Connect with us

Ongoing News

ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്തു; ഇന്ത്യ ഫൈനലില്‍

രണ്ടാം സെമിയില്‍ ഇന്ത്യ മുന്നോട്ടുവച്ച 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 103 റണ്‍സിന് പുറത്തായി.

Published

|

Last Updated

ഗയാന | കരുത്തരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് ടീം ഇന്ത്യ ടി 20 ലോകകപ്പിന്റെ ഫൈനലില്‍. 68 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. രണ്ടാം സെമിയില്‍ ഇന്ത്യ മുന്നോട്ടുവച്ച 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 103 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. നായകന്റെ കളി പുറത്തെടുത്ത് അര്‍ധ ശതകം നേടിയ രോഹിത് ശര്‍മ ഇന്ത്യക്കായി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത അക്‌സര്‍ പട്ടേലാണ് കളിയിലെ താരം.

ടൂര്‍ണമെന്റില്‍ അപരാജിതരായാണ് ഇന്ത്യയുടെ മുന്നേറ്റം. ജൂണ്‍ 29ന് ബ്രിഡ്ജ്ടൗണിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ദക്ഷിണാഫ്രിക്കയും തോല്‍വിയറിയാതെയാണ് ഫൈനലിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്.

മഴയെ തുടര്‍ന്ന് വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

നന്നായി തുടങ്ങിയ ഇംഗ്ലണ്ട് പിന്നീട് ഇന്ത്യയുടെ കണിശതയാര്‍ന്ന ബൗളിംഗിനു മുമ്പില്‍ ഇടറി വീഴുകയായിരുന്നു. 15 പന്തില്‍ 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ഹാരി ബ്രൂകും (19 പന്തില്‍ 25), ജോഫ്ര ആര്‍ച്ചറും (15ല്‍ 21) എന്നിവര്‍ മാത്രമാണ് കുറച്ചെങ്കിലും പൊരുതി നോക്കിയത്. മറ്റ് ബാറ്റര്‍മാരില്‍ ലിയാം ലിവിങ്‌സ്‌റ്റോണിന് മാത്രമാണ് രണ്ടക്കം (11) കാണാനായത്.

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെ വീഴ്ത്തി അക്‌സര്‍ പട്ടേലാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. മറ്റൊരു ഓപണര്‍ ഫില്‍ സാള്‍ട്ട് (അഞ്ച്) ബുംറക്ക് മുമ്പില്‍ വീണു. 2.4 ഓവര്‍ എറിഞ്ഞ ബുംറ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു. നാലോവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ഗംഭീരമായി പന്തെറിഞ്ഞു.

39 പന്തില്‍ 57 റണ്‍സെടുത്താണ് രോഹിത് ഇന്ത്യന്‍ സ്‌കോറിന് അടിത്തറയിട്ടത്. 36 പന്തില്‍ 47 റണ്‍സുമായി സൂര്യകുമാര്‍ യാദവും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ഹാര്‍ദിക് പാണ്ഡ്യ 27ഉം രവിന്ദ്ര ജഡേജ 17ഉം റണ്‍സ് നേടി. മോശം ഫോം തുടരുന്ന വിരാട് കോലി ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സെടുത്ത് പുറത്തായി. റിഷഭ് പന്തിനും (ആറ് പന്തില്‍ നാല്) ശോഭിക്കാനായില്ല.

Latest