൽ നിന്ന് പ്രതിമാസം 50 രൂപ അംശാദായമായി ഈടാക്കിയും നിശ്ചിത തുക സർക്കാർ കണ്ടെത്തിയുമായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിക്ക് പ്രതി വർഷം 151 കോടി രുപ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ 68.5 കോടി രൂപയാണ് സർക്കാർ ഇതിനായി നീക്കി വെച്ചിരിക്കുന്നത്.