Connect with us

Editorial

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ കടന്നുകയറ്റം

ഭരണകൂട ഭീകരതയടക്കം ഏത് മനുഷ്യാവകാശ ലംഘനങ്ങളും വെളിച്ചത്തു കൊണ്ടുവരികയെന്നത് മാധ്യമ പ്രവര്‍ത്തകരുടെ ബാധ്യതയും മാധ്യമ ധാര്‍മികതയുമാണ്. കാരവന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച പി സി ഐ നിലപാട് ദുരൂഹമാണ്.

Published

|

Last Updated

“ദി കാരവന്‍’ മാസികക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി സി ഐ). ഇന്ത്യന്‍ സൈന്യം സാധാരണ പൗരന്മാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച് രജീന്ദര്‍ കൗര്‍ തയ്യാറാക്കിയ അന്വേഷണാത്മക റിപോര്‍ട്ടായ “സ്‌ക്രീംസ് ഫ്രം ദ ആര്‍മി പോസ്റ്റ്’ പങ്കുവെച്ചതിനാണ് നോട്ടീസ്. ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളില്‍ സൈനികര്‍ നടത്തിയ പീഡനങ്ങളും അതിക്രമങ്ങളും തുറന്നു കാട്ടുന്നതാണ് പ്രസ്തുത റിപോര്‍ട്ട്. ഈ ജില്ലകളില്‍ നിന്ന് സൈനികര്‍ 25 പേരെ പിടികൂടി സൈനിക പോസ്റ്റുകളിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും ഇവരില്‍ മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തതായി റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ഗുജ്ജാര്‍, ബക്കര്‍വാള്‍ സമുദായത്തില്‍ നിന്നുള്ളവരാണ് ഇരകളെന്നാണ് സൂചന.

പ്രസ്തുത റിപോര്‍ട്ട് മാസികയില്‍ നിന്ന് നീക്കം ചെയ്യാന്‍ നേരത്തേ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം കാരവന്‍ മാസികയോട് ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കില്‍ മാസികയുടെ വെബ്‌സൈറ്റ് നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കി. ഇതിനു പിന്നാലെയാണ് പി സി ഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്. എന്നാല്‍ വസ്തുതാപരമാണ് റിപോര്‍ട്ടില്‍ പറയുന്ന സൈനികരുടെ കസ്റ്റഡി പീഡനത്തിന്റെയും കൊലപാതകത്തിന്റെയും വിവരണമെന്നാണ് കാരവന്‍ മാസികയുടെ നിലപാട്. ഇരകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചതിലൂടെ ജമ്മു കശ്മീര്‍ ഭരണകൂടം ഈ സംഭവം അംഗീകരിച്ചു കഴിഞ്ഞതാണെന്നും കാരവന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇതേക്കുറിച്ച് നടന്ന ഔദ്യോഗിക അന്വേഷണത്തിലും സൈനിക അതിക്രമം യാഥാര്‍ഥ്യമാണെന്ന് കണ്ടെത്തിയതാണ്.
രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്ന മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത്. മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള സ്വയം നിയന്ത്രിത കാവല്‍ക്കാരനെന്നാണ് പി സി ഐ വിശേഷിപ്പിക്കപ്പെടുന്നത്. ഭരണകൂട ഭീകരതയടക്കം ഏത് മനുഷ്യാവകാശ ലംഘനങ്ങളും വെളിച്ചത്തു കൊണ്ടുവരികയെന്നത് മാധ്യമ പ്രവര്‍ത്തകരുടെ ബാധ്യതയും മാധ്യമ ധാര്‍മികതയുമാണ്. കാരവന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച പി സി ഐ നിലപാട് ദുരൂഹമാണ്. സൈനിക ക്രൂരത സംബന്ധിച്ച റിപോര്‍ട്ടിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക യൂനിഫോം ധരിച്ച് തന്റെ സ്റ്റൈലിഷ് ഏവിയേഷന്‍ സണ്‍ഗ്ലാസിലൂടെ സൈനിക പ്രദര്‍ശനം നിരീക്ഷിക്കുന്ന ചിത്രം പ്രിന്റ് എഡിഷനില്‍ കാരവന്‍ മാസിക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതായിരിക്കുമോ പി സി ഐയുടെ ഇടപെടലിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.
കാലങ്ങളായി ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളും വസ്തുതാന്വേഷണ സംഘങ്ങളും റിപോര്‍ട്ട് ചെയ്തു വരുന്നതാണ് അസമിലും കശ്മീരിലും മണിപ്പൂരിലുമെല്ലാം നടക്കുന്ന സൈനിക അതിക്രമങ്ങള്‍. ഭീകരരെ വധിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികം കരസ്ഥമാക്കാന്‍ നിരപരാധികളെ പിടികൂടി അതിര്‍ത്തി പ്രദേശത്തു കൊണ്ടുപോയി വെടിവെച്ചു കൊന്ന ശേഷം ഭീകര വേട്ടയായി ചിത്രീകരിക്കുക, സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയവ പതിവു വാര്‍ത്തയാണ് മേല്‍ സംസ്ഥാനങ്ങളില്‍. ഇവയില്‍ പലതും അധികൃതര്‍ സ്ഥിരീകരിക്കുകയും പ്രതികളായ സൈനികോദ്യോഗസ്ഥര്‍ നിയമനടപടികള്‍ക്ക് വിധേയരാകുകയും ചെയ്തിട്ടുണ്ട്. സേനക്ക് ഭരണകൂടം നല്‍കിയ പ്രത്യേക അധികാര നിയമം (അഫ്‌സ്പ) ദുരുപയോഗം ചെയ്താണ് ഈ അതിക്രമങ്ങള്‍ നടത്തി വരുന്നത്.
അസമില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മേജര്‍ എ കെ ലാല്‍ അടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥരെ സൈനിക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുണ്ടായി. 2018 ഒക്ടോബറിലാണ് ഇത്. അസമിലെ തിന്‍സൂക്കിയ ജില്ലയില്‍ നിന്ന് ഒമ്പത് പേരെ പിടികൂടിയ സൈന്യം തീവ്രവാദ ബന്ധം ആരോപിച്ച് അഞ്ച് പേരെ വെടിവെച്ചുകൊന്ന സംഭവമാണ് കേസിനാസ്പദം. 2020 ജൂലൈ 16ന് കൊറോണ വ്യാപന കാലത്ത് ജമ്മു കശ്മീരിലെ രജൗരിയില്‍ നിന്ന് മൂന്ന് യുവാക്കളെ കാണാതായി. പിന്നാലെ ജൂലൈ 18ന് ഷോപ്പിയാനിലെ അഷിപ്പോറയില്‍ മൂന്ന് തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി സൈനിക കേന്ദ്രങ്ങള്‍ രംഗത്തു വന്നു. മാധ്യമങ്ങള്‍ ഫോട്ടോ സഹിതം വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രജൗരിയില്‍ നിന്ന് അപ്രത്യക്ഷരായ യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തീവ്രവാദികളെ വധിച്ചാല്‍ ലഭിക്കുന്ന 20 ലക്ഷം പാരിതോഷികം കൈക്കലാക്കാന്‍ 62 ആര്‍ ആര്‍ റെജിമെന്റ് ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിംഗ് ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് ഈ വ്യാജ ഏറ്റുമുട്ടലെന്നാണ് അന്വേഷണ സംഘം കശ്മീര്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ സൈനിക ജീപ്പിനു മുന്നില്‍ ഫാറൂഖ് അഹമ്മദ് എന്ന യുവാവിനെ മനുഷ്യ കവചമായി കെട്ടിയ സംഭവവും കുപ്രസിദ്ധമാണ്.
മുന്‍ ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ആംനസ്റ്റി ഇന്റര്‍ നാഷനല്‍ പോലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും സ്ഥിരീകരിച്ചതാണ് കശ്മീരിലെ സൈനിക അതിക്രമങ്ങള്‍. തീവ്രവാദികളെയല്ല, കശ്മീര്‍ ജനതയുടെ സുരക്ഷക്കെന്ന പേരില്‍ നിയോഗിക്കപ്പെട്ട സൈന്യത്തെയാണ് കശ്മീരികള്‍ ഇന്നേറ്റവും കൂടുതല്‍ ഭയക്കുന്നത്. ഇതൊക്കെ പുറംലോകത്തെ അറിയിക്കേണ്ടതും മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നു കാണിക്കേണ്ടതും മാധ്യമങ്ങളുടെ ബാധ്യതയല്ലേ? ഇതിലപ്പുറം എന്ത് തെറ്റാണ് കാരവന്‍ ചെയ്തതെന്ന് വ്യക്തമല്ല. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് ഈ നടപടി.

Latest