Kerala
ആറ് വയസുകാരിയെ ചികിത്സിച്ചതില്‍ പിഴവ്; ഡോക്ടര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി മാതാപിതാക്കള്‍
ചിറ്റാര്‍ വയ്യാറ്റുപുഴ കണ്ണങ്കര കെ സൂരജ്-അനുപ്രിയ ദമ്പതികളാണ് നിയമ നടപടിക്കൊരുങ്ങുന്നത്.
പത്തനംതിട്ട | ഡോക്ടറുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ആറു വയസുകാരിക്ക് രോഗം ഗുരുതരമായ സംഭവത്തില്‍ ആശുപത്രിക്കെതിരെ നിയമ നടപടിക്കൊരുങ്ങി മാതാപിതാക്കള്‍. ചിറ്റാര്‍ വയ്യാറ്റുപുഴ കണ്ണങ്കര കെ സൂരജ്-അനുപ്രിയ ദമ്പതികളാണ് തങ്ങളുടെ മകളെ ചികിത്സിച്ച ഡോക്ടറുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി നിയമ നടപടിക്കൊരുങ്ങുന്നത്.
ഡിസംബര്‍ 14നാണ് സൂരജ്, മകള്‍ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്തനംതിട്ട സെന്റ് ലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനകള്‍ക്ക് ശേഷം യൂറിനറി ഇന്‍ഫക്ഷന്‍ ആണെന്ന് പീഡിയാട്രീഷ്യന്‍ ഡോ. വത്സലാ ജോണ്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ നടത്തിയെങ്കിലും വേദനക്ക് യാതൊരു കുറവുമുണ്ടായില്ല. സ്‌കാനിങിന് വിധേയയാക്കണമെന്ന് പലവട്ടം ഡോക്ടറോട് ആവശ്യപ്പെട്ടെങ്കിലും കുട്ടിയെ കളിയാക്കാനും ഭീഷണിപ്പെടുത്തി ഭക്ഷണം കഴിപ്പിക്കാനുമാണ് ഡോക്ടര്‍ ശ്രമിച്ചതെന്ന് മാതാപിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വേദനക്ക് കുറവില്ലാത്തത് കാരണം നിര്‍ബന്ധത്തിന് വഴങ്ങി 19ന് കുട്ടിയെ സ്‌കാനിങിന് വിധേയയാക്കി. സ്‌കാനിങ് റിപ്പോര്‍ട്ട് തങ്ങളെ കാണിച്ചില്ല. അടിയന്തരമായി കുട്ടിയെ സര്‍ജറിക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു ഡോക്ടര്‍. ഇതേ തുടര്‍ന്ന് കുട്ടിയുടെ ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ഒടുവില്‍ നിര്‍ബന്ധത്തിനു വഴങ്ങി ഡിസ്ചാര്‍ജ് നല്‍കി. തുടര്‍ന്ന് കുട്ടിയെ തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുട്ടിക്ക് അപ്പന്‍ഡീസ് ആണെന്നും അത് പൊട്ടി ഗുരുതരമായ അവസ്ഥയിലാണെന്നും ഇന്‍ഫക്ഷന്‍ ഉണ്ടായിട്ടുണ്ടെന്നും കണ്ടെത്തി. ഉടനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു.
കുട്ടിയുടെ അസുഖം മൂര്‍ച്ഛിക്കാന്‍ ഇടയായത് സെന്റ് ലൂക്ക് ആശുപത്രി ഡോക്ടരുടെ അനാസ്ഥ മൂലമാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഇതിനു മുമ്പും ഇത്തരം നിരവധി സംഭവങ്ങള്‍ അവിടെ സംഭവിച്ചിട്ടുള്ളതായി സൂരജ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി, ഡി എം ഒ, കലക്ടര്‍, ജില്ലാ പോലീസ് മോധാവി, പത്തനംതിട്ട പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയതായും സൂരജ് അറിയിച്ചു. അഡ്വ. അരുണ്‍ദാസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.