From the print
അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കൽ; പ്രതിഷേധവുമായി കേരളം
യോഗ തീരുമാനം പ്രാവർത്തികമാക്കിയില്ല: മന്ത്രി റിയാസ്
ഷിരൂർ/കോഴിക്കോട് | ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചതിൽ പ്രതിഷേധവുമായി കേരളം. കർണാടക സർക്കാറിന്റെ തീരുമാനം കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിൽ ആണ് അറിയിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗ തീരുമാനങ്ങൾ നടപ്പാക്കാതെയാണ് തിരച്ചിൽ അവസാനിപ്പിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഈ തീരുമാനം തങ്ങളെ അറിയിച്ചിട്ടില്ല. ഇന്നലെ കാലാവസ്ഥ പ്രതികൂലമായിരുന്നില്ല. പുഴയുടെ ഒഴുക്കും കുറഞ്ഞിരുന്നു. എന്നിട്ടും കൂടിയാലോചന നടത്താതെയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം നടത്തുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പോണ്ട്യൂൺ വരില്ലെന്ന് പറഞ്ഞില്ല.യന്ത്രങ്ങൾ എത്തിച്ചതുമില്ല. ഈ സമീപനം അംഗീകരിക്കാനാകില്ല. തീരുമാനത്തിൽ നിന്ന് കർണാടക പിന്നോട്ടുപോകണം. പരിമിതിയിൽ നിന്ന് രക്ഷാദൗത്യം തുടരാൻ ശ്രമിക്കുന്നില്ല. എല്ലാ സംവിധാനങ്ങളും ഒരുക്കി മുന്നോട്ട് പോകുകയാണ് വേണ്ടത്.
ഈ പശ്ചാത്തലത്തിലും ആരെയും കുറ്റപ്പെടുത്തുന്നില്ല. കർണാടക സർക്കാറിനെ ഇതുവരെ സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തിയിട്ടില്ല. ഷിരൂരിൽ കഠിനാധ്വാനം ചെയ്യുന്നവരെ ബഹുമാനിക്കുന്നു. എല്ലാ സാധ്യതകളും പരിശോധിക്കണം. അനാവശ്യ വിവാദത്തിനില്ലെന്നും ആരെയും ബന്ധപ്പെടാതെ തീരുമാനം എടുത്തത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. തിരച്ചിൽ പൂർണമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനമെന്ന് സംശയിക്കുന്നതായി ദുരന്തസ്ഥലത്തുള്ള കണ്ണൂർ കല്യാശ്ശേരി എം എൽ എ. എം വിജിൻ പ്രതികരിച്ചു.