Connect with us

Kerala

എമ്പുരാന്‍ ഇംപാക്ട്: പൃഥ്വിരാജിനു പിന്നാലെ ആദായ നികുതി വകുപ്പ്

പ്രതിഫലത്തുകയില്‍ വ്യക്തത വരുത്താനാണ് നടന്‍ പൃഥ്വിരാജിനോട് ഐ ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്

Published

|

Last Updated

എറണാകുളം | ഗുജറാത്ത് വംശഹത്യ ഓര്‍മപ്പെടുത്തി ബി ജെ പിയേയും ആര്‍ എസ് എസിനേയും പ്രകോപിപ്പിച്ച എമ്പുരാന്‍ സിനിമ സംവിധാനം ചെയ്ത പ്രമുഖ നടന്‍ പൃഥ്വിരാജിന് പിന്നാലെ ആദായനികുതി വകുപ്പ്. സിനിമയുടെ നിര്‍മാണ പങ്കാളിയായിരുന്ന വ്യവസായി ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്യുന്നതിനു പിന്നാലെയാണ് പൃഥ്വിരാജിനും ഭീഷണി ഉയര്‍ന്നത്.

പ്രതിഫലത്തുകയില്‍ വ്യക്തത വരുത്താനാണ് നടന്‍ പൃഥ്വിരാജിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍പ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിശദീകരണം. ആദായ നികുതി അസസ്‌മെന്റ് വിഭാഗമാണ് പ്രതിഫലം സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഈ മാസം 30തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.

അതിനിടെ, ഇന്നലെ ഇ ഡി ചെന്നൈയിലേക്കു വിളിപ്പിച്ച ഗോകുലം ഗോപാലനെ ഇന്നും ചോദ്യം ചെയ്യുമെന്നാണ് സൂചന. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടര്‍ച്ചയായിട്ടായിരിക്കും ചോദ്യംചെയ്യാല്‍. എമ്പുരാനില്‍ അഭിനയിച്ച നടന്‍ മോഹന്‍ലാല്‍ ആര്‍ എസ് എസിനെ പ്രകോപിപ്പിച്ചതില്‍ പര്യമായി മാപ്പുപറയുകയും സിനിമയില്‍ സ്വമേധയാ എഡിറ്റിങ്ങ് നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഈ മാപ്പുപറച്ചില്‍ പൃഥ്വിരാജ് ഏറ്റുപറഞ്ഞെങ്കിലും പ്രതീക്ഷിച്ചപോലെ കേന്ദ്ര ഏജന്‍സികള്‍ രംഗത്തിറങ്ങിയിരിക്കയാണ്. സിനിമയുടെ നിര്‍മാണ പങ്കാളികൂടിയായ മോഹന്‍ലാലിനെതിരെ എന്തെങ്കിലും നീക്കമുണ്ടാവുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

 

Latest