Connect with us

Kerala

പൂപ്പാറയിലെ കയ്യേറ്റം; പുനരധിവാസം പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

ശാന്തന്‍പാറ പഞ്ചായത്തുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിര്‍ദേശം.

Published

|

Last Updated

കൊച്ചി| ഇടുക്കി പൂപ്പാറയിലെ കയ്യേറ്റ ഭൂമിയില്‍ നിന്നും ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കുന്ന കാര്യം പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി. ശാന്തന്‍പാറ പഞ്ചായത്തുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിര്‍ദേശം. പൂപ്പാറയില്‍ നിന്നും ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ശാന്തന്‍പാറ പഞ്ചായത്ത് കണ്ടെത്തിയ 75 സെന്റ് സ്ഥലം വാസയോഗ്യമാണോ എന്ന് പരിശോധിക്കണം. ഇതിനായി ശാന്തന്‍പാറ പഞ്ചായത്ത് സെക്രട്ടറിയുമായി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണം. പന്നിയാര്‍ പുഴയുടെ ഒഴുക്ക് തടസപ്പെടുത്തിയുള്ള നിര്‍മാണങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് മുന്‍പ് കോടതിയെ അറിയിക്കണമെന്നും ഇപ്പോഴുള്ള കെട്ടിടത്തില്‍ നിന്നും വ്യാപാരികളുടെ സാധനങ്ങള്‍ നീക്കം ചെയ്യാന്‍ അനുമതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം നിരുത്സാഹപ്പെടുത്തുന്ന വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായതെന്ന് വ്യാപാരികള്‍ പ്രതികരിച്ചു. ശാന്തന്‍പാറ പഞ്ചായത്ത് സെക്രട്ടറിയെ ഹരജിയില്‍ സ്വമേധയാ കക്ഷി ചേര്‍ത്ത ഹൈക്കോടതി ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. റവന്യു വകുപ്പ് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

 

 

 

Latest