From the print
അധികാരത്തിലെ കടന്നുകയറ്റം: പ്രതികരിച്ച് സുപ്രീം കോടതി
നിയമനിര്‍മാണ, എക്സിക്യൂട്ടീവ് മേഖലകളില്‍ കോടതി ഇതിനകം തന്നെ കടന്നുകയറ്റം നടത്തുന്നതായുള്ള ആരോപണം നേരിടുന്നുവെന്ന് ബി ജെ പി നേതാക്കളുടെ പരാമര്‍ശത്തെ സൂചിപ്പിച്ച് ജസ്റ്റിസ് ബി ആര്‍ ഗവായ്

ചെയ്തത് സുപ്രീം കോടതിക്കെതിരെയുള്ള ഭരണകക്ഷി നേതാക്കളുടെ പരാമർശങ്ങളിൽ പ്രതികരണവുമായി സുപ്രീം കോടതി. നിയമനിർമ്മാണ, എക്സിക്യൂട്ടീവ് മേഖലകളിൽ കോടതി തന്നെ കടന്നുകയറ്റം നടത്തുന്നതായുള്ള ആരോപണം നേരിടുന്നുണ്ടെന്ന് ബി ജെ പി നേതാക്കളുടെ പരാമർശത്തെ സൂചിപ്പിച്ച് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു. പശ്ചിമ ബംഗാളിലെ അക്രമത്തിൽ ഇടപെടാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് വിഷയം പരാമർശിച്ചത്.
മുർഷിദാബാദിൽ നടന്ന അക്രമം കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ ബാഹ്യ ആക്രമണത്തിനും ആഭ്യന്തര അസ്വസ്ഥതയ്ക്കും എതിരെ ഭരണഘടന അനുഛേദം 355 പ്രകാരം നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിനോട് അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ അഭിഭാഷകനായ വിഷ്ണു ശങ്കര് ജെയിനാണ് ഹരജി നൽകിയത്. ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസീഹ് എന്നിവരടങ്ങിയ ബഞ്ചിൻ മുമ്പാകെ ഹരജി പരാമർശിച്ചപ്പോഴാണ് ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിനെതിരെ ഉയർന്ന ആരോപണങ്ങൾ സൂചിപ്പിച്ചിരിക്കുന്ന പരാമർശം ജസ്റ്റിസ് ഗവായി നടത്തി.
നിയമനിർമ്മാണം, എക്സിക്യൂട്ടീവ് എന്നീ മേഖലകളിൽ കോടതി തന്നെ കടന്നുകയറ്റം നടത്തുന്നതായുള്ള ആരോപണം നേരിടുന്നുണ്ട്. കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? പാർലിമെൻ്ററി, എക്‌സിക്യൂട്ടീവ് പ്രവർത്തനങ്ങളിൽ കോടതി കടന്നുകയറ്റം നടത്തിയതായി ആരോപിക്കപ്പെടുന്നുണ്ടെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. ഹരജി ഇന്ന് പരിഗണിക്കും.
അതിനിടെ, പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നടന്ന അക്രമത്തെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹരജിയിൽ ഉന്നയിച്ച വാദങ്ങൾ ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങുന്ന ബഞ്ച് കടുത്ത വിമർശനം ഉന്നയിച്ചു. സുപ്രീം കോടതിയിൽ സമർപ്പിക്കുന്ന ഹരജിയിലെ വാദങ്ങളിൽ ശ്രദ്ധയും ഉത്തരവാദിത്വവും പുലർത്തണമെന്ന് അഭിഭാഷകൻ ശശാങ്ക് ശേഖര് ജ്ഹായോട് ബഞ്ച് പറഞ്ഞു. ഹരജിയിൽ ഉന്നയിച്ച ചില വാക്കുകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റം സംബന്ധിച്ച റിപ്പോർട്ടുകളുമാണ് കോടതിയെ ചൊടിപ്പിച്ചത്. ഹരജി മാറ്റി ഫയൽ ചെയ്യാൻ കോടതി അനുമതി നൽകി.