Connect with us

Articles

നിയമത്തെ വെടിവെച്ചിടുന്ന ഏറ്റുമുട്ടൽ കൊലകൾ

കൊല്ലപ്പെടുന്നവര്‍ കുറ്റവാളിയായാല്‍ പോലും വിധി സ്വയം നടപ്പാക്കേണ്ടവര്‍ പോലീസുകാരല്ല. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ബ്രിട്ടീഷ് ഭരണത്തെയാണ് അനുസ്മരിപ്പിക്കുന്നതെന്ന് ഇതു സംബന്ധിച്ച ഒരു കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഈയിടെ വിധിന്യായത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നീതിന്യായ വ്യവസ്ഥിതിയിലും ഭരണഘടനാപരമായ അവകാശങ്ങളിലുമുള്ള വിശ്വാസ്യത തകര്‍ക്കും.

Published

|

Last Updated

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൂടി കൊല്ലപ്പെട്ടു. ഇത്തവണ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ നക്സലൈറ്റുകളാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നത് നമ്മുടെ രാജ്യത്ത് അനുദിനം കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തയാണ്. തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ട നിരോധിത സംഘടനയായ നക്‌സലുകളെ നേരിടാന്‍ പ്രത്യേക സേനാ വിഭാഗത്തെ അതാത് സംസ്ഥാനങ്ങള്‍ നിയോഗിച്ചിട്ടുണ്ട്. അതിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ടും അനുവദിക്കാറുണ്ട്. പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത് നക്‌സലുകള്‍ മാത്രമല്ല. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും “ഏറ്റുമുട്ടലിൽ’ പലപ്പോഴും കൊല്ലപ്പെടുന്നു. ഭരണം നിലനിര്‍ത്തുന്നതിന് വേണ്ടി, ഭരിക്കുന്നവര്‍ക്ക് ഹിതകരമല്ലെന്നു തോന്നുന്നവരെ വെടിവെച്ചു വീഴ്ത്തി അത് ഏറ്റുമുട്ടല്‍ കൊലയാക്കി പോലീസ് ചിത്രീകരിക്കുന്ന സംഭവങ്ങളും കുറവല്ല. കൊല്ലപ്പെടുന്നവര്‍ കുറ്റവാളിയായാല്‍ പോലും വിധി സ്വയം നടപ്പാക്കേണ്ടവര്‍ പോലീസുകാരല്ല. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ബ്രിട്ടീഷ് ഭരണത്തെയാണ് അനുസ്മരിപ്പിക്കുന്നതെന്ന് ഇതു സംബന്ധിച്ച ഒരു കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഈയിടെ വിധിന്യായത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നീതിന്യായ വ്യവസ്ഥിതിയിലും ഭരണഘടനാപരമായ അവകാശങ്ങളിലുമുള്ള വിശ്വാസ്യത തകര്‍ക്കും. ഏത് കേസുകളായാലും തുടക്കം മുതല്‍ അവസാനം വരെ നിയമാനുസൃതമായ വഴികളിലൂടെത്തന്നെ പിന്തുടരണം. പ്രതിയുടെ തത്ക്ഷണ മരണമാണ് ശരിയായ ശിക്ഷയെന്ന സിദ്ധാന്തം വെച്ചുപുലര്‍ത്തുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ഭരത ചക്രവര്‍ത്തി നിരീക്ഷിക്കുകയുണ്ടായി. ഏറ്റുമുട്ടല്‍ കൊലക്കെതിരെ സുപ്രീം കോടതിയില്‍ നിന്നടക്കം പോലീസിനെതിരെ പരാമര്‍ശങ്ങളുണ്ടാകാറുണ്ടെങ്കിലും പോലീസ് പറയുന്ന “ഏറ്റുമുട്ടല്‍ കൊല’ തുടരുകയാണ്. കഴിഞ്ഞ 13 മാസത്തിനിടെ പോലീസ് ഏറ്റുമുട്ടലില്‍ തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ടത് 12 പേരാണ്. കൊല്ലപ്പെട്ട പലരും കൊലപാതകമുള്‍പ്പെടെയുള്ള കേസുകളിലെ പ്രതികളാണ്. ബി എസ് പി സംസ്ഥാന അധ്യക്ഷന്‍ കെ ആംസ്ട്രോംഗിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തിരുവെങ്കിടവും കൊല്ലപ്പെട്ടവരിലുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലെ ഏറ്റുമുട്ടല്‍ കൊല ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും പതിവാകുകയാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ഷെയ്ഖ് ഉൾപ്പെടെ നാല് പേര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം വിവാദമായിരുന്നു. മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നാരോപിച്ച് 2004 ജൂണ്‍ 15ന് പ്രാണേഷ് പിള്ള, ഇസ്‌റത്ത് ജഹാന്‍, അംജദലി അക്ബറലി റാണ, സീഷന്‍ ജൊഹാര്‍ എന്നിവരെ അഹമ്മദാബാദില്‍ വെച്ച് പോലീസ് കൊലപ്പെടുത്തുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2017 ജനുവരി മുതല്‍ 2022 ജനുവരി വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ ഏറ്റുമുട്ടലില്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 655 പേരാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വര്‍ഷം പാര്‍ലിമെന്റില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഛത്തീസ്ഗഢിലും ഉത്തര്‍ പ്രദേശിലുമാണ് ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത്. അസം, ഝാര്‍ഖണ്ഡ്, ഒഡിഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഏറ്റുമുട്ടല്‍ കൊല കുറവല്ല. കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സംസ്ഥാന നിയമസഭയില്‍, 2017 മുതല്‍ 2023 വരെ 10,713 ഏറ്റുമുട്ടലുകളില്‍ 164 പേര്‍ കൊല്ലപ്പെട്ടുവെന്ന കണക്ക് പുറത്തുവിടുകയുണ്ടായി. എന്നാല്‍ ഏറ്റുമുട്ടലുകളുണ്ടാകുന്ന സാഹചര്യങ്ങളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ പോലീസ് തയ്യാറാകാറില്ല. ഇക്കാര്യം മനുഷ്യാവകാശ സംഘടനകളും നിയമ വിദഗ്ധരും പലതവണ ചൂണ്ടിക്കാട്ടിയതാണ്. ക്രമസമാധാന പാലനത്തിനും ജനങ്ങളുടെ ഭീതി അകറ്റുന്നതിനും ഏറ്റുമുട്ടല്‍ നടപടികളിലേക്ക് തിരിയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്ന ന്യായീകരണമാണ് പോലീസില്‍ നിന്നുണ്ടാകുന്നത്. പോലീസ് ഏറ്റുമുട്ടലില്‍ മരണം സംഭവിക്കുന്ന ചില ഘട്ടങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 96 മുതല്‍ 106 വരെയുള്ള വകുപ്പുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം ഘട്ടങ്ങളില്‍ പോലീസ് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി അക്കമിട്ടു നിരത്തിയിട്ടുണ്ട്. കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ ഇലക്ട്രോണിക് ഫയലുകളില്‍ സൂക്ഷിക്കണം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വിവരം പോലീസ് പ്രഥമവിവര റിപോര്‍ട്ടില്‍ രേഖപ്പെടുത്തണം. മൃതദേഹം രാസപരിശോധനക്ക് വിധേയമാക്കണം. രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുകയും അവ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യണം. ഏറ്റുമുട്ടലില്‍ സെക് ഷന്‍ 176 പ്രകാരം അന്വേഷണം നടത്തേണ്ടത് മജിസ്‌ട്രേറ്റ് പദവിയിലുള്ളവരായിരിക്കണം. സംസ്ഥാന, ദേശീയ മനുഷ്യാവകാശ കമ്മീഷനെ വിവരങ്ങള്‍ ധരിപ്പിക്കണം. മരിച്ചയാളുടെ അടുത്ത ബന്ധുക്കളെ ഉടന്‍ വിവരം അറിയിക്കണം. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 357 എ വകുപ്പനുസരിച്ച് പരിശോധിച്ച് തീരുമാനിക്കണം തുടങ്ങിയവയാണ് സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍. ഏറ്റുമുട്ടല്‍ കൊലയില്‍ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉടനെ സ്ഥാനക്കയറ്റമോ പാരിതോഷികമോ നല്‍കരുതെന്നും സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഈ നിബന്ധനകള്‍ പാലിക്കപ്പെടാതിരുന്നാല്‍ ഇരയുടെ കുടുംബത്തിന് സെഷന്‍സ് കോടതിയെ സമീപിക്കാനുള്ള അനുമതിയും സുപ്രീം കോടതി നല്‍കുന്നുണ്ട്. സുപ്രീം കോടതി ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനു മുമ്പ് 1997ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇതുപോലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ നടപടിക്രമങ്ങളൊന്നും രാജ്യത്ത് നടക്കുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ പാലിക്കപ്പെടാറില്ല എന്നതാണ് വസ്തുത.

ഈ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതിരിക്കുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഏറ്റുമുട്ടല്‍ കൊലകളില്‍ കോടതികള്‍ സ്വമേധയാ കേസെടുക്കേണ്ടതാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അത്തരം ഒരാവശ്യം മുന്നോട്ടു വെക്കുന്നു. 2022 ജനുവരിയില്‍ ഹൈദരാബാദില്‍ വനിതാ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യ വാര്‍ത്ത. എന്നാല്‍ ഇതുസംബന്ധിച്ച് അന്വേഷിച്ച ജസ്റ്റിസ് ചിര്‍പുര്‍ക്കര്‍ കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത് ഇത് വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട പത്ത് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. നമ്മുടെ രാജ്യത്ത് നടക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ച് അന്വേഷിച്ചാല്‍ പല കേസുകളിലും ഇതുപോലെ പ്രതിസ്ഥാനത്ത് പോലീസുകാരെ കണ്ടെത്താനാകും.

Latest