mujahid clash
സ്ത്രീ രംഗപ്രവേശം: കൊമ്പുകോർത്ത് മുജാഹിദ് വിഭാഗങ്ങൾ
സ്ത്രീകൾ പൊതുരംഗത്തിറങ്ങരുതെന്ന് പറയുന്നവർ മുജാഹിദുകളല്ലെന്നാണ് ഇവരുടെ നിലപാട്.
കോഴിക്കോട് | സ്ത്രീ രംഗപ്രവേശവിഷയത്തിൽ മുജാഹിദ് വിഭാഗങ്ങൾ കൊമ്പുകോർക്കുന്നു. കഴിഞ്ഞ ദിവസം വിസ്ഡം വിഭാഗം നടത്തിയ പ്രതികരണത്തിന് മറുപടിയുമായി മർകസുദ്ദഅ്‌വ വിഭാഗം ഇന്നലെ രംഗത്തെത്തി.
ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസിന്റെ ഭാഗമായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സ്ത്രീകൾ പൊതുരംഗത്ത് വരേണ്ടതില്ലെന്നും അവരെ പൊതുവേദിയിൽ കൊണ്ടുവരുന്നത് മുജാഹിദ് പാരമ്പര്യമല്ലെന്നും വ്യക്തമാക്കിയിരുന്നു.
സ്ത്രീ സ്വാതന്ത്ര്യം അവരെ പ്രദർശിപ്പിക്കുക എന്നതല്ലെന്നും സ്ത്രീകളെ പ്രദർശന വസ്തുവാക്കി വിൽപ്പനച്ചരക്കാക്കി മാറ്റുന്ന അവസ്ഥയാണിന്നുള്ളതെന്നും ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.
ഇതിന് രൂക്ഷമായ വിമർശവുമായാണ് ഇന്നലെ മർകസുദ്ദഅ്‌വ വിഭാഗം രംഗത്ത് വന്നത്. മർകസുദ്ദഅ്‌വ സംസ്ഥാന ലീഡേഴ്‌സ് മീറ്റിലാണ് വിസ്ഡം വിഭാഗത്തിനെതിരെ രൂക്ഷ ആക്രമണമുണ്ടായത്. സ്ത്രീകൾ പൊതുരംഗത്തിറങ്ങരുതെന്ന് പറയുന്നവർ മുജാഹിദുകളല്ലെന്നാണ് ഇവരുടെ നിലപാട്.
പതിറ്റാണ്ടുകൾ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെയാണ് ഇസ്‌ലാഹീ പ്രസ്ഥാനം മുസ്‌ലിം സ്ത്രീകളെ കേരളീയ പൊതുധാരയിലേക്ക് കൈപിടിച്ചുയർത്തിയതെന്ന ചരിത്ര യാഥാർഥ്യത്തെ നിഷേധിക്കുന്നവർ ഇസ്‌ലാഹീ നവോഥാന നായകരോട് കടുത്ത നന്ദികേട് കാട്ടുകായാണെന്നും ഇവർ തട്ടിവിടുന്നു. മുസ്‌ലിം സ്ത്രീകളെ ഇരുളിന്റെ മറവിൽ തളച്ചിടാൻ മുജാഹിദ് പ്രസ്ഥാനത്തിന്റെ പിൻഗാമികൾ എന്ന് അവകാശപ്പെടുന്നവർ തന്നെ പരസ്യമായി രംഗത്ത് വരുന്നത് അംഗീകരിക്കാവുന്നതല്ലെന്നാണ് ഇവർ വാർത്താകുറിപ്പിൽ പറയുന്നത്.
മാരണവും ജിന്ന് സേവയുമെല്ലാം അഭൗതിക മാർഗത്തിൽ അല്ലാഹു അല്ലാത്തവരിൽ നിന്നുള്ള സഹായം പ്രതീക്ഷിച്ചു കൊണ്ടാണെന്നിരിക്കെ അത് തൗഹീദിന് വിരുദ്ധമാണെന്നും തൗഹീദ് അംഗീകരിക്കാത്തവർക്ക് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ സാധിക്കുകയില്ലെന്നും വിസ്ഡം വിഭാഗത്തെ മർകസുദ്ദഅ്‌വ വിഭാഗം ഓർമിപ്പിക്കുന്നു. സിഹ്‌റ് ഫലിക്കും എന്നത് പ്രമാണങ്ങളിലുണ്ടെന്നും അതിൽ എതിരഭിപ്രായമില്ലെന്നും വിസ്ഡം വിഭാഗം വ്യക്തമാക്കിയിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ചായിരുന്നു മർകസുദ്ദഅ്‌വ വിഭാഗത്തിന്റെ പ്രതികരണം.