കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് എറണാകുളം കലക്ടർ ഡോ. രേണു രാജ്. അവധി പ്രഖ്യാപനം വെെകിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. രാവിലെ എട്ടരയോടെയാണ് കലക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഫേസ്ബുക്കിൽ അറിയിപ്പ് നൽകിയത്. എന്നാൽ അപ്പോഴേക്കും പല സ്കൂളുകളിലും കുട്ടികൾ എത്തിയിരുന്നു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ അധ്യാപകരും രക്ഷിതാക്കളും അങ്കലാപ്പിലായി. ഇത് പ്രതിഷേധമായി മാറിയതോടെ കലക്ടർ വീണ്ടും പോസ്റ്റുമായെത്തി. രാത്രി ആരംഭിച്ച മഴ നിലയ്ക്കാത്തതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതില്ലെന്നുമായിരുന്നു രണ്ടാമത്തെ അറിയിപ്പ്. ഇത് കൂടുതൽ ആശയക്കുഴപ്പങ്ങൾക്കാണ് ഇടയാക്കിയത്.
എറണാകുളം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കല്ക്ടർ അവധി പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിലെല്ലാം തലേന്ന് തന്നെ അവധി പ്രഖ്യാപിച്ചപ്പോൾ എറണാകുളത്ത് പ്രഖ്യാപനം വെെകിയാണ് രക്ഷിതാക്കളെ ചൊടിപ്പിച്ചത്. ഇതോടെ ജനങ്ങൾ കലക്ടറുടെ പേജിൽ പൊങ്കാലവർഷം തുടങ്ങി. ‘കലക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ’, ‘ഇൻഎഫിഷ്യന്റ് കലക്ടർ’, ‘വെങ്കിട്ടരാമന്റെ ബ്രാൻഡാണെന്നു തോന്നുന്നു’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞത്. ‘ഇന്ന് ഈ പേജിൽ കുത്തിയിരുന്നു മടുത്താണു സ്കൂളിൽ വിട്ടത്’ തുടങ്ങിയ രോഷം കലർന്ന പരി പരിഭവങ്ങളും കമന്റുകളായെത്തി.
വീഡിയോ കാണാം