From the print
ഇ എം എസ് കൈപിടിച്ചുയര്‍ത്തി; അകത്തും പുറത്തും സമവായ നേതാവ്
വിഷമസന്ധികളില്‍ പാര്‍ട്ടി അകപ്പെട്ടപ്പോഴെല്ലാം ഒരു പോറലുമേല്‍ക്കാതെ നയിച്ച യെച്ചൂരി ഇതര രാഷ്ട്രീയ കക്ഷികള്‍ക്കും പ്രിയപ്പെട്ട സഖാവായി. വിട, ജനകീയ സമര നേതാവിന്.
കൊച്ചി | പ്രത്യയശാസ്ത്ര ബോധ്യത്തിനപ്പുറം സങ്കീര്‍ണ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടിക്കകത്തും പുറത്തും സമവായത്തിന്റെ നയതന്ത്രം പണിത നേതാവ് കൂടിയായിരുന്നു സീതാറാം യെച്ചൂരി. വിഷമസന്ധികളില്‍ പാര്‍ട്ടി അകപ്പെട്ടപ്പോഴെല്ലാം ഒരു പോറലുമേല്‍ക്കാതെ നയിച്ച യെച്ചൂരി ഇതര രാഷ്ട്രീയ കക്ഷികള്‍ക്കും പ്രിയപ്പെട്ട സഖാവായി.
നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകള്‍ രൂപവത്കരിച്ച് സി പി എമ്മിനും ഇടതുപക്ഷത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിനാകെയും മാര്‍ഗനിര്‍ദേശം നല്‍കാനാകും വിധം യെച്ചൂരിയെ പാകപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ അതികായരായ ഇ എം എസും ബി ടി ആറും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തും പകര്‍ന്ന രാഷ്ട്രീയ പാഠങ്ങളായിരുന്നു.
12ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ 35ാം വയസ്സിലാണ് യെച്ചൂരി സി പി എം കേന്ദ്ര കമ്മിറ്റിയിലെത്തുന്നത്. കേന്ദ്ര കമ്മിറ്റിയംഗം ആകാനുള്ള പക്വതയൊക്കെ ഉണ്ടോയെന്ന് സ്വയം സംശയം തോന്നിയ നിമിഷമായിരുന്നു അത്. ഭയം തോന്നിയ അദ്ദേഹം ഇ എം എസിനെ സമീപിച്ചു. താന്‍ ഇതിനൊക്കെ പാകപ്പെട്ടോയെന്നായിരുന്നു ആശങ്കയോടെയുള്ള ചോദ്യം. തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. കേന്ദ്രീകൃത ജനാധിപത്യ പാര്‍ട്ടിയായ സി പി എമ്മില്‍ മേല്‍ക്കമ്മറ്റി തീരുമാനിച്ചാല്‍ കീഴ്ഘടകങ്ങള്‍ അംഗീകരിച്ചേ പറ്റൂവെന്നായിരുന്നു മറുപടി. ഇ എം എസ് കൈപിടിച്ചുയര്‍ത്തിയ യെച്ചൂരി അങ്ങനെ പാര്‍ട്ടിയില്‍ നേതൃതലത്തില്‍ നിറഞ്ഞുനിന്നു.
പിന്നീട് പാര്‍ട്ടി തലപ്പത്തെ സ്വാധീനശക്തികള്‍ തനിക്കെതിരെ വന്‍മതില്‍ തീര്‍ത്തിട്ടും ഇ എം എസ് ഓര്‍മിപ്പിച്ച ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ കരുത്ത് സീതാറാമിനെ നേതൃതലത്തിലേക്ക് വഴിനടത്തുകയായിരുന്നു. ദേശീയ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചും ബദല്‍ രേഖകളിലൂടെ വെല്ലുവിളിച്ചും നേതൃത്വത്തെ പലവട്ടം വട്ടംചുറ്റിച്ചാണ് ഒടുവില്‍ രാജ്യത്തെ പാര്‍ട്ടിയുടെ പരമോന്നത പദവിയിലേക്ക് യെച്ചൂരിയെത്തിയതെങ്കിലും സമാനതകളില്ലാത്ത സ്വീകാര്യതയാണ് പിന്നീട് പാര്‍ട്ടിയില്‍ അദ്ദേഹത്തിന് ലഭിച്ചത്.
യു പി എ, ഇന്ത്യ സഖ്യം
യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് ശരിയായ സമയത്തല്ലെന്നും കോണ്‍ഗ്രസ്സിന്റെ ശക്തി കുറച്ചുകണ്ടതാണ് 2009ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാകാതെ പോയതിന്റെ കാരണമെന്നും ഒരു ഘട്ടത്തില്‍ തുറന്നടിച്ച യെച്ചൂരി, സംഘ്പരിവാറിനെതിരായ വിശാല സഖ്യത്തിന് നേരത്തേ അരങ്ങൊരുക്കിയിരുന്നു. കോണ്‍ഗ്രസ്സിനും ബി ജെ പിക്കും ബദലായി വി പി സിംഗ് സര്‍ക്കാറും പിന്നീട് ദേവെ ഗൗഡ, ഗുജ്‌റാള്‍ സര്‍ക്കാറുകളുമൊക്കെ യാഥാര്‍ഥ്യമാക്കിയ സുര്‍ജിത്തിന്റെ പ്രായോഗികബുദ്ധിയാണ്, യു പി എ- ഇടത് ബന്ധം ശക്തമാക്കിയതിലൂടെ യെച്ചൂരി പിന്നീട് പ്രാവര്‍ത്തികമാക്കിയത്.
ചിരിച്ച മുഖം
തിരഞ്ഞെടുപ്പെന്നാല്‍ കണക്കുകളല്ല, ജനങ്ങളുടെ പിന്തുണ നേടലും വോട്ടിന്റെ വിഭജനം കുറക്കലുമാണെന്നും അടവുനയത്തിന്റെ രീതിയില്‍ മാറ്റം വേണമെന്നുമുള്ള യെച്ചൂരിയുടെ വാദങ്ങള്‍ക്ക് കേന്ദ്ര കമ്മിറ്റിയില്‍ ഒടുവില്‍ വലിയ പിന്തുണയും ലഭിച്ചു. രാജ്യത്തിന്റെ ഭാവി കുറിക്കുന്ന നിര്‍ണായക തീരുമാനങ്ങളിലെ പാര്‍ട്ടി ലൈന്‍ പിന്നീട് എല്ലാ കാലത്തും യെച്ചൂരിയില്‍ തട്ടിനിന്നു. കമ്മ്യൂണിസം പറയുമ്പോള്‍ മുഖത്ത് ഗൗരവം വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ചിരിച്ച മുഖത്തോടെ പറയുന്ന യെച്ചൂരി, പാര്‍ട്ടിക്കുള്ളിലുയര്‍ന്ന പ്രശ്നങ്ങളെല്ലാം ചിരിച്ചുകൊണ്ട് പറഞ്ഞ് തീര്‍ത്തു.
മോദി ഭരണകാലത്തെ പൗരത്വ ഭേദഗതി, കശ്മീര്‍, നോട്ടുനിരോധം വിഷയങ്ങളിലെല്ലാം പ്രതിപക്ഷ സമരങ്ങളിലെ കരുത്തുറ്റ നേതാവായി മാറി. ഇന്ത്യന്‍ രാഷ്ട്രീയം മാറിമറിഞ്ഞപ്പോള്‍ പ്രതിപക്ഷ കൂട്ടായ്മ ഒരുക്കുന്നതില്‍ മുഖ്യ കണ്ണിയുമായി. വാഗ്മിയും നയതന്ത്രജ്ഞനും രചയിതാവുമായ അദ്ദേഹം, നേപ്പാള്‍ മാവോയിസ്റ്റുകളെ ജനാധിപത്യ പാതയിലേക്ക് നയിക്കുന്നതിന് മധ്യസ്ഥന്‍ വരെയായി.