From the print
ആസ്വാദകരേ, ഇതിലേ... ഇതിലേ...
ഹയർ സെക്കൻഡറി നാടക മത്സരം നടന്ന വഴുതക്കാട് ടാഗോർ തിയേറ്ററിൽ കാലുകുത്താനിടമില്ലാത്ത വിധം കാഴ്ചക്കാരെത്തി.
തിരുവനന്തപുരം | രണ്ടാം ദിനവും 25 വേദികളിൽ കുട്ടികൾ കലയുടെ മാറ്റുരച്ചപ്പോൾ ആസ്വാദകരുടെ മുഖത്തും സ്വർണത്തിളക്കം. ഞായറാഴ്ച അവധിയുടെ ആലസ്യം മറന്ന് കലാപ്രേമികൾ വേദികൾ കൈയടക്കി.
ഹയർ സെക്കൻഡറി നാടക മത്സരം നടന്ന വഴുതക്കാട് ടാഗോർ തിയേറ്ററിൽ കാലുകുത്താനിടമില്ലാത്ത വിധം കാഴ്ചക്കാരെത്തി. പലരും വേദി പോലും കാണാനാകാതെ നിരാശരായി മടങ്ങി.
പാളയം അയ്യങ്കാളി ഹാളിൽ ഹയർ സെക്കൻഡറി വിഭാഗം ദഫ് മുട്ട് കാണാൻ നേരത്തേ തന്നെ ആസ്വാദകർ സീറ്റുറപ്പാക്കിയിരുന്നു. ഈ വേദി രാവിലെ ഓടക്കുഴൽ വിളിയിൽ മയങ്ങിയതായിരുന്നു. പിന്നെയത് ദഫിന്റെ താളത്തിൽ തുടിച്ചു.
ഹയർ സെക്കൻഡറി വിഭാഗം തിരുവാതിര, ആൺകുട്ടികളുടെ ഭരതനാട്യം, ഹൈസ്‌കൂൾ ചെണ്ടമേളം, പണിയനൃത്തം, ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടിനൃത്തം, ലളിതഗാനം, സംഘഗാനം തുടങ്ങിയ ഇനങ്ങൾ നടന്ന വേദികളിലെല്ലാം കാണികൾ നിറഞ്ഞു. പക്ഷേ, സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഹൈസ്‌കൂൾ വിഭാഗം ഒപ്പനക്കൊപ്പം കൂടാൻ പതിവിനു വിപരീതമായി ആസ്വാദകർ കുറഞ്ഞു. എങ്കിലും, ഇശൽ മഴയിൽ മൊഞ്ചത്തിമാർക്കൊപ്പം ആസ്വാദകരും നനഞ്ഞു.
മൂന്നാം ദിനമായ ഇന്ന് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9.30ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും. ഉച്ചക്കു ശേഷം ഇതേ വേദിയിൽ ഹൈസ്‌കൂൾ വിഭാഗം തിരുവാതിരയാണ്.
വഴുതക്കാട് ഗവ. വിമൻസ് കോളജിൽ ഉച്ചക്ക് രണ്ടിന് ഹൈസ്‌കൂൾ വിഭാഗം കോൽക്കളി നടക്കും. ടാഗോർ തിയേറ്ററിൽ രാവിലെ 9.30ന് ഹൈസ്‌കൂൾ വിഭാഗം ദഫ്മുട്ട് തുടങ്ങും.
പട്ടം ഗവ. ഗേൾസ് എച്ച് എസ് എസിൽ രാവിലെ മോണോ ആക്ടും ഉച്ചക്ക് മൂന്നിന് ഹയർ സെക്കൻഡറി വിഭാഗം വട്ടപ്പാട്ടുമാണ് അരങ്ങേറുക.