International
41 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ട്രംപ് ഭരണകൂടം
അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ അടക്കമുള്ളവര്‍ പട്ടികക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ട്.

വാഷിംഗ്ടണ്‍ | 41ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങി ട്രംപ് ഭരണകൂടം. 41 രാജ്യങ്ങളെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നാണ് റിപോര്‍ട്ട്.
ഗ്രൂപ്പ് ഒന്നില്‍പ്പെട്ട അഫ്ഗാനിസ്ഥാന്‍, സിറിയ, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയ 10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പൂര്‍ണമായ യാത്രാവിലക്കും വിസ സസ്‌പെന്‍ഷനും ഏര്‍പ്പെടുത്തും.രണ്ടാമത്തെ ഗ്രൂപ്പില്‍, എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്‍മര്‍, ദക്ഷിണ സുഡാന്‍ എന്നിവയുള്‍പ്പെട്ട അഞ്ച് രാജ്യങ്ങള്‍ക്ക് ഭാഗികമായി വിസ നിരോധനം ഏര്‍പ്പെടുത്തും.ടൂറിസ്റ്റ് ,സ്റ്റുഡന്റ് വിസകളെ ഉള്‍പ്പെടെ ഇത് ബാധിക്കും.
പാകിസ്ഥാന്‍, ഭൂട്ടാന്‍ തുടങ്ങി 26 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് മൂന്നാമത്തെ ഗ്രൂപ്പ്. ഇവര്‍ക്ക് വിസ നല്‍കുന്നത് ഭാഗികമായി നിര്‍ത്തിവെക്കാനാണ് ആലോചിക്കുന്നത്.ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ 60 ദിവസത്തിനുള്ളില്‍ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍
യുഎസ് വിസ നല്‍കുന്നത് ഭാഗികമായി നിര്‍ത്തിവയ്ക്കുന്നത് പരിഗണിക്കുമെന്നും പറയപ്പെടുന്നു.
അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ അടക്കമുള്ളവര്‍ പട്ടികക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ട്.പട്ടികയില്‍ മാറ്റമുണ്ടാവാമെന്നും വിവരമുണ്ട്.