Connect with us

Kerala

ഇ പി ജയരാജന്‍ ഡോ. സരിന്റെ പ്രചാരണത്തിനായി ഇന്ന്‌ പാലക്കാട്ട്

ഇ പി എത്തുന്നത് ആത്മകഥയുടെ പേരില്‍ വ്യാജ പ്രചാരണം നടന്ന പശ്ചാത്തലത്തില്‍

Published

|

Last Updated

പാലക്കാട്‌ :  വിവാദ മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഇന്ന് പാലക്കാട്ട് പ്രചാരണത്തിനെത്തും. എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിനു വേണ്ടി പ്രചാരണം നടത്താനായി ഇ പി വീട്ടില്‍ നിന്ന് പാലക്കാട്ടേക്കു പുറപ്പെട്ടു.

തന്റെ ആത്മകഥയില്‍ ഡോ. സരിന് എതിരായി പരാമര്‍ശമുണ്ടെന്ന തരത്തില്‍ വ്യാപകമായ പ്രചാരണം നടന്ന പശ്ചാത്തലത്തിലാണ് ഇ പി നേരിട്ടെത്തി സരിനു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുന്നത്.  വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പല്‍ ബസ്റ്റാന്‍ഡില്‍ പൊതുയോഗത്തില്‍ ഇ പി സംസാരിക്കും.

ആത്മകഥ തന്റേതല്ലെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി പ്രതികരിച്ചിട്ടുണ്ട്. ആത്മകഥാ വിവാദത്തില്‍ അദ്ദേഹം ഡി ജി പിക്ക് പരാതി നല്‍കി. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇ പി നല്‍കിയ പരാതിയില്‍ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഇന്നലെ രാത്രി തന്നെ ഡിസി ബുക്‌സ് അവരുടെ പേജില്‍ ഇ പിയുടെ ആത്മകഥ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു. കട്ടന്‍ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രവും നല്‍കിയിരുന്നു. ഇ പിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്. അത്മകഥയിലേത് എന്ന പേരില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുന്ന വിവാദ പരാമര്‍ശങ്ങള്‍ പ്രചരിച്ചതോടെ നിഷേധവുമായി ഇ പി ജയരാജന്‍ രംഗത്തെത്തി. നിയമനടപടി എടുക്കുമെന്നും ഇ പി പ്രതികരിച്ചു.