National
ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
തലയ്‌ക്ക് ഒരുകോടി ഇനാം പ്രഖ്യാപിക്കപ്പെട്ട ഒരാളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
റായ്പുര്‍ | ഛത്തിസ്ഗഢില്‍ 12 പേരെ മാവോയിസ്റ്റുകളെ സുരക്ഷാ സേന ഏറ്റുമുട്ടലിനിടെ വധിച്ചു. ഛത്തിസ്ഗഢ്-ഒഡീഷ അതിര്‍ത്തിക്കു സമീപത്തെ ഗരിയാബന്ദ് ജില്ലയിലുള്ള കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തലയ്‌ക്ക് ഒരുകോടി ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമായ ചലപതിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
സോനാബേദ-ധര്‍ണബന്ധ കമ്മിറ്റിയില്‍ നിന്നുള്ള ഇടതുപക്ഷ തീവ്രവാദികളായ രണ്ട് വനിതകളെ സേന വെടിവച്ചു കൊലപ്പെടുത്തി ഒരു ദിവസത്തിനു ശേഷമാണ് പുതിയ സംഭവം. ഗരിയാബന്ദ് ജില്ലാ പോലീസ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സി ആര്‍ പി എഫ്), കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ (കോബ്ര), ഒഡീഷ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് (എസ് ഒ ജി) എന്നിവ ഈ ഓപറേഷനില്‍ പങ്കെടുത്തിരുന്നു. ഏറ്റുമുട്ടലില്‍ ഒരു കോബ്ര ജവാന് നിസ്സാരമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
മാവോയിസ്റ്റ് നീക്കങ്ങളെ സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജനുവരി 19ന് ഓപറേഷന്‍ ആരംഭിച്ചത്.