vaidekam resort
റിസോർട്ടിലെ ഓഹരികൾ ഇ പി ജയരാജൻ്റെ കുടുംബം ഉപേക്ഷിക്കുന്നു
ആദായ നികുതി വകുപ്പിൻ്റെ റെയ്ഡിൻ്റെയും നോട്ടീസിൻ്റെയും രാഷ്ട്രീയ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം.
കണ്ണൂർ | മൊറാഴ വൈദേകം ആയുർവേദ റിസോർട്ടിലെ ഓഹരികൾ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ കുടുംബം ഉപേക്ഷിക്കുന്നു. ഇ പിയുടെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് തങ്ങളുടെ 9,199 ഓഹരികൾ വിൽക്കുന്നത്. ഇന്ദിരക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടെയും ഓഹരികളാണുള്ളത്. ആദായ നികുതി വകുപ്പിൻ്റെ റെയ്ഡിൻ്റെയും നോട്ടീസിൻ്റെയും രാഷ്ട്രീയ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം.
റിസോർട്ടിൻ്റെ ഉടമസ്ഥരായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഷെയർ ഉടമകൾ ആരൊക്കെയാണെന്നും അവർക്ക് എത്ര വീതം ഓഹരികൾ ഉണ്ടെന്നും ആരാഞ്ഞാണ് ടാക്സ് ഡിഡക്‌റ്റഡ് അറ്റ് സോഴ്സ് (ടി ഡി എസ്) വിഭാഗം നോട്ടീസ് നൽകിയത്. റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങൾ, രേഖകൾ, ഉടമകളുടെ നിക്ഷേപം സംബന്ധിച്ച രേഖകൾ അടക്കമാണ് ടി ഡി എസ് വിഭാഗം ആവശ്യപ്പെട്ടത്.
വ്യക്തിയെന്ന നിലയിൽ ഇ പിയുടെ ഭാര്യ ഇന്ദിരക്കാണ് കൂടുതൽ ഷെയറുകൾ. റിസോർട്ടിൻ്റെ മുൻ എം ഡി. കെ പി രമേശ് കുമാറിനും മകള്‍ക്കും 99.99 ലക്ഷം രൂപയുടെ 9,999 ഷെയറുകളുണ്ട്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ കണ്ണൂർ മുൻ സെക്രട്ടറി പി ജയരാജനാണ് റിസോർട്ടിനെ സംബന്ധിച്ച് പാർട്ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്.