Connect with us

Kerala

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ളാഹ എസ്റ്റേറ്റില്‍ ടാപ്പിങ് നടത്തുകയായിരുന്ന വനിതാ തൊഴിലാളിയുടെ കണ്‍മുമ്പില്‍ കടുവ

പ്രദേശത്ത് കഴിഞ്ഞദിവസം പശുക്കുട്ടിയെ കടുവ പിടിച്ച നിലയില്‍ കണ്ടിരുന്നു.

Published

|

Last Updated

റാന്നി |ളാഹ എസ്റ്റേറ്റില്‍ ടാപ്പിങ് നടത്തുകയായിരുന്ന വനിതാ തൊഴിലാളിയുടെ കണ്‍മുമ്പില്‍ കടുവ.യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ളാഹ ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ ശോഭനയാണ് കടുവയുടെ മുമ്പില്‍പെട്ടത്.

ഇന്നലെ പുലര്‍ച്ചെ എസ്റ്റേറ്റിന്റെ പുതുക്കട ഭാഗത്ത് ടാപ്പിങ് നടത്തുന്നതിനിടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ കടുവ തന്റെ നേരെ നടന്നു വരികയായിരുന്നുവെന്നു ശോഭന പറഞ്ഞു.യുവതി ബഹളം വച്ച് ഓടി സ്വകാര്യ ക്രഷറിലേക്കുള്ള റോഡില്‍ കയറി രക്ഷപെടുകയായിരുന്നു.എസ്റ്റേറ്റില്‍ കടുവയെ കണ്ടതോടെ ആളുകള്‍ കൂടുതല്‍ ഭീതിയിലായി. നൂറുകണക്കിന് തോട്ടം തൊഴിലാളികളാണ് ളാഹ എസ്റ്റേറ്റില്‍ വെളുപ്പിനെ ടാപ്പിങിനു പോകുന്നത്. ശബരിമല വനമേഖലയോടു ചേര്‍ന്ന് ഏറെ ജനവാസമുള്ള പ്രദേശങ്ങളാണ് ളാഹ, പുതുക്കട ഭാഗങ്ങള്‍.

പ്രദേശത്ത് കഴിഞ്ഞദിവസം പശുക്കുട്ടിയെ കടുവ പിടിച്ച നിലയില്‍ കണ്ടിരുന്നു. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് ലയത്തിനു സമീപം കടുവ ഇറങ്ങി പശുക്കുട്ടിയെ ആക്രമിച്ചത്. ആളുകള്‍ കൂടി നില്‍ക്കുമ്പോള്‍  കടുവ വീണ്ടും എത്തി പശുക്കുട്ടിയുടെ ജഡം എടുത്തുകൊണ്ടുപോയി.

എസ്റ്റേറ്റിന്റെ പുതുക്കട മേഖലയില്‍ കടുവയുടെ സാന്നിധ്യം നിരന്തരം ഉണ്ടായ സാഹചര്യത്തില്‍ ഇവിടെ കൂട് വയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായണ്‍ എം എല്‍ എ മന്ത്രി എ കെ ശശീന്ദ്രനോട് അഭ്യര്‍ഥിച്ചു. അതോടൊപ്പം വനം വകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കി. കഴിഞ്ഞദിവസം കടുവയെ നിരീക്ഷിക്കാനായി വനം വകുപ്പ് കാമറ സ്ഥാപിച്ചിരുന്നു. ജനങ്ങളുടെ ഭീതി അകറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റാന്നി ഡി എഫ് ഒ യോടും എം എല്‍ എ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest