ജീവിതാനന്ദത്തിനായി മനവും മേനിയും സ്വച്ഛന്ദമായ നാൾവഴികളിലൂടെ സഞ്ചരിക്കുവാൻ സ്വകാര്യവും സമൂഹികവും ആയ പാതകളിൽ നിന്നും മാലിന്യം മാറ്റുക അനിവാര്യമാണെന്ന് പത്തനംതിട്ട കലക്ടർ ദിവ്യ എസ് അയ്യർ ഫേസ്ബുക്കിൽ കുറിച്ചു. വ്യക്‌തി ശുചിത്വത്തിനു വലിയ പ്രാധാന്യം നൽകുന്ന നമ്മൾ പരിസര ശുചിത്വത്തിനും തുല്യപ്രാധാന്യം നൽകേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. അതിനായി നമ്മെ സഹായിക്കാൻ എത്തുകയാണ് മാലിന്യസംസ്കരണ ദൗത്യവുമായി നമ്മുടെ സ്വന്തം ഹരിതകർമ സേനയിലെ മാലാഖമാരെന്നും അവർ കുറിച്ചു. ഹരിത കർമ സേനാംഗങ്ങളുടെ കൂടെ ഒരു ദിവസം ശുചിത്വ ദൗത്യത്തിൽ പങ്കെടുക്കുകയും ചെയ്തു കലക്ടർ. പോസ്റ്റ് പൂർണരൂപത്തിൽ:
ഗൂഢമെൻ നെഞ്ചിൽ നിന്നൂരിയെറിഞ്ഞു ഞാൻ
വാടിയ പൂക്കൾതൻ മാല്യം.
ജീവിതാനന്ദം; ബാലാമണിയമ്മ
ജീവിതാനന്ദത്തിനായി മനവും മേനിയും സ്വച്ഛന്ദമായ നാൾവഴികളിലൂടെ സഞ്ചരിക്കുവാൻ സ്വകാര്യവും സമൂഹികവും ആയ പാതകളിൽ നിന്നും മാലിന്യവും മാല്യവും മാറ്റുക അനിവാര്യമാണ്. വ്യക്‌തി ശുചിത്വത്തിനു വലിയ പ്രാധാന്യം നൽകുന്ന നമ്മൾ പരിസര ശുചിത്വത്തിനും തുല്യപ്രാധാന്യം നൽകേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. അതിനായി നമ്മെ സഹായിക്കാൻ എത്തുകയാണ് മാലിന്യസംസ്കരണ ദൗത്യവുമായി നമ്മുടെ സ്വന്തം ഹരിതകർമ്മ സേനയിലെ മാലാഖമാർ.
കഴിഞ്ഞ ദിവസം പത്തനംതിട്ട നഗരസഭയിയിലും, മൈലപ്ര പഞ്ചായത്തിലും ഹരിതകർമ്മ സേന അംഗങ്ങളുടെ കൂടെ ശുചിത്വ ദൗത്യത്തിൽ പങ്കെടുത്തു ഒരു നാൾ ചിലവഴിച്ചു.
ഖര മാലിന്യശേഖരണത്തിനായി വീടുകളിൽ ചെല്ലുമ്പോൾ ഓരോ കുടുംബത്തിൽ നിന്നും ഓരോ തരത്തിലുള്ള പ്രതികരണം! ചിലർ ഒരു മാസമായി കൂട്ടി വെച്ച പ്ലാസ്റ്റിക് മാലിന്യം സഹർഷം കൈമാറി, മാസംതോറുമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ഹരിതകർമ്മസേനയുടെ കാർഡും കാട്ടി പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തു, യൂസർ ഫീ കൈമാറി രസീത് കൈപ്പറ്റി. ചിലർ വേർതിരിക്കാത്ത മാലിന്യം കവറുകളിൽ കൈമാറുന്നു, മറ്റു ചിലർ “ഇവിടെ പ്ലാസ്റ്റിക് ചവറു ഒന്നുമില്ല” എന്നും പറഞ്ഞു ഒഴിയുന്നു, ചിലർ പേരിനു രണ്ടോ മൂന്നോ പ്ലാസ്റ്റിക് കുപ്പികൾ മാത്രം നൽകുന്നു, ചിലർ “ഇപ്പോ പോയിട്ടു പിന്നീട് വരൂ” എന്നു പറഞ്ഞു പിന്മാറുന്നു, ചിലരാവട്ടെ ഉപയോഗിച്ച സാനിറ്ററി നാപ്കിൻ, ഡയപ്പർ സഹിതമുള്ള മാലിന്യം പ്ലാസ്റ്റിക് എന്ന മട്ടിൽ കൈമാറുന്നു, മറ്റു ചിലർ “പ്ലാസ്റ്റിക്കും തരണം, പൈസയും തരണമോ…” എന്നു പരിഭവിക്കുന്നു. എന്നാൽ മറ്റുചിലർ സേനക്ക് ശേഖരണത്തിന് ഉതകുന്ന ചാക്കുകൾ, ചിലപ്പോൾ ദാഹജലം, ഭക്ഷണം സഹിതം സൗഹാർദ്ദപൂർവ്വം നൽകുന്നു.. പക്ഷെ പലപ്പോഴും ഈ സേനാംഗങ്ങൾ തങ്ങളുടെ ഒരു ദിവസത്തെ മാലിന്യ സംബന്ധിയായ ശേഖരണവും വേർതിരിക്കലും ഉൾപ്പെടെയുള്ള കർത്തവ്യം പൂർത്തീകരിക്കുന്നതു വരെ ഭക്ഷണം കഴിക്കാതെ പണി തുടരും എന്നതാണ് അനുഭവം. കടകളുടെ മുന്നിൽ പോകുമ്പോൾ ഉണ്ടാകുന്ന പ്രതികരണം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം മാസംതോറും പോയി പ്ലാസ്റ്റിക് ശേഖരിക്കുന്ന ഹരിത കർമ്മ സേന പലപ്പോഴും അപര്യാപ്തമാണ്.
മഴക്കാലത്ത് ഇവയെല്ലാം ചുമന്നുകൊണ്ട് മിനി MCF ലേക്ക് എത്തിക്കുക എന്നുള്ളതാണ് അടുത്ത ദുർഘടമുള്ള കൃത്യം. പ്രത്യേകിച്ചും മലയോരപ്രദേശങ്ങളിൽ വീടുകൾ തമ്മിലും, വീടുകളും മിനി MCF ഉം തമ്മിലുള്ള അകലവും ദീർഘമാകുമ്പോൾ ഇതു കൂടുതൽ പ്രയാസകരമാകുന്നു. ഈ പ്രശനം പരിഹരിക്കാൻ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് ഉപയുക്തമാക്കാവുന്ന വാഹനങ്ങൾ വാങ്ങി നൽകുവാൻ തീരുമാനമായിട്ടുണ്ട്. കൂടാതെ മാലിന്യശേഖരണാർത്ഥം വീടുകളിൽ പോകുമ്പോൾ വേണ്ടുന്ന സാമഗ്രികൾ- ചാക്ക്/ബാഗുകൾ/ ഗ്ലൗസ്/കുടകൾ/മാസ്ക്/സാനിറ്റയിസർ/രസീത് ബുക്ക്/വേണ്ടുന്ന പേനകൾ/പുസ്തകം/ ലേബൽ/പച്ച കോട്ട് തുടങ്ങിയവയെല്ലാം ആവശ്യത്തിന് യഥാസമയം നൽകാൻ അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകും. പത്തനംതിട്ട നഗരസഭയിൽ ഓരോ ഭവനത്തിലും പുറം ചുമരിൽ ഒരു QR കോഡ് പതിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ഹരിത മിത്രം App-ൻ്റെ സഹായത്തോടെ ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാനാകും. ഇതും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്.
മിനിMCF -ൽ എത്തിക്കഴിഞ്ഞാൽ അന്നു ശേഖരിച്ച മാലിന്യമെല്ലാം കൂട്ടിയിട്ടു നമ്മുടെ സേനാ അംഗങ്ങൾ ഒരുമിച്ചിരുന്നു വേർതിരിക്കുക ആണ് പതിവ്. പാൽക്കവറുകളും, എണ്ണക്കവറുകളും മാറ്റിവെച്ചു, പലവ്യഞ്ജനങ്ങൾ ഒക്കെ പായ്ക്ക് ചെയ്തു വരുന്ന പ്ലാസ്റ്റിക് മാറ്റി, പ്ലാസ്റ്റിക് കുപ്പികൾ, കണ്ണാടി കുപ്പികൾ, മരുന്ന് കൂടുകൾ എന്നിവയെല്ലാം വെവ്വേറെ തരം തിരിച്ചു പ്രത്യേകം കവറുകളിൽ ആക്കി അവ ലേബൽ ചെയ്തു വെക്കുന്നു.
വെടിപ്പുള്ള ഈ ഇടങ്ങളെ ചവറുകൂനകളാക്കി മാറ്റുന്ന ദുഷ്പ്രവർത്തികളിൽ ഏർപ്പെടുന്നവരും ചിലർ നമ്മുടെ ഇടയിൽ ഉണ്ടു. ഇരുട്ടിൻ്റെ മറവിൽ ജൈവ-അജൈവ മലിന്യം വലിച്ചെറിഞ്ഞു
സ്വന്തം ചുമതലയെ സമൂഹത്തിൻ്റെ ചുമലിൽ കെട്ടിവെക്കുന്ന ഈ ദുഷ്പ്രവണതക്ക് അറുതി വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനെതിരെ കർശനമായ നിയമനടപടികളും സ്വീകരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ശേഖരിച്ച മാലിന്യങ്ങൾ MCF ലേക്ക് കൊണ്ടെത്തിച്ചതിനു ശേഷം ക്ലീൻ കേരള കമ്പനിയോ മറ്റു സമാന ഏജൻസികളോ അവിടെ നിന്നും തരം തിരിച്ച പ്ലാസ്റ്റിക് മാലിന്യം സംസ്ക്കരണത്തിനായും പുനഃചംക്രമണത്തിനായും കൊണ്ടു പോകുന്നു. മാലിന്യസംസ്കരണത്തിൻ്റെ ഈ ശൃംഖലയിൽ പ്രധാന കണ്ണിയാകുന്നത് ആദ്യ രണ്ടു പടവുകൾ ആയ കുടുംബങ്ങളും ഹരിത കർമ്മ സേനയും ആണ്. അതിനാൽ നമ്മൾ എല്ലാവരും ഒരേ ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ മാത്രമേ നമുക്കു മാലിന്യമുക്തമായ ആനന്ദത്തിലേക്കും ആരോഗ്യത്തിലേക്കും നീങ്ങാനാകൂ.