Connect with us

Kasargod

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു; മുഖം മാറാനൊരുങ്ങി നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍

നിലവിലുള്ള സ്റ്റേഷന്‍ കെട്ടിടത്തോട് ചേര്‍ന്ന് ടിക്കറ്റ് കൗണ്ടര്‍ ഉള്‍പ്പടെ പുതിയ കെട്ടിടം നിര്‍മ്മിക്കും.

Published

|

Last Updated

പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍

കാസര്‍കോട് | നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികള്‍ തയ്യാറാകുന്നു. നിലവിലുള്ള സ്റ്റേഷന്‍ കെട്ടിടത്തോട് ചേര്‍ന്ന് ടിക്കറ്റ് കൗണ്ടര്‍ ഉള്‍പ്പടെ പുതിയ കെട്ടിടം നിര്‍മ്മിക്കും.

കഴിഞ്ഞ ദിവസം നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശനത്തിനെത്തിയ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി അറിയിച്ചതാണ് ഇക്കാര്യം. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ താഴെ പറയുന്നു.

1. ആധുനിക രീതിയിലുള്ള ടിക്കറ്റ് കൗണ്ടറോട് കൂടി പുതിയ കെട്ടിടം.
2. ഗാന്ധി പ്രതിമക്ക് താഴെയുള്ള ഭാഗം വാഹന പാര്‍ക്കിംഗിന് സജ്ജമാക്കും.
3. കിഴക്ക് ഭാഗത്ത് പ്രത്യേക പ്രവേശന കവാടവും, വാഹന പാര്‍ക്കിംഗ് സൗകര്യവും.
4. ഒന്നാം പ്ലാറ്റ്‌ഫോമിന്റെ വീതി നിലവിലുള്ള ബേലൈന്‍ വരെ കൂട്ടും.
5. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടും.
6. പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ മേല്‍ക്കൂരകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കും.

നീലേശ്വരം റെയില്‍വേ ഡെവലപ്‌മെന്റ് കലക്റ്റീവ് (എന്‍ ആര്‍ ഡി സി) സമര്‍പ്പിച്ച പദ്ധതിയുടെ വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും, അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെണ്ടര്‍ നടപടികളിലേക്ക് നീങ്ങുമെന്നും എന്‍ ആര്‍ ഡി സി ഭാരവാഹികളുമായുള്ള ചര്‍ച്ചയില്‍ അരുണ്‍കുമാര്‍ ചതുര്‍വേദി പറഞ്ഞു. നിലവില്‍ സ്റ്റേഷനില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി.

കൂടുതല്‍ വണ്ടികളുടെ സ്റ്റോപ്പും, ഗ്രൂപ്പ് ബുക്കിംഗും വന്നതിനു ശേഷം സ്റ്റേഷന്റെ പ്രതിദിന വരുമാനം രണ്ടര ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയില്‍ ഉയര്‍ന്നതായി എന്‍ ആര്‍ ഡി സി ഭാരവാഹികള്‍ റെയില്‍വേ മാനേജരുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്‍ ആര്‍ ഡി സി രക്ഷാധികാരി ഡോ. വി സുരേശന്‍, പ്രസിഡന്റ് കെ എം ഗോപാലകൃഷ്ണന്‍, സെക്രട്ടറി എന്‍ സദാശിവന്‍, വൈസ് പ്രസിഡന്റ് സി എം സുരേഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി കെ ബാബുരാജ്, ട്രഷറര്‍ എം ബാലകൃഷ്ണന്‍, പി ടി രാജേഷ്, പി യു ചന്ദ്രശേഖരന്‍, ചീഫ് സ്റ്റേഷന്‍ മാസ്റ്റര്‍ ഗോവിന്ദ് നായക്, കമേഴ്‌സ്യല്‍ സൂപ്പര്‍വൈസര്‍ രാജീവ് നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിവിഷണല്‍ മാനേജരെയും സംഘത്തെയും സ്വീകരിച്ചു. പ്രൊജക്ട് ഷെല്‍ട്ടര്‍ പദ്ധതിയുടെ ഭാഗമായി എന്‍ ആര്‍ ഡി സി നിര്‍മ്മിച്ചു നല്‍കിയ രണ്ട് വീടുകള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും എന്‍ ആര്‍ ഡി സി യെ അഭിനന്ദിക്കുകയും ചെയ്തു.

 

 

 

Latest