Connect with us

Poem

ഒഴിഞ്ഞ വീട്

ഒരിക്കലും തിരിച്ചു വരാത്തവന്റെ ഓർമകളുമായി ഞാനെന്തിനിങ്ങനെ പഴകി ദ്രവിച്ച് നിൽക്കണം.

Published

|

Last Updated

വീടുകൾക്കിടയിൽ
അതൊരു
ഒറ്റപ്പെട്ട വീടാണ്.

അടഞ്ഞു കിടക്കുന്ന
വാതിലുകളും
ജനാലകളും
ഒക്കെയും തുരുമ്പ് പിടിച്ചത്.

ജട പിടിച്ച പോലെ
വള്ളിച്ചെടികളും
പാഴ്പ്പുല്ലുകളും
വീടിനെ
ഇരുട്ടിൽ നിർത്തുന്നുണ്ട്.

നട്ടുച്ചകളിൽ
ഭ്രാന്തിയെപ്പോലെ ഓടുന്ന
വെയിൽച്ചിന്തകൾ.

രാത്രികളിൽ
ഇരുട്ടിന്റെ ദാഹവും
നെടുവീർപ്പുകളും
പ്രഭാത ഉണർവിനെ
തളർത്തുന്നുണ്ട്.

പാമ്പും
കീരിയും പെരുച്ചാഴികളും
അവകാശ തർക്കവുമായി
ഏറ്റുമുട്ടലുകൾ.

ഒരിക്കലും
തിരിച്ചു വരാത്തവന്റെ
ഓർമകളുമായി
ഞാനെന്തിനിങ്ങനെ
പഴകി ദ്രവിച്ച് നിൽക്കണം.