Connect with us

Kerala

ഇ പി ജയരാജന്‍ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്ത്‌

ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച പാര്‍ട്ടിക്കുണ്ടാക്കിയ കനത്ത ആഘാതമാണ് ഇ പിക്ക് തിരിച്ചടിയായിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ഇ പി ജയരാജന്‍ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നു നീക്കി. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടാമുണ്ടായി. സംസ്ഥാന സെക്രട്ടറിയറ്റ് ഇന്നലെ കൈക്കൊണ്ട തീരുമാനം സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട്ചെ യ്യുകയായിരുന്നു. കേന്ദ്രകമ്മിറ്റിയുടെ അനുമതിയോടെയാണ് അച്ചടക്ക നടപടി നിലവില്‍ വരുന്നത്.

ഇതോടെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ പി കണ്ണൂരിലേക്ക് തിരിച്ചു. ഇ പിയെ സ്ഥാനത്തു നിന്ന് നീക്കുന്നതോടെ കോഴിക്കോട്ട് നിന്നുള്ള ടി പി രാമകൃഷ്ണനെ മുന്നണി കണ്‍വീനര്‍ ആക്കിയേക്കും.  ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച പാര്‍ട്ടിക്കുണ്ടാക്കിയ കനത്ത ആഘാതമാണ് ഇ പിക്ക് തിരിച്ചടിയായിരിക്കുന്നത്.

24 ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായുള്ള സി പി എം ബ്രാഞ്ച് മുതലുള്ള സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്ന പശ്ചാത്തലത്തിലാണ് ഇ പിയെ സ്ഥാനത്തുനിന്നു നീക്കുന്നത്. അനുഭവ സമ്പത്തുള്ള നേതാവ് എന്ന നിലയിലും കണ്ണൂരിലെ കരുത്തന്‍ എന്ന നിലയിലും പാര്‍ട്ടിയെ നയിച്ച ഇ പി അടുത്ത കാലത്ത് നിരന്തരം പാര്‍ട്ടിക്ക് ആഘാതമേല്‍പ്പിക്കുന്ന നടപടികളുടെ ഭാഗമാകുന്നു. സി പി എം സംസ്ഥാന സെക്രട്ടറിയാവാന്‍ കഴിയാത്തതില്‍ ഇ പിക്ക് നിരാശയുണ്ടെന്നു മാധ്യമ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ ഈ ആരോപണത്തെ സാധൂകരിക്കുന്ന തരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ഇ പിയുടെ ഭാഗത്തുനിന്നുണ്ടായത്.

കോടിയേരി ബാലകൃഷ്ണന്റെ ആകസ്മികമായ വിയോഗത്തിന് ശേഷം അദ്ദേഹത്തിന് പകരക്കാരനാകാന്‍ തന്നേക്കാള്‍ ജൂനിയാറായ എം വി ഗോവിന്ദന്‍ വന്നതോടെ ഇ പി നിരാശനായിരുന്നുവെന്ന പ്രചാരണം ശക്തമായി. പലഘട്ടത്തിലും പാര്‍ട്ടിയോട് അകന്ന് നിന്ന് അദ്ദേഹം പ്രതിഷേധം പ്രകടമാക്കി. ഇത് ചര്‍ച്ചയായതോടെയാണ് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം അദ്ദേഹത്തിനു നല്‍കിത്. എന്നാല്‍ ആ പദവിയില്‍ ശോഭിക്കുന്നതിനു പകരം വാക്കുകളിലും പ്രവൃത്തിയിലും നിരാശജനകമായ പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്.

നേരത്തേ സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ദേശാഭിമാനി ബോണ്ട് വിവാദം, വിവാദ വ്യവസായിമായുള്ള ദേശാഭിമാനി ഭൂമി ഇടപാട്, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനം തുടങ്ങിയ വിഷയങ്ങളില്‍ അച്ചടക്ക നടപിടക്ക് വിധേയനായെങ്കിലും മുതിര്‍ന്ന നേതാവെന്ന നിലയില്‍ പാര്‍ട്ടി അദ്ദേഹത്തെ സംരക്ഷിച്ചിരുന്നു. എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തിരുന്നു മുന്നണിക്കാകെ ആഘാതമേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇടതുമുന്നണി ഘടകക്ഷികള്‍ക്കും ഇപിയോടുള്ള അതൃപ്തി ശക്തമാണ്. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

ദല്ലാള്‍ നന്ദകുമാര്‍-ഇപി ബന്ധം പാര്‍ട്ടിയിലും മുന്നണിയിലും കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രധാന പ്രചാരണമായിരുന്നു ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി ജെ പി എന്നത്. എന്നാല്‍, ഈ പ്രചാരണത്തെ ക്ഷീണിപ്പിക്കുന്നതായിരുന്നു ഇ പിയും ബി ജെ പിയുടെ കേരളത്തിലെ പ്രഭാരി പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ച. ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖര്‍- ഇ പി ജയരാജന്‍ ബിസിനസ് കൂട്ടുകെട്ടിനെ കുറിച്ചുള്ള ആരോപണവും ലോകസഭാ തിരഞ്ഞെടുപ്പു ഘട്ടത്തില്‍ ചര്‍ച്ചയായിരുന്നു. നിരാമയ-വൈദേകം റിസോര്‍ട്ട് ഇടപാടുമായി ബന്ധപ്പെട്ടാണ് ഈ ആരോപണം ഉയര്‍ന്നത്. തിരഞ്ഞെടുപ്പിനിടെ ബി ജെ പി സ്ഥാനാര്‍ഥികളെ പുകഴ്ത്തി ഇ പി രംഗത്ത് വന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാന മത്സരം ബി ജെ പിയും ഇടതുമുന്നണിയും തമ്മിലാണെന്നായിരുന്നു ഇ പിയുടെ പ്രസ്താവന.

എ വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദകുമാറിന്റെ കുടുംബക്ഷേത്രത്തിലെ പരിപാടിക്ക് പോയതും വലിയ വാര്‍ത്തയായിരുന്നു. നന്ദകുമാറിന്റെ അമ്മയെ പൊന്നാടയണിയിക്കുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയായപ്പോഴാണ് തൃശൂരിലെത്തി ജനകീയപ്രതിരോധ യാത്രയില്‍ അദ്ദേഹം പങ്കെടുത്തത്. തുടര്‍ന്നു നന്ദകുമാറിന്റെ മധ്യസ്ഥതയില്‍ ഇ പിയുടെ ബി ജെ പി പ്രവേശനം ചര്‍ച്ച ചെയ്തുവെന്ന് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍ ആരോപിക്കുകയും ചെയ്തു. തുടര്‍ന്നു ജാവദേക്കറുമായി കൂടിക്കാഴ്ചയും നടന്നതോടെ ഇ പി ദുരൂഹമായ നീക്കം നടത്തിയതായി വ്യക്തമായി. ദല്ലാള്‍ നന്ദകുമാറുമായുള്ള ഇ പിയുടെ കൂട്ടുകെട്ടിനെ മുഖ്യമന്ത്രി പിണറായി ശക്തമായി തള്ളിക്കളഞ്ഞിരുന്നു. പാപിയോടൊപ്പം ശിവന്‍ ചേര്‍ന്നാല്‍ ശിവനും പാപിയായിടും എന്നായിരുന്നു പിണറായി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഇ പി ജയരാജനെതിരേ പി ജയരാജന്‍ സാന്പത്തിക ആരോപണം ഉന്നയിച്ചതും ഈ റിസോര്‍ട്ടിന്റെ പേരിലായിരുന്നു. വൈദേകം റിസോര്‍ട്ടിന്റെ മറവില്‍ അനധികൃത സ്വത്ത് സമ്പാദനം നടക്കുന്നുണ്ടെന്നായിരുന്നു പ്രധാന ആരോപണം. എല്‍ ഡി എഫ് കണ്‍വീനറായിട്ടും കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ മാത്രമായിരുന്നു ഇപിക്ക് പ്രചാരണ ചുമതല നല്‍കിയത്.

 

Latest