Kerala
അകമ്പടി പോലീസിന് ഒരു കോടി ചിലവ്; മഅ്ദനിയുടെ മടക്ക യാത്ര അനിശ്ചിതത്വത്തിൽ
20 പോലീസുകാരുടെ ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ചിലവുകള്‍ മഅ്ദനി വഹിക്കണമെന്നാണ് കർണാകട പോലീസ് അറിയിച്ചത്.
ബെംഗളൂരു | സുപ്രീം കോടതിയില്‍ നിന്ന് ജാമ്യ ഇളവ് ലഭിച്ചിട്ടും നാട്ടിലെത്താനാകാതെ അബ്ദുന്നാസര്‍ മഅ്ദനി. കേരളത്തിലേക്കുള്ള യാത്രയില്‍ മഅ്ദനിക്ക് സുരക്ഷയൊരുക്കാനായി അനുഗമിക്കുന്ന 20 പോലീസുകാര്‍ക്കുള്ള ശമ്പളമായി 60 ലക്ഷം രൂപ ചിലവ് വരും. ശമ്പളത്തിന് പുറമെ പോലീസുകാരുടെ താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ചിലവുകള്‍ കൂടി മഅ്ദനി വഹിക്കേണ്ടതുണ്ടെന്നാണ് ഇന്ന് ലഭിച്ച അറിയിപ്പില്‍ വ്യക്തമാക്കുന്നത്.
അതോടെ, പോലീസുകാര്‍ക്കായുള്ള ചിലവ് ഒരു കോടിയിലപ്പുറമാകും. ഈ സാഹചര്യത്തിൽ യാത്ര തന്നെ വേണ്ടെന്നു വെക്കേണ്ടിവരുന്ന അവസ്ഥയിലാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി ശബ്ദ സന്ദേഷത്തില്‍ അറിയിച്ചു.
ഇതുകൂടാതെ നിരവധി തടസ്സങ്ങളാണ് കര്‍ണാടക പോലീസ് ഉയര്‍ത്തുന്നത്. തന്നെ കാണാന്‍ വരുന്ന ഓരോരുത്തരുടെയും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധങ്ങളായ രേഖകളാണ് പോലീസ് ആവശ്യപ്പെടുന്നത്. അൻവാർശേരിക്ക് പുറത്ത് ആശുപത്രിയില്‍ പോലും പോകാന്‍ അനുവാദം ഉണ്ടായിരിക്കില്ലെന്നത് നിരവധി രോഗങ്ങളുടെ പിടിയില്‍ കഴിയുന്ന മഅ്ദനിക്ക് അസാധ്യമാണ്.
ഈ സമയത്ത് നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് നിയമവിദഗ്ധരുമായി കൂടിയാലോചിക്കുകയാണെന്നും ഇതുവരെ നിയമപരമായി മാത്രമാണ് താന്‍ ഇടപെട്ടതെന്നും ഇനിയും അങ്ങനെത്തന്നെ ആയിരിക്കുമെന്നും മഅ്ദനി ശബ്ദസന്ദേശത്തില്‍ പറഞ്ഞു.