Connect with us

Articles

അവസാനിക്കാത്ത വംശീയ യുദ്ധങ്ങൾ

ഭൂരിപക്ഷ വംശീയത ആളിക്കത്തിച്ച് കുകികൾക്കെതിരായി ആർ എസ് എസിന്റെ നിയന്ത്രണമുള്ള വംശീയ സംഘങ്ങൾ മണിപ്പൂരിനെ കലാപഭൂമിയാക്കുകയായിരുന്നു. മുഖ്യമന്ത്രി ബിരേൻസിംഗിന്റെ ഭൂരിപക്ഷ പ്രീണനനയങ്ങളാണ് കുകി, നാഗാ, സോമാ വിഭാഗങ്ങളിൽ അന്യവത്കരണം ഉണ്ടാക്കിയത്.

Published

|

Last Updated

മണിപ്പൂർ ആഭ്യന്തരയുദ്ധത്തിലേക്ക് കടന്നിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കലാപകാരികൾ മണിപ്പൂർ റൈഫിൾസ് ഉൾപ്പെടെയുള്ള സേനാവിഭാഗങ്ങളുടെ ആയുധസംഭരണികൾ കൊള്ളയടിച്ച് ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഡ്രോൺ ബോംബും റോക്കറ്റും ഉപയോഗിച്ച് വടക്കുകിഴക്കൻ മേഖലയിലാകെ യുദ്ധഭീതി പടർത്തിയിരിക്കുകയാണ് വംശീയ ഭീകരവാദികൾ. കഴിഞ്ഞ ശനിയാഴ്ച കുകി-മെയ്തി വംശീയവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒന്നര വർഷക്കാലമായി തുടരുന്ന വംശീയ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ശ്രമിച്ചില്ലെന്നതാണ് വാസ്തവം.

മെയ്തികളുടെ പക്ഷംപിടിച്ച് കുകി-ക്രിസ്തീയ വിഭാഗങ്ങൾക്കിടയിൽ വംശീയ, മതയുദ്ധമാരംഭിക്കുകയാണ് സംഘ്പരിവാർ ചെയ്തത്. മുഖ്യമന്ത്രി ബിരേൻസിംഗ് സ്വീകരിച്ച നഗ്‌നമായ മെയ്തി പക്ഷപാതിത്വമാണ് ഇംഫാൽ താഴ്്വരയിലെയും പൊതുവെ മണിപ്പൂരിലെയും സ്ഥിതിഗതികളെ അപരിഹാര്യമായ അവസ്ഥയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ശനിയാഴ്ച അസം അതിർത്തിയിലെ ജിലിബാൻ ജില്ലയിലുണ്ടായ അക്രമണങ്ങളിലാണ് ആറ് പേർ കൊല്ലപ്പെട്ടത്. വീട്ടിൽ ഉറങ്ങിക്കിടന്ന ഒരാളെ പുലർച്ചെ അഞ്ചരയോടെ അക്രമികൾ വെടിവെച്ചുകൊല്ലുകയായിരുന്നു. നുങ്ങ്ചെപ്പി ഗ്രാമത്തിലെ മെയ്തി വംശജനായ യുറേബം കുലേന്ദ്രസിംഗ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ അക്രമണങ്ങളിലാണ് നാല് കുകി വിഭാഗക്കാരും ഒരു മെയ്തി വിഭാഗക്കാരനും കൊല്ലപ്പെട്ടത്. അതിരൂക്ഷമായ സംഘർഷാന്തരീക്ഷമാണ് ജില്ലയിൽ നിലനിൽക്കുന്നത്. അതിനുമുമ്പ് കഴിഞ്ഞ വെള്ളിയാഴ്ച ബിഷ്ണുപൂർ ജില്ലയിലെ മൊയിറാം പട്ടണത്തിൽ റോക്കറ്റ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പരേതനായ മുൻമുഖ്യമന്ത്രി കൊയ്റൻസിംഗിന്റെ വീടിനുനേരെ റോക്കറ്റാക്രമണമുണ്ടായി. ആശങ്കാജനകമായ കാര്യം ഡ്രോൺ ബോംബുകൾ ആക്രമണത്തിന് ഉപയോഗിക്കുന്നുവെന്നതാണ്. പോലീസിനു നേരെയും കലാപകാരികളുടെ ആക്രമണങ്ങൾ വ്യാപകമായിരിക്കുന്നു. ചുരാചന്ദ്പൂരിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയും ആക്രമണ സംഭവങ്ങളുണ്ടായി. മണിപ്പൂരിലെ നിയമവാഴ്ച തകരുകയും ആഭ്യന്തരയുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ മണിപ്പൂരിലെ സംഘർഷം നിയന്ത്രിക്കുന്നതിൽ സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നത്. 2023ൽ മെയ്തികൾക്ക് പട്ടികവർഗ സംവരണം നൽകിക്കൊണ്ടുള്ള നീക്കങ്ങളാണ് മണിപ്പൂരിനെ സംഘർഷങ്ങളിലേക്ക് തള്ളിവിട്ടത്. ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ മണിപ്പൂരിനെ ചോരക്കളമാക്കിയതിന്റെ ഉത്തരവാദിത്വം ബിരേൻസിംഗിനും കേന്ദ്രസർക്കാറിനു പിന്നിൽ പ്രവർത്തിക്കുന്ന ആർ എസ് എസിനുമാണ്.
മണിപ്പൂർ പ്രശ്നത്തിന്റെ ചരിത്രപരവും സാമ്പത്തികവുമായ കാരണങ്ങളെയും സംഘ്പരിവാർ താത്പര്യങ്ങളെയും ഈ ഘട്ടത്തിൽ പരിശോധിച്ചുപോകേണ്ടതുണ്ട്. 1960കളിൽ വടക്കുകിഴക്കൻ മേഖലകളിൽ സ്വത്വരാഷ്ട്രീയത്തിന്റെ സ്വാധീനത്തിൽപ്പെട്ട നിരവധി ഗോത്രവിഭാഗങ്ങളെ അണിനിരത്തി വിഘടനവാദ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അതിന്റെ ഭാഗമായി മണിപ്പൂരിലും സ്വതന്ത്ര മണിപ്പൂർ വാദവും കലാപങ്ങളും ഉയർന്നുവന്നിരുന്നു. നാഗാ ഗോത്രങ്ങളെ ഐക്യപ്പെടുത്തി ഇന്ത്യക്കെതിരെ നാഗാ ദേശീയവാദം വളർന്നുവന്നതും 1960-70 കാലത്താണ്. മണിപ്പൂരിൽ മലമ്പ്രദേശങ്ങളിലെ ഗോത്രവിഭാഗങ്ങളും താഴ്്വരയിലെ മെയ്തി ജനതയും സാംസ്‌കാരികമായിതന്നെ വ്യത്യാസങ്ങളും സ്വത്വ വൈജാത്യങ്ങളും സൂക്ഷിക്കുന്നവരാണ്. ഈ സാംസ്‌കാരിക വൈരുധ്യം ഉപയോഗപ്പെടുത്തിയാണ് ഹിന്ദുത്വശക്തികൾ മെയ്തി വംശജർക്കിടയിൽ സ്വാധീനമുറപ്പിച്ചത്.

മണിപ്പൂരിലെ ജനസംഖ്യ 30 ലക്ഷത്തോളമാണ്. മെയ്തി, കുകി, നാഗാ വംശവിഭാഗങ്ങളിൽപ്പെട്ടവരാണ് മണിപ്പൂരിൽ ഭൂരിപക്ഷവും. ഹിന്ദു വിഭാഗമെന്ന് പറയുന്ന മെയ്തികൾക്ക് ഹിന്ദുമതവുമായി 250 വർഷക്കാലത്തെ ബന്ധമേയുള്ളൂവെന്നാണ് പല ചരിത്രകാരന്മാരും നിരീക്ഷിച്ചിട്ടുള്ളത്. യഥാർഥത്തിൽ അവർ സനാമഹി മതം പിന്തുടരുന്നവരായിരുന്നു. മണിപ്പൂരിന്റെ ഭൂവിസ്തൃതിയടെ 10 ശതമാനത്തോളം വരുന്ന ഇംഫാൽ താഴ്്വരയിലാണ് മെയ്തികൾ താമസിക്കുന്നത്. കുകികളും നാഗാകളും ക്രിസ്ത്യൻ മതവിശ്വാസികളാണ്. കൊളോണിയൽകാലം മുതൽ ആരംഭിച്ച മിഷിനറി പ്രവർത്തനങ്ങളാണ് ഈ ഗോത്രവിഭാഗങ്ങളിൽ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉയർച്ചയുണ്ടാക്കിയത്. മിഷനറി സ്വാധീനം കൊണ്ടുതന്നെയാണ് കുകികൾക്കിടയിൽ ക്രിസ്തുമത വിശ്വാസം ഉണ്ടായത്.
മണിപ്പൂരിന്റെ 90 ശതമാനത്തോളം വരുന്ന മലയോരമേഖലയാണ് കുകികളുടെ വാസമേഖല. പട്ടികവർഗത്തിൽപ്പെട്ട കുകികൾ മ്യാന്മറിലെ ഗോത്രവിഭാഗമായ ചിൻ ആദിവാസി സമൂഹവുമായി പാരമ്പര്യ ബന്ധം പുലർത്തുന്നവരാണ്. ഇപ്പോഴത്തെ സംഭവഗതികൾ കുകി വാസമേഖലയായ പർവത പ്രദേശങ്ങളിലെ ഭൂവിഭവങ്ങളെ കൈയടക്കാനുള്ള കോർപറേറ്റ് താത്പര്യങ്ങളിൽ നിന്ന് ഉടലെടുത്തതാണ്. അതായത് മണിപ്പൂരിലെ സംഘർഷങ്ങളുടെ അടിയിൽ പ്രവർത്തിക്കുന്നത് കോർപറേറ്റ്-വർഗീയ താത്പര്യങ്ങളാണ്. ആൾ ട്രൈബൽസ് സ്റ്റുഡന്റ്‌യൂനിയൻ ഓഫ് മണിപ്പൂർ 2023 മെയ് മൂന്നിന് സംഘടിപ്പിച്ച ട്രൈബൽ സോളിഡാരിറ്റി മാർച്ചാണ് ഇപ്പോഴും തുടരുന്ന വംശീയ കലാപങ്ങൾക്ക് തുടക്കമിട്ടത്.

400 ഓളം പേരുടെ ജീവൻ നഷ്ടപ്പെടുന്നതിലേക്കും ലക്ഷങ്ങൾ വീടുകൾ വിട്ട് പലായനം ചെയ്യുന്നതിലേക്കുമാണ് മണിപ്പൂരിലെ സംഭവഗതികൾ എത്തിനിൽക്കുന്നത്. എത്രയോ സ്ത്രീകൾ ബലാത്സംഗങ്ങൾക്കും കുകി ജനത ആൾക്കൂട്ട കൊലപാതകങ്ങൾക്കും ഇരയായിരിക്കുന്നു. ഈ സംഭവങ്ങൾക്കെല്ലാം കാരണമായിരിക്കുന്നത് മെയ്തികളുടെ സംഘിവത്കരണവും കോർപറേറ്റ് അജൻഡയിൽ നിന്നുള്ള ബിരേൻസിംഗ് സർക്കാറിന്റെ ഇടപെടലുകളുമാണ്. രാജ്യത്തിന്റെ ബഹുസ്വരതയെയും ജനങ്ങളുടെ ജീവിത വ്യവഹാര വൈവിധ്യങ്ങളെയും ഹൈന്ദവ ദേശീയതയിൽ ബലംപ്രയോഗിച്ച് വിലയിപ്പിക്കുകയാണ് കേന്ദ്രസർക്കാറിന്റെ സഹായത്തോടെ ഹിന്ദുത്വവാദികൾ.

ഭരണഘടനയുടെ സംവരണാവകാശങ്ങളെയും മതന്യൂനപക്ഷാവകാശങ്ങളെയും സംസ്ഥാനങ്ങൾക്കും പ്രദേശങ്ങൾക്കുമുള്ള പ്രത്യേക പദവി പരിരക്ഷകളെയും പട്ടികപ്പെടുത്തിയ പ്രദേശങ്ങളെയും ഇല്ലാതാക്കാനുള്ള മോദി സർക്കാറിന്റെ ജനാധിപത്യവിരുദ്ധ അധികാരപ്രയോഗങ്ങളാണ് കഴിഞ്ഞ ഒരു ദശകക്കാലത്തിലേറെയായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുപോലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള ഭരണഘടനയിലെ 371ാം വകുപ്പിന്റെ പ്രത്യേക പദവികൾ ഇല്ലാതാക്കാനും ഗോത്രാവകാശങ്ങൾ എടുത്തുകളയാനുമാണ് മോദി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് മണിപ്പൂരിലെ ഭരണകൂട പിന്തുണയോടുകൂടിയുള്ള കുകികൾക്കെതിരായ നീക്കങ്ങൾ.
മണിപ്പൂർ തൊട്ടുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രകൃതിവിഭവങ്ങളും സമ്പത്തും കൈയടക്കാനുള്ള വൻകിട കോർപറേറ്റുകളുടെ താത്പര്യമാണ് ഇതിന് പിറകിലുള്ളത്. ഗോത്രപരിരക്ഷാ മേഖലകളെ അതിൽ നിന്ന് മുക്തമാക്കി പർവത സംസ്ഥാനങ്ങളിലെ ഭൂമിക്കടിയിലെ വിഭവങ്ങളും ഭൂമിയും കൈയടക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന അദാനിമാർക്കും ബാബാ രാംദേവുമാർക്കും വേണ്ടിയുള്ള അസ്ഥിരീകരണ നീക്കമാണ് മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നത്. ഭൂരിപക്ഷ വംശീയവിഭാഗങ്ങൾ സംഘ്പരിവാർ സംഘടനകളുടെ പിന്തുണയോടെ കുകികൾക്ക് നേരെ നടത്തിയ കടന്നാക്രമണങ്ങളാണ് മണിപ്പൂരിനെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിട്ടത്. മെയ്തി വിഭാഗത്തെ പട്ടികവിഭാഗത്തിലുൾപ്പെടുത്താനുള്ള ബി ജെ പിയുടെ നീക്കങ്ങൾക്കെതിരായ കുകി, നാഗാ, സോമി വിഭാഗങ്ങളുടെ പ്രതിഷേധം ഉയർന്നുവന്നതോടുകൂടിയാണ് മണിപ്പൂർ കലാപഭൂമിയായത്.
ഭൂരിപക്ഷ വംശീയത ആളിക്കത്തിച്ച് കുകികൾക്കെതിരായി മെയ്ത ലിപൂൺ പോലുള്ള ആർ എസ് എസിന്റെ നിയന്ത്രണമുള്ള വംശീയ സംഘങ്ങൾ മണിപ്പൂരിനെ കലാപഭൂമിയാക്കുകയായിരുന്നു. മുഖ്യമന്ത്രി ബിരേൻസിംഗിന്റെ ഭൂരിപക്ഷ പ്രീണനനയങ്ങളാണ് കുകി, നാഗാ, സോമാ വിഭാഗങ്ങളിൽ അന്യവത്കരണം ഉണ്ടാക്കിയത്. ഈ മേഖലയിൽ ദശകങ്ങളായി നിലനിൽക്കുന്ന ഗോത്രവംശീയ സംഘർഷങ്ങളെ ഉപയോഗപ്പെടുത്തിയാണ് സംഘ്പരിവാർ തങ്ങളുടെ ഹിന്ദുത്വ അജൻഡകൾക്കനുസൃതമായ നീക്കങ്ങൾ നടത്തിയത്.
താഴ്്വരയിലെ ഭൂരിപക്ഷ ഹൈന്ദവിഭാഗമായ മെയ്തി വിഭാഗത്തെ അടിസ്ഥാനമാക്കി ബി ജെ പി നടത്തിയ സോഷ്യൽ എൻജിനീയറിംഗ് തന്ത്രങ്ങളാണ് ഇപ്പോഴത്തെ സംഭവഗതികളിലേക്ക് മണിപ്പൂരിനെ തള്ളിവിട്ടത്. ഗോത്രവിഭാഗങ്ങൾക്കിടയിൽ സംവരണ തർക്കമുയർത്തി പരസ്പരം സംശയവും പകയും വളർത്തിയ ഉത്തരവാദിത്വത്തിൽ നിന്ന് മണിപ്പൂരിലെ ബിരേൻസിംഗിനും കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാറിനും ഒഴിഞ്ഞുമാറാനാകില്ല.

Latest