Connect with us

Kozhikode

ഇരുതുള്ളിപ്പുഴയുടെ തീരത്തെ പരിസ്ഥിതി മലിനീകരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

അളവിലധികം മാലിന്യം അശാസ്ത്രീയമായി സംസ്‌കരിക്കുന്നത് കാരണം ആയിരക്കണക്കിന് ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്നാണ് പരാതി

Published

|

Last Updated

കോഴിക്കോട് | കട്ടിപ്പാറ ഇരുതുള്ളിപ്പുഴയുടെ തീരത്ത് നിയമവിരുദ്ധമായി 2019 മുതല്‍ പ്രവര്‍ത്തിക്കുന്ന കോഴി അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ്‌സൃഷ്്ടിക്കുന്ന പരിസ്ഥിതി, പുഴ മലിനീകരണം മൂലം കോടഞ്ചേരി, ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തുകളിലെ ആയിരത്തോളം കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്ന പരാതിയില്‍ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ജില്ലാ കലക്്ടര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനുമാണ് നിര്‍ദേശം നല്‍കിയത്.

രണ്ടാഴ്ചക്കകം ഇക്കാര്യം പരിശോധിച്ച് റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. വീടിനകത്തു പോലും ദുര്‍ഗന്ധം അനുഭവപ്പെടുകയാണെന്ന് പരാതിയില്‍ പറയുന്നു. ഇരുതുള്ളിപ്പുഴയുടെ വിവിധ കേന്ദ്രങ്ങളില്‍ നിരവധി ജലനിധി കിണറുകള്‍ ഉണ്ട്.
വിവിധ സ്ഥലങ്ങളില്‍ ജലം വിതരണം ചെയ്യുന്നത് ജലനിധി കിണറുകളില്‍ നിന്നാണ്. ജില്ലയിലെ മുഴുവന്‍ കോഴി അറവ് മാലിന്യങ്ങളും കട്ടിപ്പാറയിലെ ഏക പ്ലാന്റിലെത്തിച്ചാണ് സംസ്‌കരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

അളവിലധികം മാലിന്യം അശാസ്്ത്രീയമായി സംസ്‌കരിക്കുന്നത് കാരണം ആയിരക്കണക്കിന് ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്നും പരാതിയിലുണ്ട്. ഇരുതുള്ളിപ്പുഴ സംരക്ഷണ ജനകീയ സമിതിക്ക് വേണ്ടി കണ്‍വീനര്‍ പുഷ്പന്‍ നന്ദന്‍സും ചെയര്‍മാന്‍ ബാബുവും സമര്‍പ്പിച്ച പരാതിയിലാണ് നടപടി.