National
ജമ്മുകാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു
കൊക്കർനാഗ് സബ് ഡിവിഷനിലെ വനത്തിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് സൈനിക പട്രോളിംഗ് ലക്ഷ്യമിട്ട് ഭീകരർ ആക്രമണം നടത്തിയത്.
ശ്രീനഗർ | ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഇന്ന് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഒരു സൈനികനും രണ്ട് സാധാരണക്കാർക്കും പരിക്കേൽക്കുകയും ചെയ്തു. അനന്ത്‌നാഗ് ജില്ലയിലെ അഹ്‌ലൻ ഗഡോളിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
കൊക്കർനാഗ് സബ് ഡിവിഷനിലെ വനത്തിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് സൈനിക പട്രോളിംഗ് ലക്ഷ്യമിട്ട് ഭീകരർ ആക്രമണം നടത്തിയത്. വിദേശികളെന്ന് കരുതുന്ന ഭീകരരെ തുരത്താനുള്ള ഓപ്പറേഷൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന സൈന്യത്തിന്റെ പ്രത്യേക സേനയായ പാരാട്രൂപ്പർമാർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കൊക്കർനാഗിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇന്നത്തെ വെടിവെപ്പ്. 2023 സെപ്റ്റംബറിൽ, കോക്കർനാഗ് വനത്തിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ ഒരു കമാൻഡിംഗ് ഓഫീസറും ഒരു മേജറും ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഉൾപ്പെടുന്നു.