Articles
പാരിസ്ഥിതിക നീതിയും ജുഡീഷ്യല്‍ ആക്ടിവിസവും
കുറച്ച് വര്‍ഷങ്ങളായി രാജ്യ തലസ്ഥാന നഗരിയെ ഗ്രീന്‍ സിറ്റിയാക്കാനുള്ള ദൗത്യവുമായി ഡല്‍ഹി ഹൈക്കോടതി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്ന് ഡല്‍ഹിയാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പാരിസ്ഥിതിക നീതിയുടെ ജുഡീഷ്യല്‍ ആക്ടിവിസമാണ് ഡല്‍ഹി ഹൈക്കോടതി നടത്തിക്കൊണ്ടിരിക്കുന്നത്.
പരിസ്ഥിതി പ്രശ്നങ്ങളെ നേര്‍ക്കുനേര്‍ അഭിസംബോധന ചെയ്യാതെ പരിസ്ഥിതി ദിനാചരണം പതിവ് പോലെ ഇത്തവണയും കെങ്കേമമായി നടന്നിരിക്കുന്നു. പ്രകൃതിയില്‍ മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് മരം നടീല്‍ എന്ന നിലയിലാണ് കാര്യങ്ങള്‍. ആഗോളാടിസ്ഥാനത്തില്‍ വര്‍ധിച്ചുവരുന്ന പ്രകൃതി ചൂഷണങ്ങള്‍ കാലാന്തരത്തില്‍ ജൈവ ഹത്യ(ഋരീരശറല)യിലേക്ക് കൊണ്ടെത്തിക്കുമെന്ന പഠനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സവിശേഷ സാഹചര്യത്തിലെങ്കിലും പരിസ്ഥിതി മനുഷ്യ വംശത്തിന്റെ ഗൗരവ പ്രമേയമായി മാറേണ്ടിയിരിക്കുന്നു. അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ ഈയിടെ തയ്യാറാക്കിയ റിപോര്‍ട്ട് പ്രകാരം ലോകത്തെ നാലാമത്തെ വലിയ ക്രിമിനല്‍ പ്രവൃത്തിയാണ് പരിസ്ഥിതി നിയമ ലംഘനം. ലഹരിക്കടത്ത്, കള്ളനോട്ട്, മനുഷ്യക്കടത്ത് എന്നിവയാണ് ആദ്യ മൂന്നെണ്ണം.
പ്രകൃതി വിഭവങ്ങളുടെ വര്‍ധിത അളവിലുള്ള ഉപഭോഗം മനുഷ്യന്റെ ക്ഷേമ ജീവിതത്തെ ത്വരിതപ്പെടുത്തുമെന്നും ഭൂമി മനുഷ്യന്റെ അവസാനിക്കാത്ത ചൂഷണത്തിന് തുറന്നിട്ടിരിക്കുന്ന, വിഭവങ്ങളുടെ അനന്ത ലോകമാണെന്നതുമാണ് പരിസ്ഥിതി ചൂഷണത്തിലേക്ക് നയിക്കുന്ന മനുഷ്യാന്തര്‍ലീന മനോഭാവം. അത് ബോധപൂര്‍വം പൊളിച്ചെഴുതി വിഭവ വിനിയോഗത്തില്‍ മിതത്വത്തിന്റെ പാഠം ശീലിച്ചും സഹജീവി ബോധത്തിന്റെ ഉണര്‍വിലേക്ക് സഞ്ചരിച്ചും വേണം പരിസ്ഥിതി ചൂഷണങ്ങള്‍ക്ക് തടയിടാന്‍. സമൂഹത്തില്‍ വലിയ തോതില്‍ സാമ്പത്തിക അസന്തുലിതാവസ്ഥ നിലനില്‍ക്കുമ്പോഴും ജി ഡി പി വളര്‍ച്ചയില്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള രാഷ്ട്രീയ, സാമ്പത്തിക നയങ്ങളും ആത്യന്തികമായി ആഘാതമേല്‍പ്പിക്കുന്നത് പരിസ്ഥിതിയിലാണ്.
പരിസ്ഥിതി നാശവും കാലാവസ്ഥാ വ്യതിയാനവും നമ്മുടെ ഭാവിയെ പ്രശ്ന സങ്കീര്‍ണമാക്കുമെന്ന തിരിച്ചറിവില്‍ പാരിസ്ഥിതിക നീതിയെക്കുറിച്ചുള്ള വിചാരങ്ങളിലേക്ക് സമീപ കാലത്തായി ലോക രാജ്യങ്ങള്‍ കടന്നുവരുന്നുണ്ട് എന്നത് ശുഭോദര്‍ക്കമാണ്. 2017 മാര്‍ച്ച് 14ന് ന്യൂസിലാന്‍ഡ് പാര്‍ലിമെന്റ് സവിശേഷ പ്രാധാന്യമുള്ള ഒരു ബില്ല് പാസ്സാക്കിയത് അത്തരത്തില്‍ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വാംഗന്യൂയ് നദിക്ക് നിയമപരമായ സ്വത്വം അവകാശമാക്കുന്നതായിരുന്നു പ്രസ്തുത ബില്ല്. അതുവഴി കൈയേറ്റങ്ങള്‍ക്കും മലിനീകരണങ്ങള്‍ക്കുമെതിരെ കേസ് കൊടുക്കാനുള്ള നിയമപരമായ അവകാശം ‘നദി’ക്ക് തന്നെയും ലഭിക്കുകയുണ്ടായി. നദീസംരക്ഷണത്തിന് നിയമത്തിന്റെ ഭാഗത്ത് നിന്നുള്ള കരുത്തുറ്റ ചുവടുവെപ്പാണ് നിയമപരമായ പൗരത്വം തന്നെ വകവെച്ചു കൊടുക്കുന്ന തീരുമാനത്തിലൂടെ ന്യൂസിലാന്‍ഡ് എടുത്തത്.
ഈയിടെ ഡല്‍ഹി ഹൈക്കോടതിയിലെ സ്പെഷ്യല്‍ ബഞ്ച് വ്യാവസായിക തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കലാപ ബാധിത വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ നിയമ വ്യവഹാരത്തിലെ കക്ഷിയോട് ഉത്തരവിട്ടിരുന്നു. മനുഷ്യ മനസ്സിലെ മുറിവുണക്കാനും ഭീതിദ ഓര്‍മകളെ മായ്ച്ചു കളയാനും പച്ചപ്പിന് കഴിയുമെന്ന് നിരീക്ഷിച്ചാണ് അത്തരമൊരുത്തരവ് കോടതി പുറപ്പെടുവിച്ചത്.
കുറച്ച് വര്‍ഷങ്ങളായി രാജ്യ തലസ്ഥാന നഗരിയെ ഗ്രീന്‍ സിറ്റിയാക്കാനുള്ള ദൗത്യവുമായി ഡല്‍ഹി ഹൈക്കോടതി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്ന് ഡല്‍ഹിയാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പാരിസ്ഥിതിക നീതിയുടെ ജുഡീഷ്യല്‍ ആക്ടിവിസമാണ് ഡല്‍ഹി ഹൈക്കോടതി നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി 386 കേസുകളില്‍ ഡല്‍ഹി ഹൈക്കോടതി നഷ്ടപരിഹാര ഉത്തരവിട്ടതില്‍ 2,50,056 മരങ്ങള്‍ ഡല്‍ഹിയിലെ വിവിധ ഇടങ്ങളിലായി നടുകയും പരിപാലിച്ച് വരികയും ചെയ്യുന്നുണ്ടെന്നാണ് കണക്ക്. നിയമ വ്യവഹാരങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് കക്ഷികളില്‍ നിന്ന് നഷ്ടപരിഹാരമായും പിഴ ചുമത്തിയും മരം നടീല്‍ യജ്ഞത്തിന് ഡല്‍ഹി ഹൈക്കോടതിയിലെ ഒരു സിംഗിള്‍ ബഞ്ച് കാര്‍മികത്വം വഹിച്ചുകൊണ്ടിരിക്കുന്നത്. രാജ്യ തലസ്ഥാനത്തെ മലിനീകരണം കുറക്കാനും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഉയര്‍ത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പച്ചപ്പ് നിറക്കാനുള്ള ദൗത്യം കോടതി തന്നെ ഏറ്റെടുത്തിരിക്കുന്നത്.
പ്രകൃതി സംരക്ഷണത്തിനും കാര്‍ഷിക സമൃദ്ധിക്കുമായി ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ സ്വീകരിച്ച നടപടികളുടെ ഒരു ചെറു പതിപ്പാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. മൈസൂരുവില്‍ ടിപ്പുവിന്റെ ഭരണകാലത്ത് അവ്വിധം ശ്രദ്ധേയമായ പല പരിഷ്‌കരണങ്ങളും നടപ്പാക്കിയിരുന്നു. ആമീല്‍ദാര്‍ ഏതെങ്കിലും കര്‍ഷകന്റെ കുറ്റത്തിന് പിഴ ചുമത്തുകയാണെങ്കില്‍ ഗ്രാമത്തിലെ കണ്ണായ ഭാഗത്ത് രണ്ട് വീതം മാവും ബദാമും മൂന്നടിയാകുന്നത് വരെ നട്ടുവളര്‍ത്തിയാല്‍ പിഴ ഒഴിവാക്കി കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു ടിപ്പു സുല്‍ത്താന്‍. താരതമ്യേന തീവ്രത കുറഞ്ഞ കുറ്റകൃത്യങ്ങളില്‍ ഒരേസമയം കര്‍ഷകര്‍ ശിക്ഷിക്കപ്പെടുകയും മനുഷ്യര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്ക് തന്നെയും തണലാകുകയും ചെയ്യുന്ന മാതൃകാപരമായ സമീപനമായിരുന്നു ടിപ്പു സുല്‍ത്താന്റേത്.
പൊതുജന പങ്കാളിത്തത്തോടെ നഗരാന്തരീക്ഷം സംരക്ഷിക്കുന്ന ഇടപെടലാണ് ഡല്‍ഹി ഹൈക്കോടതി നടത്തിക്കൊണ്ടിരിക്കുന്നത്. കോടതി ഉത്തരവിനപ്പുറം വകുപ്പ് തലത്തില്‍ ചെറു വനവത്കരണങ്ങളെ പ്രചോദിപ്പിക്കുന്ന നീക്കവും കോടതി നടത്തുന്നുണ്ട്. ഡല്‍ഹി നഗരത്തിലെ കടയുടമകളെ മരം നടുന്നതിന് പ്രോത്സാഹിപ്പിക്കുന്നു. പ്രദേശത്തെ സ്‌കൂളുകളില്‍ 1,000 മരങ്ങള്‍ നടാന്‍ നിര്‍ദേശം നല്‍കുന്നു. അത് ഉത്തരവാദിത്വ ബോധമുള്ള പൗരന്‍മാരെ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്നും കോടതി നിരീക്ഷിച്ചു. സ്‌കൂള്‍ വളപ്പുകളില്‍ നടുന്ന മരങ്ങളുടെ പരിപാലന ചുമതല വിദ്യാര്‍ഥികള്‍ക്ക് നല്‍കാനാണ് നിര്‍ദേശം. തുടര്‍ന്ന് ഏറ്റവും നന്നായി പരിപാലന കര്‍മം നിര്‍വഹിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കി സ്‌കൂളുകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരാന്തരീക്ഷം രൂപപ്പെടുത്തണമെന്നും ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്.
ഒരു ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ചിന്റെ അത്രയേറെ വൈപുല്യമില്ലാത്ത ഇടപെടല്‍ എന്ന് വിലയിരുത്തി മാറ്റിവെക്കേണ്ട ഒരധ്യായമല്ല മേല്‍ പറഞ്ഞത്. ഡല്‍ഹിയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട ഭൂതലത്തില്‍ ഹയര്‍ ജുഡീഷ്യറിക്ക് നിര്‍വഹിക്കാന്‍ കഴിയുന്ന ഉന്നതമായ ആക്ടിവിസമാണതെന്നുള്ള ബോധ്യം പരിസ്ഥിതി നശീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രധാനമാണ്. ജുഡീഷ്യല്‍ ആക്ടിവിസം കൊണ്ട് മാത്രം മറികടക്കാന്‍ കഴിയുന്ന പാരിസ്ഥിതിക പ്രതിസന്ധിയുമല്ല നമ്മുടെ രാജ്യത്തടക്കമുള്ളതും. പഴുതടച്ചതും പരിസ്ഥിതി നിയമ ലംഘകര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തുന്നതുമായ സമഗ്ര നിയമ നിര്‍മാണങ്ങള്‍ രാജ്യത്ത് നടക്കേണ്ടതുണ്ട്. അതിന് വേണ്ട ആത്മാര്‍ഥതയും ഇച്ഛാശക്തിയും കോര്‍പറേറ്റ് പാദസേവ നടത്തുന്ന ഒരു ഭരണകൂടത്തിനും ഉണ്ടാകില്ല എന്നത് പരമാര്‍ഥം. വികസനത്തിന്റെ പേരില്‍ ചുളുവിലക്കാണ് രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ വിരലിലെണ്ണാവുന്ന ശതകോടീശ്വരന്‍മാര്‍ക്ക് ഭരണകൂടം വിറ്റുകൊണ്ടിരിക്കുന്നത്. അങ്ങനെ കൊണ്ടുവരുന്ന മെഗാ പ്രൊജക്ടുകള്‍ക്ക് വേണ്ടി മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലുകള്‍ നടത്തുന്നു ഭരണകൂടം. ആവാസ വ്യവസ്ഥകളെ തകര്‍ത്തെറിയുന്ന അത്തരം പദ്ധതികള്‍ നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ചല്ല ആരംഭിക്കാറുള്ളതെന്നും ഭരണകൂടത്തിന് നന്നായറിയാം. പരിസ്ഥിതി ആഘാത പഠനം നടക്കേണ്ട പല പദ്ധതികളിലും അത് നടക്കാറില്ലെന്നും ഭരണ രഥമുരുട്ടുന്നവര്‍ക്ക് തന്നെ ബോധ്യമുണ്ട്. അപ്പോള്‍ പിന്നെ ആരാണ് പൂച്ചക്ക് മണികെട്ടുക എന്ന ചോദ്യം അവശേഷിക്കുന്നു. അതെന്തായാലും പലവിധ പരിസ്ഥിതി നശീകരണങ്ങളാല്‍ രാജ്യത്ത് ജനജീവിതം ദുസ്സഹമാകുമ്പോള്‍ എല്ലാവരും ഇരകളായിരിക്കും. വര്‍ഗീയ വിഭജനമുണ്ടാക്കി ചിരിക്കുന്ന വേട്ടക്കാരും ആ വിപത്തില്‍ ഇരകള്‍ മാത്രമായിരിക്കും.