Kerala
ഇ പി ജയരാജന്റെ വ്യാജ ആത്മകഥ പുറത്തുവിട്ട കേസ്; ഡി സി ബുക്‌സ് മുന്‍ ഡയറക്ടര്‍ എ വി ശ്രീകുമാര്‍ അറസ്റ്റില്‍
ആത്മകഥാഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോട്ടയം | ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് സി പി എം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ എന്ന പേരില്‍ വ്യാജ വിവരങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ ഡി സി ബുക്സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ ഡയറക്ടര്‍ എ വി ശ്രീകുമാറിനെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
ആത്മകഥാഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശ്രീകുമാറിനെ രാവിലെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കേസില്‍ ഡി സി ബുക്സ് ഉടമ രവി ഡി സി അടക്കമുള്ളവരുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ ശ്രീകുമാര്‍, രവി ഡി സി തുടങ്ങിയവരെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് പോലീസ് സൂചിപ്പിച്ചു. ആത്മകഥാ ഭാഗം എന്ന പേരില്‍ വിവാദ വിഷയം ചോര്‍ത്തി നല്‍കിയത് ഏത് സാഹചര്യത്തില്‍, ഇതിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോ തുടങ്ങിയവ പോലീസ് അന്വേഷിച്ചു വരികയാണ്.
കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരിലുള്ള ഇപി ജയരാജന്റെ ആത്മകഥാഭാഗങ്ങള്‍ എന്ന പേരില്‍ പുറത്തുവന്നതാണ് വിവാദമായത്. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ആത്മകഥാഭാഗങ്ങള്‍ പുറത്തു വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പാലക്കാട്ടെ ഇടതു സ്ഥാനാര്‍ഥി പി സരിന്‍ തുടങ്ങിയവരെ വിമര്‍ശിക്കുന്നതായുള്ള ഭാഗം എന്ന നിലയിലാണ് ചില ഭാഗങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ന്ന് ഇ പി ജയരാജന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.