Uae Covid Restrictions
നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് യു എ ഇയില്‍ പ്രവേശന വിലക്ക്
ശനിയാഴ്ച്ച രാത്രി 7.30 മുതല്‍ യു എ ഇയിലേക്ക് നേരിട്ടോ, ട്രാന്‍സിറ്റ് യാത്രികര്‍ക്കോ പ്രവേശനം അനുവദിക്കുന്നതല്ല. വിലക്കുകള്‍ നാല് രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ ദേശീയ, അന്തര്‍ദേശീയ വിമാനസര്‍വീസുകള്‍ക്കും ബാധകമാണ്
അബുദബി | ഇന്ന് മുതല്‍ കെനിയ, എത്യോപ്യ, ടാന്‍സാനിയ, നൈജീരിയ എന്നീ നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യു എ ഇയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ചേര്‍ന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റി അറിയിച്ചു. നാല് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ക്ക് ഡിസംബര്‍ 25, ശനിയാഴ്ച്ച രാത്രി 7.30 മുതല്‍ യു എ ഇയിലേക്ക് നേരിട്ടോ, ട്രാന്‍സിറ്റ് യാത്രികര്‍ക്കോ പ്രവേശനം അനുവദിക്കുന്നതല്ല. വിലക്കുകള്‍ നാല് രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ ദേശീയ, അന്തര്‍ദേശീയ വിമാനസര്‍വീസുകള്‍ക്കും ബാധകമാണ്.
യു എ ഇയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ് 14 ദിവസത്തിനിടയില്‍ കെനിയ, എത്യോപ്യ, ടാന്‍സാനിയ, നൈജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കും വിലക്ക് ബാധകമാണ്. യു എ ഇയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. യു എ ഇ പൗരന്മാര്‍, അവരുടെ അടുത്ത ബന്ധുക്കള്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ റെസിഡന്‍സി വിസകളിലുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമല്ല.
ഇത്തരം വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 48 മണിക്കൂറിനിടയില്‍ നേടിയ പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, യാത്രപുറപ്പെടുന്നതിന് 6 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ നിന്ന് നടത്തിയ റാപ്പിഡ് പി സി ആര്‍ ഫലം എന്നിവ ഉപയോഗിച്ച് യു എ ഇയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇവര്‍ക്ക് യു എ ഇയിലേക്ക് പ്രവേശിച്ച ഉടനെ ഒരു പി സി ആര്‍ പരിശോധന നടത്തും. 10 ദിവസത്തെ ക്വാറന്റീന്‍, ഒമ്പതാം ദിനത്തില്‍ പി സി ആര്‍ പരിശോധന എന്നിവ നിര്‍ബന്ധമാണ്.
കെനിയ, എത്യോപ്യ, ടാന്‍സാനിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം യു എ ഇയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതാണ്. ഇതിന് പുറമെ ഉഗാണ്ട, ഘാന എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളില്‍ യു എ ഇയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതിനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.