Connect with us

From the print

അറുതിയില്ലാ ആക്രമണം; ബൈത്ത് ലഹിയയില്‍ 50ലേറെ പേരെ കൊന്നു

ദക്ഷിണ നഗരമായ ഖാന്‍ യൂനുസിലെ അല്‍ അമല്‍ സിറ്റി ആശുപത്രി പരിസരത്ത് നടന്ന ആക്രമണത്തില്‍ 12 പേര്‍ മരിച്ചതായി ഫലസ്തീനിയന്‍ റെഡ് ക്രസന്റ് വൃത്തങ്ങള്‍ അറിയിച്ചു.

Published

|

Last Updated

ഗസ്സ സിറ്റി | ഫലസ്തീനില്‍ ഇസ്റാഈല്‍ ക്രൂരതക്ക് അറുതിയില്ല. സിവിലിയന്മാരെ ആക്രമിക്കുന്നത് നിര്‍ത്തണമെന്ന അന്താരാഷ്ട്ര ആവശ്യം തള്ളി ആക്രമണം വ്യാപിപ്പിക്കുമെന്ന തീരുമാനത്തിലാണ് ഇസ്റാഈല്‍. ഇന്നലെ രാവിലെ ബൈത്ത് ലഹിയയില്‍ നടന്ന ആക്രമണത്തില്‍ അമ്പതിലേറെ പേരെ കൊന്നു. ഖാന്‍ യൂനുസ്, മഗാസി മേഖലകളിലും ആക്രമണം ശക്തമാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദക്ഷിണ നഗരമായ ഖാന്‍ യൂനുസിലെ അല്‍ അമല്‍ സിറ്റി ആശുപത്രി പരിസരത്ത് നടന്ന ആക്രമണത്തില്‍ 12 പേര്‍ മരിച്ചതായി ഫലസ്തീനിയന്‍ റെഡ് ക്രസന്റ് വൃത്തങ്ങള്‍ അറിയിച്ചു.

കൂടുതലിടങ്ങളിലേക്ക്
മധ്യ ഗസ്സയില്‍ നിന്നും ഖാന്‍ യൂനുസില്‍ നിന്നും പതിനായിരക്കണക്കിന് ഫലസ്തീന്‍കാര്‍ പലായനം ചെയ്യുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനാ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അതിനിടെ, ഹമാസിനെ തകര്‍ക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ സാധിക്കാത്ത സ്ഥിതിക്ക് കൂടുതല്‍ ആക്രമണത്തിലേക്ക് പോകുകയല്ലാതെ വഴിയില്ലെന്ന് ഐ ഡി എഫ് മേധാവി സൂചിപ്പിച്ചു. ആക്രമണമുന വടക്കന്‍ ഗസ്സയില്‍ നിന്ന് ഖാന്‍ യൂനുസിലേക്ക് മാറ്റിയതും ഗസ്സയിലെ കൂടുതലിടങ്ങളില്‍ ബോംബാക്രമണം ശക്തമാക്കുന്നതും ഇതിന്റെ ഭാഗമാണ്. അതേസമയം, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഫലസ്തീന്‍ അതോറിറ്റി ഭരണം കൈയാളുന്ന ഇടങ്ങളിലും ഇസ്റാഈല്‍ സൈന്യം വ്യാപക റെയ്ഡ് തുടങ്ങി.

ഒക്ടോബര്‍ ഏഴിന് ശേഷം ആരംഭിച്ച ക്രൂരമായ ആക്രമണത്തില്‍ ഗസ്സയില്‍ മരിച്ചവരുടെ എണ്ണം 21,320 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് അശ്റഫ് അല്‍ ഖുദ്റ അറിയിച്ചു. 55,603 പേര്‍ക്ക് പരുക്കേറ്റു.

 

---- facebook comment plugin here -----

Latest