Connect with us

Editorial

നല്ല മത്സ്യവും മാംസവും ഉറപ്പാക്കണം

"നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പ്രയോഗം സാര്‍ഥകമാകണമെങ്കില്‍ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ടുള്ള പരിശോധനകള്‍ തുടര്‍ച്ചയായി നടക്കേണ്ടതുണ്ട്. മായമോ കൃത്രിമങ്ങളോ കണ്ടെത്തിയാല്‍ നടപടിയും വേഗത്തില്‍ സ്വീകരിക്കണം.

Published

|

Last Updated

“നല്ല ഭക്ഷണം നാടിന്റെ അവകാശം’ ക്യാമ്പയിനിന്റെ ഭാഗമായി മത്സ്യ, മാംസ പരിശോധന തുടരുകയാണ് സംസ്ഥാനത്ത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ 6,069 കിലോഗ്രാം മത്സ്യവും വൃത്തിഹീനമായ 180 കിലോഗ്രാം മാംസവും പിടിച്ചെടുത്തതായി മന്ത്രി വീണാ ജോര്‍ജ് വെളിപ്പെടുത്തി. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 152 കടകള്‍ക്കെതിരെ നടപടിയെടുക്കുകയും 10 കടകള്‍ പൂട്ടിക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ 1,704 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഇടുക്കി ജില്ലയിലെ നെടുങ്കയത്തും സംസ്ഥാനത്തിന്റെ മറ്റു ചില ഭാഗങ്ങളിലും മത്സ്യം ഭക്ഷിച്ചവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉളവായതിന്റെ പശ്ചാത്തലത്തിലാണ് ഓപറേഷന്‍ മത്സ്യ എന്ന പേരില്‍ മത്സ്യപരിശോധന വ്യാപകമാക്കിയത്.

എളുപ്പം കേടാവുന്ന വസ്തുവാണ് മത്സ്യം. രാസപ്രവര്‍ത്തനത്തിലൂടെ ഡൈ/ട്രൈമീഥെയില്‍ തനിയെ ഉണ്ടാകുന്നതിനാല്‍ എളുപ്പത്തില്‍ ബാക്ടീരിയ വളരുന്നതു കൊണ്ടാണ് മത്സ്യം വേഗത്തില്‍ കേടാകുന്നത്. അതേസമയം കടലില്‍ നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ചിലപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞേ തുറമുഖത്തെത്താറുമുള്ളൂ. ഈ സാഹചര്യത്തില്‍ മത്സ്യങ്ങള്‍ പഴകിയെന്നു തോന്നിപ്പിക്കാതെ സൂക്ഷിക്കുന്നതിനാണ് കച്ചവടക്കാര്‍ അവയില്‍ ഫോര്‍മാലിന്‍ അമോണിയ, സോഡിയം ബെന്‍സൈറ്റ് പോലുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. മനുഷ്യശരീരത്തിലെ പല ആന്തരികാവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നവയാണ് ഈ രാസപദാര്‍ഥങ്ങളെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. കര്‍ണാടക, ആന്ധ്ര, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ഐസ് ചേര്‍ക്കുകയായിരുന്നു മുന്‍കാലങ്ങളില്‍ മത്സ്യം കേടാവാതിരിക്കാന്‍ സ്വീകരിച്ചിരുന്ന വഴി. ഐസിട്ടാല്‍ പക്ഷേ മൂന്ന് ദിവസമേ കേടാകാതിരിക്കൂ. എന്നാല്‍ രാസവസ്തു ചേര്‍ത്ത ഐസ് പെട്ടെന്ന് അലിയില്ല. സംസ്ഥാനത്തെ പല ഐസ് പ്ലാന്റുകളും മത്സ്യത്തില്‍ ചേര്‍ക്കുന്നതിനായി ഉത്പാദിപ്പിക്കുന്ന ഐസില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പഴക്കമില്ലാത്തതെന്നു തോന്നിപ്പിക്കാന്‍ മത്സ്യത്തില്‍, അറവുശാലകളില്‍ നിന്ന് ശേഖരിക്കുന്ന രക്തം ഒഴിക്കുന്നവരുമുണ്ട്.

സംസ്ഥാനത്തെ ഫിഷിംഹ് ഹാര്‍ബറുകളില്‍ ആഭ്യന്തര ആവശ്യത്തിനു മതിയായ മത്സ്യങ്ങള്‍ കിട്ടാതെ വരുമ്പോഴാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നത്. നൂറുകണക്കിനു ലോഡ് മത്സ്യമാണ് ദിനംപ്രതി കേരളത്തിലെത്തുന്നത്. രാത്രിയോടെ തീരപ്രദേശങ്ങളില്‍ എത്തിക്കുന്ന മത്സ്യം ലേലം വിളിച്ച് വില്‍ക്കുകയാണ് പതിവ്. ഇടനിലക്കാരായ മത്സ്യക്കച്ചവടക്കാര്‍ ചെറുവാഹനങ്ങളിലെത്തി ഈ മത്സ്യം വാങ്ങുകയും ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന മത്സ്യങ്ങളുടെ ഗുണനിലവാര പരിശോധനയില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യവകുപ്പ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പരിശോധന വല്ലപ്പോഴുമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കാറില്ല.

പൂവാര്‍, വാളയാര്‍, അമരവിള, കാസര്‍കോട്, തിരുവനന്തപുരം എന്നീ ചെക്ക്പോസ്റ്റുകള്‍ വഴിയാണ് കേരളത്തിലെ തീന്‍ മേശകളിലേക്ക് മത്സ്യമെത്തുന്നത്. ഇവിടങ്ങളില്‍ കൃത്യമായ പരിശോധന നടത്തിയാല്‍ തന്നെ മായം കലര്‍ന്ന മത്സ്യം നാട്ടിലെത്തുന്നത് ഒരു പരിധി വരെ തടയാനാകും. എന്നാല്‍ ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോഴേ സംസ്ഥാനത്ത് കര്‍ശന പരിശോധന നടക്കുന്നുള്ളൂ. 2020 ഏപ്രിലില്‍ ഓപറേഷന്‍ സാഗര്‍ റാണിയെന്ന പേരില്‍ മത്സ്യവിപണിയില്‍ വ്യാപകമായ പരിശോധന നടന്നിരുന്നു. വിവിധ ജില്ലകളില്‍ 176 കേന്ദ്രങ്ങളിലായി അന്ന് നടന്ന പരിശോധനയില്‍ 62,594 കിലോഗ്രാം ഉപയോഗയോഗ്യമല്ലാത്ത മത്സ്യം കണ്ടെത്തി നശിപ്പിച്ചു. അന്നത്തെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ മുന്‍കൈയെടുത്തു നടത്തിയ ഓപറേഷന്‍ സാഗര്‍ റാണിയുടെ ഫലമായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പഴകിയതും അമിത തോതില്‍ രാസവസ്തുക്കള്‍ ചേര്‍ന്നതുമായ മത്സ്യത്തിന്റെ വരവ് കുറഞ്ഞിരുന്നു. ഓപറേഷന്‍ സാഗര്‍ റാണി അവസാനിച്ചതോടെയാണ് മോശം മത്സ്യങ്ങള്‍ പിന്നെയും വരാന്‍ തുടങ്ങിയത്. സംസ്ഥാനത്ത് വില്‍ക്കപ്പെടുന്ന മാംസങ്ങളിലും നല്ലൊരു ഭാഗം ഉപയോഗയോഗ്യമല്ലാത്തതും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. കേടുവരാതിരിക്കാന്‍ മാംസങ്ങളിലും ചേര്‍ക്കുന്നുണ്ട് മാരകമായ രാസപദാര്‍ഥങ്ങള്‍.

1996ലെ കേരള പഞ്ചായത്ത് രാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങള്‍ പ്രകാരം അധികാരപ്പെടുത്തിയ വെറ്ററിനറി സര്‍ജന്‍ പരിശോധിച്ച് പകര്‍ച്ചവ്യാധികളോ മറ്റു രോഗങ്ങളോ ഇല്ലാത്ത മൃഗങ്ങളെ മാത്രമേ അറുക്കാവൂ എന്ന വ്യവസ്ഥയുണ്ട്. അറുത്ത ശേഷം പബ്ലിക് ഹെല്‍ത്ത് ഓഫീസറോ സാനിറ്ററി ഓഫീസറോ മാംസം പരിശോധിച്ച് സീല്‍വെക്കുകയും വേണം. മാംസക്കച്ചവടത്തിലെ ഇത്തരം ചട്ടങ്ങള്‍ പാലിക്കാത്ത കച്ചവടക്കാര്‍ ധാരാളമുണ്ട്. വൃത്തിഹീനമായ ചുറ്റുപാടിലാണ് പല മാംസക്കടകളും പ്രവര്‍ത്തിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന, രോഗം ബാധിച്ചതും ചത്തതുമായ മൃഗങ്ങളുടെ മാംസം വില്‍ക്കുന്നതായും ആരോപണമുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാംസക്കച്ചവടത്തിനായി കൊണ്ടുവരുന്ന മൃഗങ്ങളെ പരിശോധിക്കാന്‍ അതിര്‍ത്തികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 18 മൃഗസംരക്ഷണ ചെക്ക്പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രഥമദൃഷ്ട്യാ രോഗം സംശയിക്കപ്പെടുന്നവയും ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവയുമായ ഉരുക്കളെ ഈ ചെക്ക്പോസ്റ്റുകളില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ അനുവദിക്കാതെ തിരിച്ചയക്കുന്നുണ്ടെന്നാണ് ഇതിനിടെ നിയമസഭയില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ കച്ചവടക്കാരും ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയില്‍ ഇത്തരം പരിശോധനകളെല്ലാം പ്രഹസനമാകുകയാണ്. “നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പ്രയോഗം സാര്‍ഥകമാകണമെങ്കില്‍ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ടുള്ള പരിശോധനകള്‍ തുടര്‍ച്ചയായി നടക്കേണ്ടതുണ്ട്. മായമോ കൃത്രിമങ്ങളോ കണ്ടെത്തിയാല്‍ നടപടിയും വേഗത്തില്‍ സ്വീകരിക്കണം. അല്ലാത്ത കാലത്തോളം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും മാംസങ്ങളും മാര്‍ക്കറ്റുകളില്‍ വില്‍ക്കപ്പെടുന്ന പ്രവണത തുടര്‍ന്നു കൊണ്ടിരിക്കും.

---- facebook comment plugin here -----

Latest