Ongoing News
പത്തനംതിട്ട ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു; കണക്കുകള്‍ പുറത്തുവിടാതെ ആരോഗ്യ വകുപ്പ്
പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമായിട്ടില്ലെന്ന തോന്നല്‍ പൊതുജനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
പത്തനംതിട്ട | ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും കണക്കുകള്‍ പുറത്തുവിടാതെ ആരോഗ്യവകുപ്പ്. അടിക്കടി ജാഗ്രതാ നിര്‍ദേശം നല്‍കുമെങ്കിലും എവിടെയൊക്കെ ഏതെല്ലാം രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നു മാത്രം പറയാന്‍ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. രോഗനിരക്ക് കൂടുകയാണോ കുറയുകയാണോ എന്നു പോലും പറയാന്‍ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉന്നതരുടെ നിര്‍ദേശം. പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമായിട്ടില്ലെന്ന തോന്നല്‍ പൊതുജനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
ഡെങ്കിപ്പനിക്കു പിന്നാലെ എച്ച്1 എന്‍1 ജാഗ്രതാ നിര്‍ദേശവും ഇന്ന് നല്‍കി. ജില്ലയില്‍ എച്ച്1 എന്‍1 റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രമാടത്തുണ്ടായ ഒരു മരണം എച്ച്1 എന്‍1 മൂലമാണെന്നു സംശയിച്ചിരുന്നുവെങ്കിലും നെഗറ്റീവ് ആയതിനുശേഷം മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപോര്‍ട്ട്.
ഡെങ്കിയും വൈറല്‍പ്പനിയും വ്യാപകമായുണ്ട്. ഇതിനൊപ്പം എലിപ്പനിയും ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഡെങ്കി, എലിപ്പനി മരണങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവിടുന്നില്ല. ഡെങ്കി കൂടുതലായി ബാധിച്ച പ്രദേശങ്ങളെയും വാര്‍ഡുകളെയും ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ പെടുത്തുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. എന്നാല്‍ ഏതെല്ലാം മേഖലകളില്‍ എത്ര രോഗബാധിതര്‍ ഉണ്ടെന്നു വ്യക്തമാകാത്തതിനാല്‍ ആ മേഖലകളില്‍ ജാഗ്രതക്കുറവുണ്ടാകുന്നുണ്ട്.
എച്ച്1 എന്‍1 പടരുന്നത് വായുവിലൂടെ
ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്1 എന്‍1 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസ്സാരമായി കാണാതെ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി ചികിത്സ തേടണമെന്ന് ഡി എം ഒ. ഡോ. എല്‍ അനിതകുമാരി നിര്‍ദേശിച്ചു.
വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍ വണ്‍. പനി, ജലദോഷം, ചുമ, ശ്വാസതടസ്സം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍, ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റേതെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരില്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.
പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നതും മരണം വരെ സംഭവിക്കുന്നതെന്നും ഡി എം ഒ പറഞ്ഞു.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ഒസള്‍ട്ടാമിവിര്‍ എന്ന മരുന്നും ലഭ്യമാണ്. രോഗബാധിതര്‍ പോഷകഗുണമുള്ള പാനീയങ്ങളും ആഹാരങ്ങളും കഴിക്കുവാനും പൂര്‍ണവിശ്രമമെടുക്കാനും ശ്രദ്ധിക്കണം. പൊതുഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.