editorial
എൻപ്രൗഡ്: രാജ്യത്തിന് മാതൃകയാകുന്ന കേരളം
പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴുണ്ടാകുന്ന ആവേശവും നിശ്ചയദാർഢ്യവും ചോർന്നുപോകുന്നതാണ് പല പദ്ധതികളും പരാജയപ്പെടാനും പാതിവഴിയിൽ നിലച്ചുപോകാനും കാരണം. എൻപ്രൗഡിന് അത്തരമൊരു ഗതി വരാതിരിക്കട്ടെ.

കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ അലോപ്പതി മരുന്നുകൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണതക്ക് അറുതിവരുത്തുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ കാർമികത്വത്തിൽ ഉപയോഗശൂന്യമായ മരുന്നുകൾ വീടുകളിൽ നിന്ന് ശേഖരിച്ചു കൊണ്ടുപോകുകയോ നിശ്ചിത സ്ഥലങ്ങളിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുകയോ ചെയ്യുന്ന “എൻപ്രൗഡ്’ പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജാണ് അറിയിച്ചത്. ഇങ്ങനെ ശേഖരിക്കുന്ന മരുന്നുകൾ പിന്നീട് കേന്ദ്ര, സംസ്ഥാന, പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരമുള്ള മാലിന്യസംസ്‌കരണ പ്ലാന്റുകളിൽ സംസ്‌കരിക്കും. രാജ്യത്ത് ആദ്യമായാണ് സർക്കാർതലത്തിൽ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും മന്ത്രി പറയുന്നു.
ആരോഗ്യ മേഖല നേരിടുന്ന ഗുരുതര പ്രശ്നമാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ. രാജ്യത്ത് ഏറ്റവും കൂടുതൽ മരുന്ന് വിറ്റഴിയുന്ന സംസ്ഥാനം കേരളമാണ്. ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന മരുന്നുകൾ പലപ്പോഴും പൂർണമായി കഴിക്കാറില്ല രോഗികൾ. രോഗം പിന്നോട്ടടിച്ചാൽ പലരും മരുന്നുകൾ നിർത്തും. അവശേഷിക്കുന്ന മരുന്നുകൾ വീടുകളിൽ കെട്ടിക്കിടക്കും. വിറ്റഴിയാതെ ഫാർമസികളിൽ തന്നെ കെട്ടിക്കിടന്ന് കാലാവധി അവസാനിച്ച മരുന്നുകളും ധാരാളം.
പ്രതിവർഷം ഏകദേശം 15,000 കോടി രൂപയുടെ മരുന്നുകൾ വിറ്റഴിയുന്നുണ്ട് കേരളത്തിൽ. ഇതിൽ നല്ലൊരു ഭാഗവും കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായി മാറുകയാണ്. ബഹുരാഷ്ട്ര കമ്പനികൾ കാലാവധി കഴിഞ്ഞ പേറ്റന്റ്മരുന്നുകൾ തിരിച്ചെടുക്കുമെങ്കിലും ജനറിക് മരുന്നുകൾ തിരിച്ചെടുക്കാറില്ല. ഇത്തരം മരുന്നുകൾ പിന്നീട് കത്തിക്കുയോ വലിച്ചെറിയുകയോ കുഴിച്ചുമൂടുകയോ ചെയ്യാറാണ് പതിവ്. രാസവസ്തുക്കളടങ്ങിയ ഇത്തരം മരുന്നുകൾ കത്തിക്കുന്നതും അലക്ഷ്യമായി ഉപേക്ഷിക്കുന്നതും വൻ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഉപയോഗശൂന്യമായ മരുന്നുകൾ 1,200 സെൽഷ്യസ് ചൂടിൽ ഇൻസനറേറ്റ് ചെയ്ത് നശിപ്പിക്കണമെന്നാണ് ചട്ടം. അശാസ്ത്രീയമായി മരുന്നുകൾ കത്തിക്കുന്നത് കാർബൺ മോണോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ സൃഷ്ടിക്കപ്പെടാനും ഇത് ഗുരുതര ശ്വാസകോശ രോഗങ്ങൾക്കും ക്യാൻസർ പോലുള്ള രോഗങ്ങൾക്കും ഇടയാക്കും.
ആരോഗ്യവകുപ്പ് തന്നെ പലപ്പോഴും കാലാഹരണപ്പെട്ട മരുന്നുകൾ അശാസ്ത്രീയമായി നശിപ്പിക്കാറുണ്ട്. 2016 ജനുവരിയിൽ ആരോഗ്യവകുപ്പ് ഉപയോഗശൂന്യമായ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ തീയിട്ടു നശിപ്പിച്ചത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. തിരുവനന്തപുത്ത് ആരോഗ്യവകുപ്പ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന മരുന്നുകളാണ് തൊട്ടടുത്ത സെൻട്രൽ വർക്്ഷോപ്പിൽ രണ്ട് കുഴികളിലിട്ട് കത്തിച്ചത്. മണ്ണിലും വെള്ളത്തിലും കലരാതെയാകണം മരുന്നുകൾ കത്തിക്കേണ്ടതെന്ന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ നിർദേശങ്ങൾ ലഘിച്ചായിരുന്നു ഈ പ്രവൃത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വി ശിവൻകുട്ടി എം എൽ എയെ അന്ന് വർക്്ഷോപ്പ് ജീവനക്കാർ ഉള്ളിൽ കടക്കാനാകാതെ തടഞ്ഞു. സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണത്തിന് ഏൽപ്പിക്കപ്പെട്ട കേരള മെഡിക്കൽ സർവീസ് കോർപറേഷൻ സമയബന്ധിതമായി മരുന്നുകൾ വിതരണം ചെയ്യാത്തതാണ് വൻതോതിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ അവശേഷിക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്. മരുന്ന് വിതരണത്തിലെ മെഡിക്കൽ സർവീസ് കോർപറേഷന്റെ വീഴ്ച മൂലം 2024ൽ 73 കോടി രൂപയുടെ മരുന്നുകളാണ് കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായത്. സി എ ജി റിപോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.
മരുന്നുകൾ ശാസ്ത്രീയമായി നശിപ്പിക്കാൻ സർക്കാർതലത്തിൽ സൗകര്യങ്ങളില്ലാത്തതാണ് അലക്ഷ്യമായി വലിച്ചെറിയാനും കത്തിക്കാനും ഇടയാക്കുന്നത്. ഇതിനൊരു പരിഹാരമായി 2019ൽ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വിഭാഗം മരുന്നുകൾ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. “പ്രോഗ്രാം ഓൺ റിമൂവൽ ഓഫ് അൺയൂസ്ഡ് ഡ്രഗ്സ്’ എന്ന ഈ പദ്ധതി പ്രകാരം ഉപയോഗശൂന്യമായ മരുന്നുകൾ നിക്ഷേപിക്കുന്നതിന് ഫാർമസികൾക്ക് മുമ്പിൽ പെട്ടികൾ സ്ഥാപിക്കാനും മാസത്തിലൊരിക്കൽ ഡ്രഗ്സ് കൺട്രോളർ വിഭാഗം ജീവനക്കാരെത്തി ഇത് ശേഖരിച്ച് വെയർഹൗസിലെത്തിക്കാനുമായിരുന്നു തീരുമാനം. വെയർ ഹൗസിലെത്തുന്ന മരുന്നുകൾ തരംതിരിച്ച് സംസ്‌കരിക്കാൻ നൽകും.
മംഗളൂരുവിലെ റാംകി എനർജി ആൻഡ് എൻവിറോൺമെന്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സംസ്‌കരണ കരാർ ഏറ്റെടുത്തിരുന്നത്. മരുന്ന് മൊത്തവ്യാപാര സംഘടനയുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതിക്കാവശ്യമായ തുക വ്യാപാരസംഘടന നൽകാമെന്നായിരുന്നു ധാരണ. തിരുവനന്തപുരം ജില്ലയിൽ തുടക്കമിടാനും ക്രമേണ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും പരിപാടിയിട്ട പദ്ധതി തുടക്കത്തിൽ നല്ലനിലയിൽ പ്രവർത്തിച്ചുവന്നു. 2019-20ലെ ബജറ്റിൽ സംസ്ഥാന സർക്കാർ 50 ലക്ഷം രൂപയും കേന്ദ്ര സർക്കാർ 2.75 കോടിയും അനുവദിക്കുകയും ചെയ്തു. എന്നാൽ കൊവിഡ് വ്യാപനത്തോടെ പദ്ധതി പാതിവഴിയിൽ നിലച്ചുപോകുകയായിരുന്നു. അന്ന് ഡ്രഗ്സ് കൺട്രോളർ വിഭാഗം നടപ്പാക്കിയ പദ്ധതിയുടെ പുതിയ പതിപ്പാണ് ഇപ്പോൾ പ്രഖ്യാപിച്ച “എൻപ്രൗഡ്’. അത് കൃത്യമായി നടപ്പാക്കാനായാൽ, ആരോഗ്യ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച കേരളത്തിന് ഇത് മറ്റൊരു ചരിത്രനേട്ടമാകും. ഈ മാസം 22ന് കോഴിക്കോട് ജില്ലയിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെയും ഹരിതകർമ സേനാംഗങ്ങളുടെയും സഹായത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴുണ്ടാകുന്ന ആവേശവും നിശ്ചയദാർഢ്യവും ചോർന്നുപോകുന്നതാണ് പല പദ്ധതികളും പരാജയപ്പെടാനും പാതിവഴിയിൽ നിലച്ചുപോകാനും കാരണം. എൻപ്രൗഡിന് അത്തരമൊരു ഗതി വരാതിരിക്കട്ടെ.