Articles
ഏറനാടും കണ്ണൂര്‍ അഡ്ഹോക്ക് സമിതിയും
ചരിത്രത്തില്‍ ഏറനാടിന് വലിയ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏടുകള്‍ വിരചിക്കപ്പെട്ടത് ഏറനാടന്‍ മണ്ണിലാണ്. എത്രയെത്ര വീരഗാഥകള്‍ക്കാണ് അവിടെ പിറന്ന വീരന്മാര്‍ കാരണമായത്. ബ്രിട്ടീഷുകാരെ പോലും വിറപ്പിക്കാനും ഹ്രസ്വകാലമെങ്കിലും വരച്ച വരയില്‍ നിര്‍ത്താനും ഏറനാടന്‍ ഭൂപ്രദേശത്തിന് സാധിച്ചു. സുന്നി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രവഴികളില്‍ ഏറനാടിന് അമൂല്യമായ ഇടമുണ്ട്. എസ് എസ് എഫിന്റെ സംസ്ഥാന ഘടക രൂപവത്കരണത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളില്‍ ഈ താലൂക്ക് കമ്മിറ്റി പങ്ക് വഹിച്ചിരുന്നു.
ചരിത്രത്തില്‍ ഏറനാടിന് വലിയ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏടുകള്‍ വിരചിക്കപ്പെട്ടത് ഏറനാടന്‍ മണ്ണിലാണ്. എത്രയെത്ര വീരഗാഥകള്‍ക്കാണ് അവിടെ പിറന്ന വീരന്മാര്‍ കാരണമായത്. ബ്രിട്ടീഷുകാരെ പോലും വിറപ്പിക്കാനും ഹ്രസ്വകാലമെങ്കിലും വരച്ച വരയില്‍ നിര്‍ത്താനും ഏറനാടന്‍ ഭൂപ്രദേശത്തിന് സാധിച്ചു. സുന്നി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രവഴികളില്‍ ഏറനാടിന് അമൂല്യമായ ഇടമുണ്ട്. എസ് എസ് എഫിന്റെ സംസ്ഥാന ഘടക രൂപവത്കരണത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളില്‍ ഈ താലൂക്ക് കമ്മിറ്റി പങ്ക് വഹിച്ചിരുന്നു.
1973 മാര്‍ച്ച് എട്ടിന് അരീക്കോട് ബാഫഖി നഗറിലെ സമസ്ത താലൂക്ക് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ഥി കണ്‍വെന്‍ഷനിലാണ് ഏറനാട് താലൂക്കില്‍ എസ് എസ് എഫ് പിറക്കുന്നത്. മമ്പാട് സി കെ എസ് തങ്ങളായിരുന്നു ഉദ്ഘാടനം. വിവിധങ്ങളായ ആശയപ്രചാരണം വഴി നമ്മുടെ സംസ്‌കാരത്തിന് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ മത വിദ്യാര്‍ഥികള്‍ക്ക് സുശക്തവും സുസംഘടിതവുമായ ഒരു നേതൃത്വം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ജാമിഅ നൂരിയ്യ വിദ്യാര്‍ഥികള്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. എം എം ബശീര്‍ മുസ്‌ലിയാര്‍ ആയിരുന്നു കണ്‍വെന്‍ഷന്റെ അധ്യക്ഷന്‍. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട് പ്രസിഡന്റായും അബ്ദുര്‍റഹ്‌മാന്‍ കാവനൂര്‍ ജനറല്‍ സെക്രട്ടറിയായും ഏറനാട് താലൂക്ക് എസ് എസ് എഫ് കമ്മിറ്റി പ്രഖ്യാപിക്കപ്പെട്ടു. ആകെ 40 അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഉപദേശക ബോര്‍ഡ് അംഗങ്ങളായി എം മുഹമ്മദ് ബശീര്‍ മുസ്‌ലിയാര്‍, കെ ടി മാനു മുസ്‌ലിയാര്‍, പി ഹൈദ്രോസ് ഹാജി, പി എം മുഹമ്മദ് മുസ്‌ലിയാര്‍ കാരക്കുന്ന്, എം പി ഇസ്മാഈല്‍ മുസ്‌ലിയാര്‍ നെല്ലിക്കുത്ത് എന്നിവരെയും തിരഞ്ഞെടുത്തു. സംഘത്തിന്റെ പ്രഥമയോഗം ഏപ്രില്‍ 29ന് രാവിലെ 10 മണിക്ക് ജാമിഅ നൂരിയ്യ കോളജില്‍ ചേരാന്‍ തീരുമാനിച്ചു. പ്രസ്തുത യോഗത്തിലാണ് സംഘടന ഔദ്യോഗികമായി സംസ്ഥാന വ്യാപകമായി രൂപവത്കരിക്കപ്പെട്ടത് എന്നത് ഏറനാട് താലൂക്ക് ഘടകത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്.
കണ്ണൂര്‍ അഡ്ഹോക്ക് കമ്മിറ്റിയും സംസ്ഥാന കമ്മിറ്റി നിലവില്‍ വരുന്നതിന് മുമ്പ് രൂപവത്കൃതമായതാണ്. 1973 മാര്‍ച്ച് 20ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിക്കപ്പെട്ട പ്രഥമ മഹാ സമ്മേളനത്തിലെ വിദ്യാര്‍ഥി കണ്‍വെന്‍ഷനിലായിരുന്നു അഡ്ഹോക്ക് കമ്മിറ്റിയുടെ പിറവി. പൗരപ്രധാനിയായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വസതിയായ കാഞ്ഞങ്ങാട് നൂര്‍ മഹലായിരുന്നു സമ്മേളന വേദി. പ്രവിശാലമായ സൗകര്യങ്ങളുള്ള തന്റെ വീട് അദ്ദേഹം പണ്ഡിതന്മാരുടെ ഒത്തുചേരലിനായി പൂര്‍ണമായും വിട്ടുനല്‍കുകയായിരുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ കാര്യപരിപാടികളില്‍ ആദ്യത്തേത് പതാക ഉയര്‍ത്തലും തുടര്‍ന്ന് വിദ്യാര്‍ഥി പ്രതിനിധി സമ്മേളനവുമായിരുന്നു. അന്നത്തെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളായിരുന്നു വിദ്യാര്‍ഥി കണ്‍വെന്‍ഷനിലെ അധ്യക്ഷന്‍. എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യ സംഘാടകനായിരുന്നു. സുന്നി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി ഒരു സംഘടന ആവശ്യമാണോ എന്ന വിഷയത്തില്‍ അഭിപ്രായം അറിയിക്കാന്‍ അധ്യക്ഷന്‍ വിദ്യാര്‍ഥികളെ പ്രസംഗ പീഠത്തിലേക്ക് ക്ഷണിച്ചു. എല്ലാവരും അഭിപ്രായം പറയാന്‍ മടിച്ചു നിന്നു. അതിനിടയിലാണ് മുഴപ്പാലയില്‍ നിന്ന് എത്തിയ അബ്ദുല്‍ ഖാദിര്‍ എന്ന വിദ്യാര്‍ഥി വേദിയിലേക്ക് കയറിചെല്ലുന്നത്. കഴിയാവുന്ന രൂപത്തില്‍ വിദ്യാര്‍ഥി സംഘടനയുടെ അനിവാര്യതയെ കുറിച്ച് അബ്ദുല്‍ ഖാദിര്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. പല വിദ്യാര്‍ഥികളും അതേ ആശയം സദസ്സിനു മുമ്പാകെ ബോധിപ്പിച്ചു. ഓരോ താലൂക്കില്‍ നിന്നും രണ്ട് വീതം പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചാണ് കണ്‍വെന്‍ഷന്‍ സമാപിച്ചത്. പി എ കെ മുഴപ്പാല തന്നെയായിരുന്നു കണ്‍വീനര്‍. മര്‍ഹൂം കോയ്യോട് ഉസ്താദിന്റെ മകന്‍ പി പി ഉമര്‍ മുസ്‌ലിയാര്‍ ചെയര്‍മാനായി.