ETHIOPIA
നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടെന്ന് എത്യോപ്യ; ടിഗ്രൈ സേന കംബോൽച പിടിച്ചു
ടിഗ്രൈയുടെ മുന്നേറ്റത്തിൽ ആശങ്കയറിയിച്ച് അമേരിക്ക രംഗത്തെത്തിയതിന് പിന്നാലെയാണ് സുപ്രധാന നഗരമായ കംബോൽച സായുധ സംഘം പിടിച്ചെടുത്തതും ഇവിടെ കൂട്ടക്കുരുതി നടന്നുവെന്ന സൈന്യത്തിന്റെ ആരോപണവും ഉയരുന്നത്

ആഡിസ് അബാബ | ടിഗ്രൈയിലെ സായുധ സേന പിടിച്ചെടുത്ത കംബോൽച നഗരത്തിൽ നൂറിലധികം യുവാക്കൾ കൊല്ലപ്പെട്ടെന്ന് എത്യോപ്യൻ സൈന്യം. ടിഗ്രൈയുടെ മുന്നേറ്റത്തിൽ ആശങ്കയറിയിച്ച് അമേരിക്ക രംഗത്തെത്തിയതിന് പിന്നാലെയാണ് സുപ്രധാന നഗരമായ കംബോൽച സായുധ സംഘം പിടിച്ചെടുത്തതും ഇവിടെ കൂട്ടക്കുരുതി നടന്നുവെന്ന സൈന്യത്തിന്റെ ആരോപണവും ഉയരുന്നത്. കംബോൽചയിലെ കൂട്ടക്കുരുതി ആരോപണത്തെ കുറിച്ച് ഇതുവരെ ടിഗ്രൈ സൈന്യമായ ടി പി എൽ എഫ് പ്രതികരിച്ചിട്ടില്ല.
സാധാരണക്കാർ കൊല്ലപ്പെട്ടു
ഞായറാഴ്ച രാത്രിയാണ് ടി പി എൽ എഫ് അംഹാര പ്രവിശ്യയിലെ സുപ്രധാന നഗരം പിടിക്കാനെത്തിയത്. സൈന്യവുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് സാധാരണക്കാരായ നൂറിലധികമാളുകളെ കൊലപ്പെടുത്തിയതെന്ന് സർക്കാർ ആരോപിച്ചു. അതേസമയം, കംബോൽച നഗരം പിടിച്ചെടുത്തുവെന്ന ടി പി എൽ എഫിന്റെ അവകാശ വാദം അംഗീകരിച്ചുകൊടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്ന് 380 കിലോമീറ്റർ അകലെയുള്ള നഗരമാണ് കംബോൽച.
ഞായറാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ ഇന്നലെ രാവിലെയും തുടർന്നു. സാധാരണക്കാർ വ്യക്തമാക്കി. ഞായറാഴ്ച അർധരാത്രിയോടെ വ്യോമാക്രണവും ശക്തമായിരുന്നു. അതേസമയം, സൈന്യവും ടി പി എൽ എഫും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണോ സാധാരണക്കാർ കൊല്ലപ്പെട്ടതെന്നും സംശയുമുണ്ട്. ടി പി എൽ എഫിന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് എത്യോപ്യൻ സർക്കാർ ആവശ്യപ്പെട്ടു.
ടി പി എൽ എഫ് മുന്നേറ്റം
എത്യോപൻ സർക്കാറിനെതിരെ ടി പി എൽ എഫ് നടത്തുന്ന ഏറ്റവും ശക്തമായ മുന്നേറ്റമാണ് കംബോൽചയിൽ നടന്നത്. പ്രവിശ്യയിലെ ഏറ്റവും സുപ്രധാന നഗരം എന്ന നിലയിൽ ടി പി എൽ എഫിന്റെ വിജയം എത്യോപ്യൻ സൈന്യത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. കനത്ത ആക്രമണത്തോടെയല്ലാതെ ടിഗ്രൈ സൈന്യത്തെ തുരത്താൻ സാധിക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ടിഗ്രൈയിൽ രണ്ടാഴ്ചയായി സൈന്യം വ്യോമാക്രമണമടക്കമുള്ള നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ടി പി എൽ എഫിന്റെ ആയുധ ശേഖരങ്ങളും മറ്റും തകർത്തുവെന്ന് സർക്കാർ അവകാശപ്പെട്ടപ്പോൾ സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നായിരുന്നു ടിഗ്രൈ സായുധ സേന ആരോപിച്ചത്. എന്നാൽ, ഇതിനിടെ സൈന്യത്തെ ഞെട്ടിച്ചുകൊണ്ടാണ് അംഹാര പിടിച്ചെടുക്കാൻ മുന്നേറ്റം നടന്നത്. ടിഗ്രൈയുടെ അവകാശവാദവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ വർഷം സൈന്യം സായുധ സംഘത്തിനെതിരെ ആക്രമണം നടത്തിയത്. ഇത് ഇരുവരും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. അംഹാര മേഖല പിടിച്ചെടുക്കാനായാൽ ടി പി എൽ എഫിന് തലസ്ഥാനമായ എത്യോപ്യയിലേക്കുള്ള കടന്നുകയറ്റം എളുപ്പമാകും.
വിമതർക്കെതിരെ പൊരുതാൻ ആഹ്വാനം
ആഡിസ് അബാബ | സുപ്രധാന നഗരങ്ങൾ പിടിച്ചെടുത്ത് ശക്തമായ വെല്ലുവിളി ഉയർത്തുന്ന ടി പി എൽ എഫിനെതിരെ പോരാട്ടം ശക്തമാക്കാൻ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹ്‌മദ് വീണ്ടും ആഹ്വാനം ചെയ്തു.
വിമതർക്കെതിരെ ആയുധമെടുക്കാനും രാജ്യത്തെ സംരക്ഷിക്കാനുമാണ് ഫേസ്ബുക്കിലൂടെ അബി ജനങ്ങളോട് അഭ്യർഥിച്ചത്. ടി പി എൽ എഫ് മുന്നേറ്റത്തിന് പിന്നാലെ അംഹാരയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും യുദ്ധ മുന്നേറ്റത്തിൽ പങ്കാളിയാകാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധത്തിന് തയ്യാറാകണമെന്നാണ് മുന്നറിയിപ്പ്.