Connect with us

prathivaram story

പലായനം

നിലാവും റാന്തലും അവർക്ക് വഴികാട്ടി. ഗ്രാമത്തിലെത്തുമ്പോൾ നേരം നന്നേ പുലർന്നിരുന്നു. ചാരുവും മാതുവും പിഞ്ഞി തുടങ്ങിയ പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി ഉറക്കമാണ്. തേനി അയാൾക്കൊപ്പം വഴിവക്കിലെ ഓലമേഞ്ഞ ചായപ്പീടികക്കരികിൽ ഇറങ്ങി.

Published

|

Last Updated

ണ്ണിയാശാന്റെ പാഠശാലയിൽ നിന്നും പാടവരമ്പിലൂടെ മടങ്ങിവരുമ്പോൾ ഓലമേഞ്ഞ പുരയുടെ മുറ്റത്ത് തന്നെ കാത്തിരിക്കുന്ന ചേച്ചിയെ കണ്ട് മാതു ചിരിയോടെ ദൂരെ നിന്ന് കൈവീശി കാണിച്ചു. ചേച്ചിയും തിരികെ കൈവീശുന്നത് കണ്ടവൻ പാടവരമ്പിലൂടെ വീട്ടിലേക്ക് ഓടി….
” അപ്പനും അമ്മയും വന്നില്ലേ ചേച്ചി… ‘

കിതപ്പോടെ ചാണകം മെഴുകിയ തിണ്ണയിലേക്ക് അവൻ പുസ്തക സഞ്ചി വലിച്ചെറിഞ്ഞിരുന്നു.
” തമ്പ്രാന്റെ ഇല്ലത്തു കൊയ്ത്തിന്റെ ദിവസല്ലേ… ഇമ്മിണി നേരം കഴിയും… ‘
ചാരു അരികിലിരുന്നവന്റെ പാഠപുസ്തകങ്ങൾ മറിച്ചുനോക്കി…
” ഇവിടെന്താ ചേച്ചി കഴിക്കാനുള്ളത്… വയറു കത്തിയിട്ട് വയ്യ… ‘
” മേലാകെ വിയർപ്പില്ലേ ഉണ്ണീ … രണ്ട് കോരി വെള്ളം തലയിലൊഴിച്ചു വെക്കം വാ… നല്ല ചക്കരക്കിഴങ്ങും നന്നാറി സർബത്തും അകത്തിരിപ്പുണ്ട്…’
അവൾ തോർത്തുമുണ്ട് അവന് നേരെ നീട്ടി. പോക്കുവെയിലിന്റെ നാളത്തിൽ അവളുടെ അരക്കൊപ്പമുള്ള മുടി കാറ്റിൽ തിളങ്ങിയാടി…
” ചേച്ചിയെ കാണാൻ മനയിലെ സുഭദ്ര തമ്പുരാട്ടിയെ പോലെയുണ്ട്… ചേച്ചി നോക്കിക്കോ ചേച്ചിയെ കെട്ടാൻ ഒരു കൊച്ചു തമ്പ്രാൻ തന്നെ വരും…’
“പോ ഉണ്ണി… പൊള്ള് പറയാതെ.. ‘

അവളവന് നേരെ ചിരിയോടെ കൈ ഓങ്ങിയതും ഉണ്ണി അവളോട് ഗോഷ്ടി കാണിച്ച് കിണറ്റിൻകരയിലേക്കോടി…
ചാരുവിനെ ആദ്യമായി സുന്ദരീന്ന് വിളിച്ചത് അച്ഛനും മുത്തശ്ശിയുമാണ്… കിട്ടുന്ന തുച്ഛമായ വേതനത്തിൽ നിന്നും കരിവളയും പുള്ളിയുടുപ്പും ചാന്തും വാങ്ങിയവളെ രാജകുമാരിയെ പോലെ ഒരുക്കാൻ അവർക്കെല്ലാം തിടുക്കമായിരുന്നു. ചാരു വളരുന്നതിനനുസരിച്ചവളുടെ സൗന്ദര്യവും പടർന്നുപന്തലിച്ചു.

അപ്പുറത്തെ ചിരുതയേടത്തിയാണ് ചാരുവിന്റെ അമ്മയ്ക്ക് ആദ്യം മുന്നറിയിപ്പ് നൽകിയത്..
” കൊച്ച് അതിസുന്ദരിയാ ട്ടോ… നിറോം വണ്ണും മേനിക്കൊഴുപ്പുമുള്ള പെൺകുട്ടികളെ തമ്പ്രാക്കന്മാർ പിഴപ്പിക്കും… ചാരുനെ അവരുടെ കണ്ണിലും കാതിലും പെടാതെ നോക്കിക്കോ…’
മുള്ളുവേലിക്കപ്പുറത്തുനിന്ന് അമ്മയെല്ലാം മൂളിക്കേട്ടു. പിന്നെ പിന്നെ ചാരുനെ ഉടുത്തൊരുങ്ങാനോ പുറത്തിറങ്ങാനോ അവരനുവദിക്കാറില്ല.

മണ്ണെണ്ണവിളക്കിന്റെ മഞ്ഞ വെട്ടത്തിനരികിലിരുന്നവൾ മാതുന് പാഠഭാഗങ്ങൾ ചൊല്ലിക്കൊടുക്കുമ്പോഴാണ് അച്ഛനും അമ്മയും പണി കഴിഞ്ഞു വന്നത്.തേയിലവെള്ളവും മധുരക്കിഴങ്ങും അവർക്ക് മുന്നിലവൾ ധൃതിയിൽ കൊണ്ടുവെച്ചു. അച്ഛന്റെ മുഖം ആകെ വല്ലാതായിട്ടുണ്ട്. അമ്മയാണേൽ മുണ്ടിൽ മൂക്ക് ചീറ്റിവിങ്ങിക്കരയുകയാണ്…
മാതുവും ചാരുവും എത്ര ചോദിച്ചിട്ടും രണ്ടുപേരും ഒന്നും പറഞ്ഞില്ല. നിലാവിലേക്ക് നോക്കി മുഷിഞ്ഞ വേഷം പോലും മാറാതെ പുറത്ത് തിണ്ണയിലൊരേയിരിപ്പാണ്.

അത്താഴത്തിന് വിളിച്ചിട്ടും അവർ വന്നില്ല. മുളക് ചമ്മന്തിയും കൂട്ടി നെല്ല് കുത്തരിയുടെ കഞ്ഞി മാതുവിനവൾ വയറു നിറച്ച് കോരിക്കൊടുത്തു. അവൻ കഴിച്ചു കഴിഞ്ഞ പാത്രത്തിൽ കുറച്ചു കഞ്ഞി പാർന്ന് അവളും കുടിച്ചു.

ചാരുവിന് പന്ത്രണ്ട് വയസ്സുള്ള അനിയൻ മാതു ഇന്നും ഒരു കൊച്ചു കുഞ്ഞാണ്. അവന്റെ മുഖമൊന്നു വാടിയാൽ പോലും ചാരുവിനന്ന് ഉറക്കം വരില്ല. അത്രയ്ക്കും ഇഷ്ടമാണ് രണ്ട് പേർക്കും തമ്മിൽ.

അകത്തെ ഇരുട്ടിൽ പായ വിരിച്ച് രണ്ടുപേരും കിടന്നു. എന്നത്തേയും പോലെ അന്നും ചാരു അവന് കഥ പറഞ്ഞുകൊടുത്തു. രാജകുമാരിയെ രാക്ഷസന്റെ കൈയിൽ നിന്നും രക്ഷിച്ച അനിയൻ രാജകുമാരന്റെ കഥയാണന്നവൾ പറഞ്ഞത്.

ആരോ കരയുന്ന ശബ്ദം കേട്ടാണ് മാതു ഉണർന്നത്. ഇരുട്ടിലൂടെ അവൻ ശബ്ദം ഉണ്ടാക്കാതെ ഉമ്മറത്തെ വാതിലിനരികിൽ ഒളിച്ചിരുന്ന് പുറത്തേക്ക് ചെവി കൂർപ്പിച്ചു.
ചേച്ചിയും അമ്മയും കരയുന്നു. അച്ഛനാണേൽ പുറത്തേക്ക് നോക്കിയിരിപ്പാണ്.

” എന്നെ രക്ഷിക്കണം അമ്മേ… നമുക്കിവിടെ നിന്ന് എവിടെയെങ്കിലും പോകാം…’
“കാലുപിടിച്ച് പറഞ്ഞു നോക്കി മോളെ തമ്പ്രാനോട്… അയാള് കേട്ടില്ല… ആരോ പറഞ്ഞതാണത്രെ പുലയന്റെ കുടിലിൽ പെണ്ണിരിപ്പുണ്ടെന്ന്…’
അമ്മ മുണ്ടിന്റെ കോന്തലയിൽ മൂക്ക് ചീറ്റി.
” ഒരു ഉശിരൻ കാളവണ്ടിയാ തമ്പ്രാൻ കൈനീട്ടം വച്ചത്…. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ഭഗവതി… ന്റെ മോളെ പിഴപ്പിക്കല്ലേ…’
അച്ഛന്റെ സ്വരത്തിലെ ദൈന്യത തേങ്ങലായി പുറത്തുവന്നു.
തമ്പ്രാൻ തന്റെ ചേച്ചിയെ ഉപദ്രവിക്കാൻ വരുന്നുണ്ടെന്ന് മാത്രം അവരുടെ സംസാരത്തിൽ നിന്നും മാതൂന് മനസ്സിലായി.
അവൻ പതിയെ ഉമറത്തേക്ക് ചെന്നു.
” അപ്പാ… ‘
വയലിൽ നിന്നും വന്ന പാതിരാ കാറ്റ് ഉമ്മറത്തിരിക്കുന്നവരുടെ നെടുവീർപ്പുമായി തിരികെ പോയി.
” മോൻ പോയി കിടന്നോ… ‘
അമ്മ അവന്റെ നെറുകയിൽ തലോടി.
” ഞാനെല്ലാം കേട്ടു. ഇന്ന് പള്ളിക്കൂടത്തിൽ നിന്നും ആശാൻ പറഞ്ഞിരുന്നു അടുത്തുള്ള ഗ്രാമത്തിലെല്ലാം ജന്മിഭരണം അവസാനിച്ചെന്ന്… ഏതോ രാജാവ് പടയോട്ടം നടത്തി ഭൂമിയെല്ലാം പിടിച്ചെടുത്തത്രെ. ഇപ്പൊ അവിടൊക്കെ എല്ലാരും തുല്യരായാണ് ജീവിക്കുന്നത് എന്നൊക്കെ ആശാൻ പറഞ്ഞു. നമുക്ക് അവിടേക്ക് പോയാലോ അച്ഛാ…’
കുറച്ചുനേരം കനത്ത നിശബ്ദത അവിടെ തളം കെട്ടിനിന്നു. പിന്നെ എന്തോ ആലോചിച്ചു അയാൾ എഴുന്നേറ്റു.
“തേനി….. ഉണ്ണി പറയുന്നതിലും കാര്യണ്ട്… എടുക്കാനുള്ളതെല്ലാം വേഗം എടുത്തോ… ഇവിടെ നിന്നും വെക്കം പുറപ്പെടാം…’
“അല്ല… ഇവൻ പറയുന്നതൊക്കെ സത്യാണോ എന്തോ…?’
തേനി സംശയത്തോടെ ഭർത്താവിനെ നോക്കി.
“ആണെടി… ഞാനും കുറച്ചുദിവസമായി ഇതൊക്കെ കേൾക്കുന്നുണ്ട്… ഏതായാലും തമ്പ്രാൻ തന്ന വണ്ടി ഉണ്ടല്ലോ… ചുരുളൻകാട് വഴി പോയാൽ നേരം വെളുക്കും മുന്നേ സ്ഥലത്തെത്താം… വേഗം നോക്ക് തമ്പ്രാൻ വരുന്നതിനു മുമ്പേ ഇവിടെ നിന്നും പോണം…’
“അയാൾ ഇപ്പോ വന്നാലോ അപ്പാ…’
ചാരു ഉൾക്കിടിലത്തോടെ മാതുനെ ചുറ്റിപ്പിടിച്ചു. ആ തണുപ്പിലും അവളുടെ മേനി വിയർത്തിയിരുന്നു.

” ഇല്ല മോളെ… മനയിലുള്ളവരെല്ലാം ഉറങ്ങിയിട്ടെ അയാൾ പുറത്തിറങ്ങു…’
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ചട്ടിയും കലവും വിരിപ്പും അങ്ങനെ ആവശ്യമുള്ളതെല്ലാം എടുത്തവർ കാളവണ്ടിയിൽ വെച്ചു. എല്ലാവരും ഭഗവതിയെ ധ്യാനിച്ച് പുറത്തിറങ്ങി.
കോരൻ ഒരു തീപ്പെട്ടി കൊള്ളി ഉരസി കുടിലിനു തീ കൊളുത്തി.
പുതുതായി മേഞ്ഞ കുടിൽ കാറ്റിൽ പുകഞ്ഞു ആളികത്തുമ്പോഴേക്കും അവർ കാട്ടിലേക്ക് കടന്നിരുന്നു.

നിലാവും റാന്തലും അവർക്ക് വഴികാട്ടി. ഗ്രാമത്തിലെത്തുമ്പോൾ നേരം നന്നേ പുലർന്നിരുന്നു. ചാരുവും മാതുവും പിഞ്ഞി തുടങ്ങിയ പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി ഉറക്കമാണ്. തേനി അയാൾക്കൊപ്പം വഴിവക്കിലെ ഓലമേഞ്ഞ ചായപ്പീടികക്കരികിൽ ഇറങ്ങി.
“എവിടുന്നാ…. മുമ്പ് കണ്ട പരിചയല്ല്യ…’

മൺഗ്ലാസിൽ ചൂടുള്ള ചായ പകരവേ കടക്കാരൻ അവരെ നോക്കി ചിരിച്ചു.
“കുറച്ചു ദൂരെന്ന്… ഇവിടത്തെ തമ്പ്രാനെ കാണാനെന്താ വഴി…’
” ഞാനും കൂടെ വരാം… നിങ്ങളാദ്യം ചായ കുടിക്ക്…’
അയാൾ രണ്ട് കഷണം ഏത്തക്ക പുഴുങ്ങിയതും അവർക്ക് നേരെ നീട്ടി.

ചെത്തിപ്പൂ നിറമുള്ള സാരിയിൽ ചാരു അതീവ സുന്ദരിയായിരുന്നു. അമ്പലക്കുളത്തിൽ നിന്നും പറിച്ചു കൊണ്ടുവന്ന നീലാമ്പൽ മാതു അവൾക്ക് നേരെ നീട്ടി. അണിയിച്ചൊരുക്കുന്ന പെണ്ണുങ്ങൾ അത് അവളുടെ മുടിയിൽ ചൂടി.

” ചേച്ചി…’
അവൻ അവളുടെ കാതിൽ പതിയെ വിളിച്ചു.
” എന്താ ഉണ്ണി… ചേച്ചി കുറച്ചു കഴിഞ്ഞാൽ പോവും… നീയെന്നെ കാണാൻ വരുവോ പിന്നെ…’
ചാരു അവന്റെ താടിത്തുമ്പിൽ അരുമയോടെ തൊട്ടു.
” ഒഴിവ് കിട്ടുമ്പോഴെല്ലാം ഞാൻ വരാം ചേച്ചി… ഞാൻ പണ്ട് പറഞ്ഞത് ചേച്ചിക്ക് ഓർമയുണ്ടോ… ചേച്ചിയെ ഒരു കൊച്ചുതമ്പുരാൻ തന്നെ കെട്ടുമെന്ന്… ഇപ്പൊ എന്തായി… ഞാൻ പറഞ്ഞത് ശരിയായില്ലേ…’

അവളെ നോക്കി ചിരിയോടെ പുരികം പൊക്കി അവൻ പുറത്തേക്കോടി.ചാരുവിന്റെ മനസ്സിൽ പഴയ കാര്യങ്ങൾ മിന്നിമറിഞ്ഞു. ഈ നാട്ടിലേക്കുള്ള ഒളിച്ചോട്ടവും നാടുവാഴി സംരക്ഷണം തന്നതും ഇന്നിപ്പോ അദ്ദേഹത്തിന്റെ മകന് തന്നോടുള്ള ഇഷ്ടം വിവാഹത്തിലെത്തിയതും എല്ലാമോർത്തവൾ സംതൃപ്തിയോടെ പുഞ്ചിരിച്ചു.

മീനവയൽ നാട്ടുകാർക്ക് ഇന്നും കോരന്റെയും കുടുംബത്തിന്റെയും തിരോധാനം അജ്ഞാതമാണ്. കുറച്ചുനാളൊക്കെ പൊടിപ്പും തെങ്ങലും വെച്ച് ആളുകൾ പലതും പറഞ്ഞുണ്ടാക്കി…. പതിയെ ആ സ്ഥലത്തും പുതിയ കുടില് പൊങ്ങി… വീണ്ടും ഏതോ പുലയ കുടുംബം അവിടെ താമസമാക്കി….

നാളെ അവിടെയും ഒരു പെൺകുട്ടി തന്റെ മാനം രക്ഷിക്കാൻ കുടുംബമൊത്ത് പാലായനം ചെയ്യേണ്ടി വരുമോ എന്തോ…

Latest