Connect with us

International

15 മാസം നീണ്ട യുദ്ധത്തിന് അന്ത്യം; ഗസയില്‍ ആഹ്‌ളാദം

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതായി അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം

Published

|

Last Updated

ഗസ/വാഷിംഗ്ടണ്‍ | പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്‌റാഈല്‍ ഹമാസ് സമാധാന കരാര്‍ നിലവില്‍ വന്നതോടെ ഫലസ്തീന്‍ തെരുവുകളില്‍ ജനങ്ങളുടെ ആഹ്ലാദ പ്രകടനം. വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ എങ്ങും ആഹ്ലാദം അലതല്ലി. വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡന്‍ സമാധാന കരാര്‍ അമേരിക്കന്‍ നയതന്ത്രത്തിന്റെയും ദീര്‍ഘമായ പിന്നാമ്പുറ ചര്‍ച്ചകളുടെയും ഫലമാണെന്ന് വ്യക്തമാക്കി.

സമാധാന കരാര്‍ നിലനില്‍ക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡന്‍ പറഞ്ഞു. സമാധാന കരാര്‍ ആദ്യ ഘട്ടത്തിന്റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകള്‍ക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അത് ഇസ്‌റാഈല്‍ ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ മെയില്‍ അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായത്.

ഗസയില്‍ വെടി നിര്‍ത്തലിനുള്ള കരാര്‍ ഇസ്‌റാഈലും ഹമാസും അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ബൈഡന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഗസയില്‍ ശാന്തി പുലരുമെന്ന പ്രതീക്ഷയിലാണ് ലോകം. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ഷ്യന്‍-ഖത്തര്‍ മധ്യസ്ഥര്‍ നടത്തിയ മാസങ്ങള്‍ നീണ്ട തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ വഴിത്തിരിവ്.

ബന്ദികളുടെയും ഫലസ്തീന്‍ തടവുകാരുടെയും മോചനത്തിനും കരാറില്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്‌റാഈലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 ഫലസ്തീനി തടവുകാരെയായിരിക്കും ഇസ്‌റാഈല്‍ കൈമാറുക. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്.

 

Latest