Ramzan
ലജ്ജാവതിയായ മോൾക്ക് ഇത്താന്റെ പ്രോത്സാഹനം
മോശമായ കാര്യങ്ങൾ ഒഴിവാക്കാനുള്ള മനസ്സിന്റെ പ്രേരണയിൽ നിന്നാണ് ലജ്ജയുണ്ടാവുന്നത്. ഇത് മനുഷ്യന് നന്മ മാത്രമേ എത്തിക്കുകയുള്ളൂവെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ലജ്ജ പല തരത്തിലുണ്ട്.
അവൾ കൂട്ടുകാരിയുടെ കല്യാണത്തിന് പോയതാണ്. ഭക്ഷണം കഴിച്ച് കൈ കഴുകി വിശ്രമിക്കാനിരിക്കുന്ന സ്ഥലത്തെത്തി. അവിടെ ടേബിളിൽ പഴങ്ങളും പലഹാരങ്ങളും മുറിച്ച് നിരത്തി വെച്ചിരിക്കുന്നു. ആർക്കും യഥേഷ്ടം കഴിക്കാം. പക്ഷേ, അതിന് ചുറ്റും കുട്ടികളും മുതിർന്നവരും തിക്കും തിരക്കും കൂട്ടി കൊത്തിപ്പറിച്ച് തിന്നുകയാണ്. അവൾ തിക്കിനും തിരക്കിനും നിൽക്കാതെ ഒരിടത്തിരുന്നു. കുട്ടിയുടെ മാന്യമായ പെരുമാറ്റം കണ്ട ഒരു ഇത്ത അവൾക്ക് കഴിക്കാനുള്ളത് ഒരു പാത്രത്തിലെടുത്ത് കൊണ്ടുവന്ന് കൈയിൽ കൊടുത്തു. ഇത്ത പറഞ്ഞു “മോളിത് കഴിച്ചോ. അവിടെ നല്ല തിരക്കാ. വന്നവരാരും ഒഴിഞ്ഞുപോണത് കാണുന്നില്ല. സാധനം തീർന്നാലേ തിരക്ക് തീരൂ.’
മോശമായ കാര്യങ്ങൾ ഒഴിവാക്കാനുള്ള മനസ്സിന്റെ പ്രേരണയിൽ നിന്നാണ് ലജ്ജയുണ്ടാവുന്നത്. ഇത് മനുഷ്യന് നന്മ മാത്രമേ എത്തിക്കുകയുള്ളൂവെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
ലജ്ജ പല തരത്തിലുണ്ട്. അല്ലാഹുവിനെ തൊട്ടും മലക്കുകളെ തൊട്ടും ലജ്ജിക്കൽ ഇതിൽപ്പെട്ടതാണ്. ഏകാന്ത അവസ്ഥയിലും വിജനതയിലും ആരും നമ്മെ ശ്രദ്ധിക്കാനുണ്ടാവില്ല. എന്നാൽ പോലും അല്ലാഹുവും നിരീക്ഷണ ചുമതലയുള്ള മലക്കുകളും നമ്മെ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരം സന്ദർഭത്തിൽ നിഷിദ്ധങ്ങൾ പ്രവർത്തിക്കുന്നതിൽ ലജ്ജ വേണം. സ്വന്തം ശരീരത്തോടും മനുഷ്യരോടും ലജ്ജിക്കൽ മറ്റൊന്നാണ്.
ചില പ്രവർത്തനങ്ങൾ സ്വന്തമായി നേട്ടമുണ്ടാക്കാവുന്നതും ഗുണകരവുമാണെങ്കിലും മാന്യമായതാവണമെന്നില്ല. മാന്യമല്ലാത്ത പ്രവർത്തനങ്ങളും സംസാരങ്ങളും പാടെ ഒഴിവാക്കണം. സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളും ഉപമകളും ഉദാഹരണങ്ങളും ശ്രദ്ധിക്കണം. അഭിമുഖീകരിക്കുന്നവർക്ക് സങ്കോചമുണ്ടാകുന്ന വിധം സംസാരിക്കരുത്.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശ്വാസവും ലജ്ജയും ഇഴപിരിഞ്ഞു നിൽക്കുന്ന ഒന്നാണ്. ഹാകിം റിപോർട്ട് ചെയ്ത ഹദീസിൽ കാണാം. “വിശ്വാസവും ലജ്ജയും ഒരുമിച്ച് ചേർത്തുവെച്ചവയാണ്. അതിൽ നിന്ന് ഒന്ന് വർധിക്കുന്നുവെങ്കിൽ രണ്ടാമത്തേതും വർധിക്കും.’
വിശ്വാസ ശാഖകൾ വിശദീകരിക്കുന്നിടത്ത് നബി (സ) പഠിപ്പിച്ചത് വിശ്വാസത്തിന് എഴുപതിചില്ലാനം ശാഖകളുണ്ടെന്നാണ്. അതിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ളത് “ലാഇലാഹ ഇല്ലല്ലാഹ്’ എന്നതും ഏറ്റവും താഴെയുള്ളത് വഴിയിലെ തടസ്സം നീക്കലുമാണ്. ലജ്ജ ഈമാനിന്റെ ശാഖയിൽപ്പെട്ടതാണ്. (ബുഖാരി).