Kerala
ഇ പിയുടേത് കമ്യൂണിസ്റ്റിന് ചേര്‍ന്ന രീതിയല്ല, മുകേഷിനെ സ്ഥാനാര്‍ഥിയാക്കിയതാര്; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ അതിരൂക്ഷ വിമര്‍ശം
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിവസത്തില്‍ പ്രകാശ് ജാവേദ്ക്കറുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ തിരിച്ചടിയായെന്നാണ് ഇ പി ജയരാജനെതിരായ പ്രധാന വിമര്‍ശം
കൊല്ലം | സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനും എംഎല്‍എ മുകേഷിനും അതിരൂക്ഷ വിമര്‍ശം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിവസത്തില്‍ പ്രകാശ് ജാവേദ്ക്കറുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ തിരിച്ചടിയായെന്നാണ് ഇ പി ജയരാജനെതിരായ പ്രധാന വിമര്‍ശം. ഇപിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്ന് സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി
എം മുകേഷ് എംഎല്‍എയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിലും അതിരൂക്ഷ വിമര്‍ശമുയര്‍ന്നു. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് പ്രതിനിധികള്‍ ചോദിച്ചു.ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടായിട്ടും എന്തിനാണ് എം മുകേഷിനെ ലോക്സഭാ സ്ഥാനാർഥിയാക്കിയതെന്നും സമ്മേളനത്തിൽ ചോദ്യം ഉയർന്നു. കൊല്ലത്ത് മറ്റൊരാളായിരുന്നെങ്കില്‍ ഇത്ര വലിയ പരാജയം ഉണ്ടാകില്ലായിരുന്നുവെന്നും പ്രതിനിധി സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. മുകേഷ് തിരഞ്ഞെടുപ്പ് വേളയില്‍ പ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്നും വിമര്‍ശമുയര്‍ന്നു.