dayabai
എന്‍ഡോസള്‍ഫാന്‍: ദയാബായിയുടെ സമരം യു ഡി എഫ് ഏറ്റെടുക്കും
മുഖ്യമന്ത്രിയുമായി വിഷയം സംസാരിക്കും.
തിരുവനന്തപുരം | കാസർകോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സാമൂഹികപ്രവർത്തക ദയാബായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം യു ഡി എഫ് ഏറ്റെടുക്കും. നിരാഹാരസമരം തുടരുന്നതിനിടെ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദയാബായിയെ സന്ദർശിച്ച ശേഷമാണ് യു ഡി എഫ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് യു ഡി എഫ് ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയം സംസാരിക്കും. മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ച കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചക്ക് വിരുദ്ധമായാണ് രേഖാമൂലമുള്ള മറുപടി പോലും പുറത്തിറങ്ങിയത്. വിഷയത്തില്‍ മന്ത്രിമാരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായി. ദേശീയ തലത്തില്‍ അറിയപ്പെടുന്ന 82 വയസ്സുള്ള ദയാബായി സെക്രട്ടറിയേറ്റിന് മുന്നില്‍ വെയിലും മഴയുംകൊണ്ട് നടത്തുന്ന സമരത്തെ കാണാതിരിക്കാന്‍ സര്‍ക്കാറിന് എങ്ങനെ കഴിയുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.